Tuesday 11 December 2018 03:32 PM IST : By സ്വന്തം ലേഖകൻ

ചിക്കൻപോക്‌സ്‌ വന്നാൽ കുളിക്കരുതെന്ന്‌ കേട്ടിട്ടുണ്ടോ? ഈ ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ...

Chicken-pox-1024 Credit: Google Images

കാലങ്ങൾ പഴക്കമുള്ള ഒരു രോഗമാണ് ചിക്കൻപോക്സ്. എന്നാൽ ഈ നൂറ്റാണ്ടിലും എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാണ് ചിക്കൻപോക്‌സിനെ സംബന്ധിച്ചുള്ളത്. ഒപ്പം ഈ രോഗത്തെ ചുറ്റിപ്പറ്റി നിരവധി അന്ധവിശ്വാസങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നു. ചിക്കൻപോക്സിനെ കുറിച്ച് വിശദമായ കുറിപ്പ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്.

ഡോക്ടർ ഷിംന അസീസ് കുറിപ്പ് വായിക്കാം;

ഡ്യൂ ഡ്രോപ്‌ എന്ന്‌ കേട്ടിട്ടുണ്ടോ? അതു തന്നെ, മഞ്ഞുതുള്ളി. രണ്ട്‌ ദിവസത്തേക്കൊരു പനിയും തലവേദനയും ക്ഷീണവുമൊക്കെ കഴിഞ്ഞ്‌ ദേഹത്ത്‌ അങ്ങിങ്ങായി ചുവന്ന പാടുകൾ വരുന്നെന്ന്‌ കരുതുക. കുറച്ച്‌ നേരം കഴിയുമ്പോൾ അവയെല്ലാം പതുക്കേ വെള്ളം നിറഞ്ഞ കുരുക്കളായി, നേരത്തേ പറഞ്ഞ ഡ്യൂ ഡ്രോപിനോളം ഭംഗിയുള്ള കുരുക്കളായി മാറും. ആ സുന്ദരൻ കുരുക്കളെ നോക്കി ആരായാലും രോഗനിർണയം നടത്തിപ്പോകും- "അയ്യോ, ചിക്കൻപോക്‌സ്!".

ഈ ചുവന്ന പാടുകളും മഞ്ഞുതുള്ളികളും ദേഹത്ത്‌ പൊങ്ങുമ്പോഴല്ല യഥാർത്ഥത്തിൽ ചിക്കൻപോക്‌സ്‌ ആരംഭിക്കുന്നത്. എന്തിനേറെ, അതിനും നാൽപത്തെട്ട്‌ മണിക്കൂർ മുന്നേ തന്നെ ഒരു ചിക്കൻപോക്‌സ് രോഗിക്ക്‌ രോഗം വായുവിലൂടെ പരത്താനാകും. ആ സമയത്ത് ഇതെങ്ങനെ തിരിച്ചറിഞ്ഞ്‌ തടയുമെന്നാണോ? ബുദ്ധിമുട്ടാണ്‌. ദേഹത്ത്‌ ഈ വെള്ളം നിറഞ്ഞ കുരുക്കൾ വന്ന്‌ കഴിഞ്ഞ്‌ അത്‌ ഉണങ്ങി പൊറ്റയാകുന്നത്‌ വരെ രോഗി രോഗം പരത്താൻ ശേഷിയുള്ള ആളാണ്‌. രോഗി തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴുമെല്ലാം വായുവിലൂടെ വാരിസെല്ല സോസ്‌റ്റർ വൈറസുകൾ പരക്കും. മുൻപ്‌ ചിക്കൻപോക്‌സ്‌ വന്നവർക്കും ചിക്കൻപോക്‌സിനെതിരേ വാക്‌സിനേഷൻ എടുത്തവർക്കും ഒഴികേ എല്ലാവർക്കും സൂക്കേട്‌ കിട്ടും.

ചിക്കൻപോക്‌സ് വന്നിട്ടില്ലാത്തവർ പൂർണമായും രോഗിയിൽ നിന്നും അകന്ന്‌ മാറി നിൽക്കുക തന്നെ വേണം. പ്രത്യേകിച്ച്‌ ആറുമാസത്തിൽ താഴെയുള്ള കുട്ടികളും പ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും ആ ഏരിയയിലേ പോകരുത്‌. ഗർഭത്തിന്റെ ആദ്യ നാളുകളിൽ ചിക്കൻപോക്‌സ് ഉണ്ടാകുന്നത്‌ ഗർഭസ്‌ഥശിശുവിന്‌ സാരമായ വൈകല്യങ്ങളുണ്ടാക്കാം. പ്രസവിക്കുന്നതിന്‌ തൊട്ട്‌ മുൻപ്‌ ഈ രോഗമുണ്ടായാൽ അമ്മക്കും കുഞ്ഞിനും പ്രത്യേകം മരുന്നുകൾ ആവശ്യമായി വരും.

സാധാരണ ഗതിയിൽ ആയുസ്സിലൊരിക്കൽ മാത്രം വന്നുപോകുന്ന ഈ രോഗം ഒരു ഭീകരനല്ല. ചിക്കൻപോക്‌സ്‌ വന്ന്‌ പോയാൽ കുറച്ച്‌ വൈറസുകൾ ഞരമ്പിൽ തങ്ങാം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയോ വാർദ്ധക്യമെത്തുകയോ ചെയ്യുമ്പോൾ ആ ഞരമ്പിന്റെ സപ്ലൈ പോകുന്ന ഭാഗത്ത് മാത്രമായി പൊള്ളകൾ ഉണ്ടാകും. കടുത്ത വേദനയുള്ള ഈ രോഗത്തിന്‌ ഞരമ്പ്ചൊള്ള/ഞരമ്പ് പൊട്ടി എന്നൊക്കെയാണ്‌ നാട്ടുപേര്‌. ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക്‌ ചിക്കൻപോക്‌സ്‌ പകരാം.

ചിക്കൻപോക്‌സ്‌ ചിലർക്ക്‌ അവിടിവിടെ കുറച്ച്‌ പാടുകൾ അവശേഷിപ്പിച്ചേക്കാം എന്നതിൽ കവിഞ്ഞ്‌ സാരമായ രോഗമാകാറില്ല. ഈ പാടുകൾ ഒരു പരിധി വരെ വരാതിരിക്കാനും, ഇതിന്റെ ഭാഗമായുള്ള പനിക്കും വേദനക്കും ചൊറിച്ചിലിനുമെല്ലാം മരുന്നുകളുണ്ട്‌. ദേഹത്ത്‌ കുരുക്കൾ പൊങ്ങിത്തുടങ്ങി ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ മരുന്ന്‌ കഴിച്ചാൽ അമിതമായി കുരുക്കൾ പൊങ്ങുന്നത്‌ തടയാൻ പറ്റും. സ്വാഭാവികമായും പാടുകളുടെ എണ്ണം കുറയും. ചിക്കൻപോക്‌സ് വരുമ്പോഴത്തെ പ്രധാന ആശങ്കയാണല്ലോ ഈ സൗന്ദര്യം കാടു കയറുന്ന ടെൻഷൻ. അത്‌ ഫലപ്രദമായി തടയാൻ സാധിക്കും.

പക്ഷേ, പനി, തലവേദന, ക്ഷീണം തുടങ്ങിയ പൊതുവായ ലക്ഷണങ്ങളിൽ കവിഞ്ഞ്‌ കൂടിയ ഹൃദയമിടിപ്പ്, കഴുത്തനക്കാൻ പറ്റാത്ത വിധമുള്ള വേദന, വിറയൽ, കടുത്ത ക്ഷീണവും പനിയും, രോഗി തളർന്ന്‌ കിടക്കുന്ന അവസ്‌ഥ, സ്‌ഥലകാലബോധമില്ലാത്ത അവസ്‌ഥ തുടങ്ങിയവ ചിക്കൻപോക്‌സ് സങ്കീർണതകളിലേക്ക്‌ നീങ്ങുന്നതിന്റെ ലക്ഷണമാവാം. ന്യുമോണിയ, മസ്‌തിഷ്‌കജ്വരം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടോയെന്ന്‌ ഉടനേ പരിശോധിച്ച്‌ ചികിത്സ തേടേണ്ടതുണ്ട്‌.

ചിക്കൻപോക്‌സ്‌ വന്നാൽ തണുപ്പ്‌ കഴിച്ചാൽ കുരുക്കൾ പെട്ടെന്ന്‌ പൊങ്ങി രോഗം മാറും, ഏതാണ്ടൊക്കെയോ ഭക്ഷണം കഴിക്കരുത്‌ എന്നൊക്കെയുള്ള അബദ്ധങ്ങൾ പറഞ്ഞ്‌ കേൾക്കാറുണ്ട്‌. ഇത്തരം പഥ്യങ്ങൾ അടിസ്ഥാനരഹിതമാണ്‌. ഉപവാസവും അരുത്‌. വേഗം ദഹിക്കുന്ന പോഷകപ്രദമായ ഭക്ഷണവും ധാരാളം വെള്ളവും വിശ്രമവുമാണ്‌ ആവശ്യം. രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി കിടത്താൻ ശ്രദ്ധിക്കുക. ആയുസ്സിൽ ഒരിക്കലേ വരൂ എന്ന്‌ പറഞ്ഞിട്ട്‌ കാര്യമില്ല, യൂണിവേഴ്‌സിറ്റി എക്‌സാമിന്റെ ദിവസമോ സ്വന്തം കല്യാണത്തിനോ ഒക്കെ ചിക്കൻപോക്‌സ്‌ വന്നാൽ എടങ്ങേറാകും. ആ, അത്‌ പറഞ്ഞപ്പഴാ... ചിക്കൻപോക്‌സിന്‌ കുട്ടികൾക്കും മുതിർന്നവർക്കും എടുക്കാവുന്ന വളരെ ഫലപ്രദമായ വാക്‌സിനുണ്ട്‌. അതെടുക്കുന്നത്‌ വഴി അപ്രതീക്ഷിതമായി മേലെ ഡ്യൂ ഡ്രോപ്‌ പൊങ്ങി പണി വാങ്ങുന്നത്‌ ഒഴിവാക്കാം. കുട്ടികൾക്ക്‌ സൗജന്യമായി നൽകുന്ന വാക്‌സിനുകളിൽ ചിക്കൻപോക്‌സ്‌ വാക്‌സിൻ ഉൾപ്പെടുന്നില്ല. നിങ്ങളുടെ ഡോക്‌ടറോട്‌ ആവശ്യപ്പെട്ടാൽ വാക്‌സിനെടുക്കാം.

ഒരു കാര്യം കൂടി, അറിയാതെ ചിക്കൻപോക്‌സ്‌ ഉള്ളൊരാളുമായി സമ്പർക്കമുണ്ടായി. നിങ്ങൾക്ക്‌ രോഗം വന്നിട്ടുമില്ല, വാക്‌സിനുമെടുത്തിട്ടില്ല. ക്യാ കരൂം? എഴുപത്തിരണ്ട്‌ മണിക്കൂറിനുള്ളിൽ എത്രയും നേരത്തേ ഓടിപ്പോയി വാക്‌സിനെടുത്താൽ മതി, രോഗം വരൂല. പക്ഷേ, വീട്ടിലുള്ളോർക്ക്‌ അസുഖം വന്നാൽ മിക്കവാറും ഈ പരിപാടി നടക്കില്ല. കാരണം, ദേഹത്ത്‌ 'മഞ്ഞുതുള്ളി' വീണ്‌ രോഗമുണ്ടെന്ന്‌ മറ്റുള്ളവർക്ക്‌ മനസ്സിലാകുന്നതിനും രണ്ട്‌ ദിവസം മുന്നേ രോഗി രോഗം പരത്താനുള്ള ശേഷി നേടിയിരിക്കും. നമ്മൾ ചുമ്മാ അടുത്ത്‌ ചെന്നിരുന്ന്‌ അസുഖം വാങ്ങുകയും ചെയ്യും.

വാൽക്കഷ്‌ണം

ചിക്കൻപോക്‌സ്‌ വന്നാൽ കുളിക്കരുതെന്ന്‌ കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്‌ തെറ്റാണ്‌. ദേഹത്തുള്ള കുരുക്കൾ പോകും വരെ കുളിക്കാതിരിക്കണമെങ്കിൽ ഏകദേശം രണ്ടാഴ്‌ച കുളിക്കാതിരിക്കേണ്ടി വരും. ഇത്‌ തികച്ചും അനാവശ്യമാണെന്ന്‌ മാത്രമല്ല, ദേഹത്തെ കുരുക്കൾ പൊട്ടിയതിന്‌ മീതേ വൃത്തിയില്ലായ്‌മ കൊണ്ട്‌ രോഗാണുക്കൾ അടിഞ്ഞ്‌ ഇൻഫക്ഷനുണ്ടാകാനും സാധ്യതയുണ്ട്‌. രണ്ട്‌ നേരം വൃത്തിയായി കുളിച്ച്‌ വസ്‌ത്രം മാറി വിശ്രമിക്കുക. വീട്ടിലുള്ള ആൾ കുളിക്കുമ്പോഴല്ല രോഗം പകരുന്നത്‌. രോഗാണു രണ്ടാഴ്‌ച മുന്നേ ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ പുറത്ത് കാണിക്കുന്ന ഇൻക്യുബേഷൻ പിരീഡ്‌ കഴിഞ്ഞ്‌ പുറത്ത്‌ വരാൻ ഇത്രയും സമയമെടുക്കുന്നത്‌ കൊണ്ടാണ്‌ ഈ അന്ധവിശ്വാസം ഉടലെടുത്തത്‌. അപ്പോ കുളിച്ച്‌ കുട്ടപ്പൻമാരായി ചിക്കൻപോക്‌സ്‌ ആഘോഷിച്ചാട്ടെ (ഒറ്റക്ക്‌)...

shim-chipo

Read More...

‘‘ആ മെഡല്‍ ഊരി മാറ്റാന്‍ സമ്മതിക്കുന്നില്ല, ഉറങ്ങുമ്പോള്‍ പോലും അവളതു ചേര്‍ത്തു പിടിച്ചിരിക്കുന്നു’’; അച്ഛനെ മിസ് ചെയ്തപ്പോൾ ശ്രീശാന്തിന്റെ മകൾ ചെയ്തത്; ഭുവനേശ്വരിയുടെ കുറിപ്പ് വൈറൽ

സെമസ്റ്റർ പരീക്ഷ കഴിഞ്ഞയുടൻ മണവാട്ടി കതിർമണ്ഡപത്തിലേക്ക്; ശ്രീപാർവതിയ്ക്ക് പരിണയം!

‘‘രണ്ടു ലക്ഷം രൂപ തന്നാല്‍ ഒരു രാത്രി കൂടെ വരുമോ ? വേണമെങ്കില്‍ ഒരു മണിക്കൂറിനു രണ്ടു ലക്ഷം നല്‍കാം’’ ; അശ്ലീല സന്ദേശമയച്ചയാള്‍ക്ക് ഗായത്രി അരുണ്‍ കൊടുത്ത പണി

ചിക്കൻപോക്‌സ്‌ വന്നാൽ കുളിക്കരുതെന്ന്‌ കേട്ടിട്ടുണ്ടോ? ഈ ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ...

കുഞ്ഞിക്കയുടെ നായികയായി ജാൻവി! ഒരുങ്ങുക ബിഗ് ബജറ്റ് ബയോപിക്