Saturday 15 December 2018 01:01 PM IST : By സ്വന്തം ലേഖകൻ

‘അവരുടെ കെമിസ്ട്രി തിളങ്ങട്ടെ, ബയോളജി നല്ല ഫലം നൽകട്ടെ’; കെമിസ്ട്രി കല്യാണക്കുറിക്ക് തരൂരിന്റെ മാസ് മറുപടി

letter

വിവാഹമാണ്...ജീവിതത്തിലെ ഏറ്റവും അസുലഭമായ മുഹൂർത്തമാണ്. അതിൽ ഒരു ജാതി കോമ്പ്രമൈസിനും പുതുതലമുറ ഒരുക്കമല്ല. കല്യാണക്കുറിമാനത്തിൽ തുടങ്ങി ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു വരെയുള്ള വിവാഹഘോഷങ്ങളിൽ വെറൈറ്റിയോട് വെറൈറ്റി കണ്ടെത്താനാണ് പുതുതലമുറയ്ക്ക് താത്പര്യം. വെള്ളത്തിനടിയിലെ ക്ലിക്കം വവ്വാല്‍ ക്ലിക്കും ഒക്കെയായി കല്യാണ ആഘോഷം പൊടിപൂരം തന്നെ.

വേറിട്ട പരീക്ഷണങ്ങളുടെ കാലത്ത് ഒരു കെമിസ്ട്രി ടീച്ചർ കല്യാണക്കുറി അച്ചടിച്ചാൽ എങ്ങനെയിരിക്കും. ആ വെറൈറ്റി കല്യാണക്കുറിമാനം സോഷ്യൽ മീഡിയ ഭാവനയിൽ കാണും മുന്നേപങ്കുവച്ചിരിക്കുകയാണ് സാക്ഷാൽ ശശിതരൂർ എംപി. രസതന്ത്രഭാഷയിലുള്ള വിവാഹ ക്ഷണക്കത്ത് പങ്കുവച്ച് ശശി തരൂർ പങ്കുവച്ചതോടെ സോഷ്യൽ മീ‍ഡിയയിൽ ലൈക്കോടു ലൈക്കാണ്. ഒരു ‘കെമിസ്ട്രി ടീച്ചറുടെ വിവാഹ ക്ഷണക്കത്ത്’ എന്ന തലക്കെട്ടോടെ ആശുസയ്ക്കൊപ്പം ശശിതരൂർ പങ്കുവയ്ക്കുകയായിരുന്ന.

ഈ ക്ഷണക്കത്തിന്റെ വലതുഭാഗത്ത് വധുവിന്റെയും വരന്റെയും പേര് ഒരു ഡയഗ്രമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രസതന്ത്രത്തിൽ മൂലകങ്ങളുടെ പേര് സൂചിപ്പിക്കുന്നതു പോലെ രണ്ട് അക്ഷരങ്ങളിൽ ചുരുക്കി എഴുതിയിരിക്കുന്നു. ഇതിനിടയിൽ പൂർണനാമം. അതിനു താഴെയുള്ള കുറിപ്പിൽ തന്മാത്രകളായ ഇരുവരും മാതാപിതാക്കളുടെ പ്രരണാശക്തിയിൽ ഒന്നിച്ചു മൂലകളാവുകയാണെന്നു പറയുന്നു. വിവാഹത്തിനെ ‘റിയാക്ഷൻ’ എന്നും വേദിയെ ‘ലബോറട്ടറി’ എന്നുമാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 

കത്ത് പങ്കുവച്ച് ശശി തരൂരിന്റെ വാക്കുകൾ ഇങ്ങനെ, ‘‘സന്തുഷ്ടമായ ദാമ്പത്യജീവിതത്തിനുവേണ്ടി എല്ലാ ആശംസകളും നേരുന്നു. അവർ തമ്മിലുള്ള കെമിസ്ട്രി എപ്പോഴും മിന്നിത്തിളങ്ങട്ടേ, അവരുടെ ഫിസിക്സ് കൂടുതൽ ഊഷ്മളമാകട്ടേ, ബയോളജി സമ്പന്നമായ ഫലം നൽകട്ടേ’’ തരൂർ ട്വിറ്ററിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരുന്ന ഈ ക്ഷണക്കത്ത് തരൂരിന്റെ മണ്ഡലത്തിൽ നിന്നുള്ളതാണെന്നു സൂചിപ്പിച്ച് ഒരാൾ ട്വിറ്ററിൽ ടാഗ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കത്ത് തരൂരിന്റെ ശ്രദ്ധയിൽപ്പെട്ടത്.