Saturday 31 August 2024 11:42 AM IST : By സ്വന്തം ലേഖകൻ

നടപ്പാലത്തിൽ നിന്ന് കുട്ടി തോട്ടിൽ വീണു, നീന്തലറിയാത്ത അമ്മയും കൂടെച്ചാടി; ഇരുവരെയും രക്ഷപ്പെടുത്തിയത് കെഎസ്ആർടിസി ഡ്രൈവർ

kumarakam

അമ്മയോടൊപ്പം സ്കൂളിലേക്കു പോകുന്നതിനിടെ, അഞ്ചു വയസ്സുള്ള കുട്ടി നടപ്പാലത്തിൽനിന്നു തോട്ടിൽ വീണു. മകനെ രക്ഷിക്കാൻ നീന്തൽ അറിയില്ലാത്ത അമ്മയും കൂടെച്ചാടി. ഇരുവരെയും സമീപത്തെ വീട്ടിലുണ്ടായിരുന്നയാൾ രക്ഷപ്പെടുത്തി. കുമരകം കരീമഠം ഒളോക്കരിച്ചിറ പി.എം. മോനേഷിന്റയും സൽമയുടെ മകൻ യുകെജി വിദ്യാർഥി ദേവതീർഥ് ആണ് ഇന്നലെ രാവിലെ 9.45ന് ആഴമേറിയ തോട്ടിൽ വീണത്. കരീമഠം ഗവ. വെൽഫെയർ യുപി സ്കൂളിലാണു ദേവതീർഥ് പഠിക്കുന്നത്. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽശാന്തിയാണു പിതാവ് മോനേഷ്.

സ്കൂളിനടുത്തുള്ള പാലത്തിൽ നിന്ന് ദേവതീർഥ് തെന്നി തോട്ടിലേക്കു വീണു. ഇരുമ്പുതകിട് കൊണ്ടുള്ള പാലമാണ്. തകിടിൽ മഴവെള്ളം വീണു കിടന്നിരുന്നതിൽ തെന്നി വീഴുകയായിരുന്നു. മഴക്കോട്ട് ഉണ്ടായിരുന്നതിനാൽ വെള്ളത്തിനു മീതെ പൊങ്ങിക്കിടന്നെങ്കിലും ദേവതീർഥ് ഒഴുക്കിൽപെട്ടു. മകൻ ഒഴുക്കിൽപെട്ടതു കണ്ട അമ്മ സൽമയും തോട്ടിലേക്കു ചാടി. രണ്ടുപേർക്കും തോട്ടിലെ തെങ്ങിൻതടിയിൽ പിടിത്തം കിട്ടി.

കരയിലുണ്ടായിരുന്നവരുടെ ബഹളംകേട്ട്, സമീപത്തെ വീട്ടിൽ താമസിക്കുന്ന കെഎസ്ആർടിസി ഡ്രൈവർ ബിനു ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്തി. വേഴപ്പറമ്പ്– ഒളോക്കരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന നടപ്പാലമാണിത്. മോനേഷിന്റെ ഇളയമകനാണ് ദേവതീർഥ്. മൂത്തമകൻ 7 വയസ്സുകാരൻ ദേവപ്രയാഗ്.

അപകടം വീണ്ടും; അനങ്ങാതെ അധികാരികൾ

കഴിഞ്ഞ മാർച്ചിൽ യുകെജി വിദ്യാർഥിയായ ആയുഷ് ജിനീഷും ഇതേ പാലത്തിൽ നിന്നു തോട്ടിൽ വീണിരുന്നു. പാലത്തിന്റെ പലകകൾ തകർന്നു കിടക്കുകയായിരുന്നു. പലകകൾക്കിടയിലെ വിടവിലൂടെ വെള്ളത്തിൽ വീണ കുട്ടിയെ സ്കൂളിൽ ജോലിക്കു വന്നവരാണ് അന്നു രക്ഷപ്പെടുത്തിയത്. ആയുഷും അമ്മയോടൊപ്പം സ്കൂളിലേക്കു പോകുമ്പോഴാണ് അപകടത്തിൽപെട്ടത്.

Tags:
  • Spotlight