Friday 15 November 2019 06:20 PM IST

68 ഭാവത്തിലുള്ള ശിവരൂപങ്ങൾ, 108 ശിവലിംഗങ്ങൾ, ഏറ്റവും മുകളിൽ കൈലാസം! ചെങ്കൽ ശിവപാർവതി ക്ഷേത്രത്തിലെ വിസ്മയക്കാഴ്ചയ്ക്കു പിന്നിൽ ഈ കൈകൾ

Priyadharsini Priya

Sub Editor

sanoj-deva1

നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള ചെങ്കൽ ശിവപാർവതി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മഹാശിവലിംഗം വിശ്വാസത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ ഭക്തരെ ആറാടിക്കുന്ന നിർമ്മാണ വിസ്മയം. 111.2 അടി ഉയരമുള്ള ശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നായി റെക്കോർഡ് പുസ്തകങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു. എട്ടു നിലകളിലായി തീർത്ത ശിവലിംഗത്തിനുള്ളിൽ ഭഗവാന്റെ വിസ്മയ കാഴ്ചകൾ. 68 ഭാവത്തിലുള്ള ശിവരൂപങ്ങൾ, 108 ശിവലിംഗങ്ങൾ, ഏറ്റവും മുകളിലത്തെ നിലയിൽ കൈലാസം തന്നെ പുനർ സൃഷ്ടിച്ചിരിക്കുന്നു. തണുപ്പ്, കൃത്രിമമായി സൃഷ്‌ടിച്ച ഹിമപാളികൾ, മനോഹാരിത നിറച്ച ശിവ പാർവതി ശിൽപം... എല്ലാംകൊണ്ടും ഭക്തർക്ക് കൈലാസത്തിലെത്തിയ അനുഭൂതി.

ഒറിജിനലിനെ വെല്ലുന്ന രീതിയിൽ കൈലാസം ഒരുക്കിയത് കോട്ടയം കടപ്പൂർ സ്വദേശിയായ മുപ്പത്തിയൊമ്പതുകാരൻ സനോജാണ്‌. ദേവശില്പി എന്നറിയപ്പെടുന്ന സനോജിന്റെ വിരലുകളുടെ മന്ത്രികതയിൽ ഒരുങ്ങിയ ദേവീദേവ ശില്പങ്ങളെല്ലാം തന്നെ ലക്ഷണമൊത്തവയാണ്. ഒരു നിമിത്തമായി സനോജിന്റെ കൈകളിൽ എത്തിചേർന്നതാണ് ‘കൈലാസ’മെന്ന മഹാഭാഗ്യം. മഹാ ശിവലിംഗത്തിനകത്തെ കൈലാസ നിർമ്മിതിയെപ്പറ്റിയുള്ള കഥ സനോജ് വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.  

sanoj-deva5

"ഞങ്ങൾ ആറോളം ആർട്ടിസ്റ്റുകൾ ചേർന്നാണ് ചെങ്കൽ മഹാ ശിവലിംഗത്തിനകത്തെ ശില്പങ്ങളുടെ പണി തുടങ്ങിയത്. കൈലാസത്തിന്റെ നിർമാണ ചുമതല മറ്റൊരു ആർട്ടിസ്റ്റിനായിരുന്നു. പണികൾ പുരോഗമിക്കുന്നതിനിടയിൽ ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അദ്ദേഹം കൈലാസത്തിന്റെ ചുമതലയിൽ നിന്ന് പിന്മാറി. അതിനുശേഷം ആ ജോലി ഏറ്റെടുത്തു പൂർത്തിയാക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. 

കൈലാസത്തിൽ സ്ഥാപിച്ചിട്ടുള്ള ശിവ- പാർവതി ശിൽപം തന്നെയാണ് അതിൽ പ്രധാനം. ഒരല്പം ശ്രമപ്പെട്ട ജോലി കൃത്യസമയത്തു തന്നെ പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു. എല്ലാം ഭഗവാന്റെ അനുഗ്രഹം. ജോലി പൂർത്തിയാക്കിയ ശേഷം ഒരുപാട് പേർ വിളിച്ചു അഭിനന്ദിച്ചു. ശിവലിംഗത്തിനകത്ത് തന്നെ പതിനഞ്ചോളം ശില്പങ്ങൾ ഞാൻ ചെയ്തതാണ്. ശില്പകലയോടുള്ള ഇഷ്ടം മൂലം ചെറിയ പ്രായത്തിൽ തന്നെ ഞാനീ മേഖലയിൽ എത്തിപ്പെട്ടതാണ്. മുതിർന്നപ്പോഴും ഈ വഴിയേ സഞ്ചരിക്കാനായിരുന്നു ഇഷ്ടം. 

sanoj-deva2

2004 ൽ തൃപ്പൂണിത്തുറ ആർഎൽവി ഫൈനാർട്സ് കോളജിൽ നിന്ന് ശിൽപ്പകല പാസായി. പിന്നീടങ്ങോട്ട് അതെന്റെ ജീവിത മാർഗ്ഗമായി. അഞ്ഞൂറിൽ കൂടുതൽ ശിൽപ്പങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിൽ കൂടുതലും ദൈവങ്ങളുടെ രൂപം തന്നെയാണ്. ക്ഷേത്രങ്ങളിൽ മാത്രമല്ല, ഹോട്ടലുകളിലും റിസോർട്ടുകളിലുമൊക്കെ ശില്പങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. എല്ലാ ജോലിയും തൃപ്തി തന്നെയാണ്. ഇതുമാത്രമേ ഞാൻ ചെയ്യൂ എന്ന നിർബന്ധമൊന്നുമില്ല. സിനിമകളിലും കലാസംവിധാന സഹായിയായി ജോലി ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഉടയോൻ, ട്വന്റി ട്വന്റി, നരൻ, ലയൺ, പോത്തൻവാവ, രസികൻ, സ്പീഡ് ട്രാക്ക് എന്നീ ചിത്രങ്ങളിൽ ജോലി ചെയ്തു.

തിരുവനന്തപുരത്ത് നിരവധി ശില്പങ്ങൾ ചെയ്തിട്ടുണ്ട്. ശംഖുമുഖം ദേവീ ക്ഷേത്രത്തിലെ 15 അടി ഉയരത്തിലുള്ള സിംഹവാഹിനിയായ ദേവി, മുഖമണ്ഡപത്തിലെ ദേവരൂപങ്ങൾ, ചെങ്കൽ സായി കൃഷ്ണ സ്‌കൂൾ അങ്കണത്തിലെ വാത്മീകി മഹർഷി, പശുവും കിടാവും അങ്ങനെ കയ്യൊപ്പ് പതിഞ്ഞ സൃഷ്ടികൾ നിരവധി. ദേവീ-ദേവന്മാരുടെ ശിൽപം ചെയ്യുമ്പോൾ ദിവസങ്ങളോളം വ്രതം അനുഷ്ഠിക്കാറുണ്ട്. ക്ഷേത്രങ്ങളിൽ തന്നെയായിരിക്കും പണിപ്പുരയും. ദേവശില്പി എന്ന പേര് ലഭിച്ചതും അങ്ങനെയാണ്. ആളുകൾ അങ്ങനെ വിളിക്കുമ്പോൾ ഒരു പ്രത്യേക സന്തോഷം. ഇനിയും ഒരുപാട് വിഗ്രഹങ്ങൾ ചെയ്യണം. ഒപ്പം മനസ്സിൽ നടക്കാതെ കിടക്കുന്ന ഒരാഗ്രഹമുണ്ട്, യേശുക്രിസ്തുവിന്റെ വലിയൊരു രൂപം എന്റെ കൈകൊണ്ട് നിർമ്മിക്കണം. വിധി എന്നെ അതിനും അനുഗ്രഹിക്കും."- സനോജ് പറയുന്നു.

sanoj-deva3
Tags:
  • Spotlight
  • Vanitha Exclusive