Tuesday 07 August 2018 10:08 AM IST

ഓണവിശേഷങ്ങൾ പങ്കിട്ട് ബിഗ് സ്ക്രീനിലെ കുരുന്നു താരങ്ങൾ; കൂട്ടും പാട്ടുമായി കുഞ്ഞു വാനമ്പാടി ശ്രേയയും

Nithin Joseph

Sub Editor

pilleronam1

ഓണമിങ്ങ് പടിക്കലെത്തുമ്പോൾ പൂക്കളമൊരുക്കി, ഊഞ്ഞാലാടി, ഓണക്കോടി ഉടുത്ത്, പായസമധുരത്തിൽ മുങ്ങി, മാവേലിമന്നനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ കുസൃതിക്കുരുന്നുകളെല്ലാവരും ആഘോഷത്തിമിർപ്പിലാണ്. വനിതയുടെ ഓണാഘോഷങ്ങള്‍ക്ക് വർണങ്ങൾ ചാർത്താന്‍ എത്തിയിരിക്കുന്നത് മലയാളത്തിന്റെ ബിഗ്സ്ക്രീനിലെ കുരുന്നുതാരങ്ങളായ അക്ഷര, എറിക്, മീനാക്ഷി, രുദ്രാക്ഷ്, വിശാൽ. ഇവർക്കു കൂട്ടും പാട്ടുമായി കുഞ്ഞു വാനമ്പാടി ശ്രേയയും.

ഓടിവന്ന പാടേ വിശേഷം പറയാൻ പോലും നേരമില്ലാതെ പാറിനട ക്കുകയാണ് ഓണത്തുമ്പികൾ ആറുപേരും. കുഞ്ഞുങ്ങളില്‍ കുഞ്ഞായ അക്ഷരയെ െകാഞ്ചിക്കാന്‍ കൂടി, മീനാക്ഷിയും വിശാലും. ഊഞ്ഞാൽപ്പടിയിലേറി മാനം തൊട്ടു വരുന്ന കൂട്ടുകാർക്കായ് ശ്രേയയുടെ വക പാട്ടിന്റെ പാൽപായസം.

‘ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ,

കോടിയുടുത്തല്ലോ, ഉണ്ണി ചാടിമറിഞ്ഞല്ലോ.’

ഓണമെന്നാൽ ആദ്യം ഓർമ വരുന്നതെന്തെന്ന ചോദ്യത്തിന് കിട്ടിയത് ആറ് മറുപടികൾ. പൂക്കളം, മാവേലി, പായസം, പപ്പടം, ഉപ്പേരി, പരീക്ഷ.

‘ഏഹ്..!! പരീക്ഷയോ..??’

‘അതെ, പരീക്ഷ... ഓണപ്പരീക്ഷ...!! അത് കഴിഞ്ഞാലല്ലേ ഓണം വരത്തൊള്ളൂ...’

അത്തം പത്തിനല്ല, പരീക്ഷ തീരുന്നിടത്താണ് തങ്ങള്‍ക്ക് പൊന്നോണം എന്ന് ഒരേ സ്വരത്തിൽ പറയുന്നു, മലയാളസിനിമയിലെ കുട്ടിത്താരങ്ങൾ.

അപ്പോ ഓണം കഴിഞ്ഞാലോ?

‘ഓണം കഴിഞ്ഞാൽ പിന്നെയും സ്കൂളിൽ പോണമല്ലോ. അന്നേരമാണ് അതിലും വല്യ പണി. എഴുതിയ പരീക്ഷകളുടെയെല്ലാം പേപ്പറെടുത്ത് കൈയിലേക്ക് തരും ടീച്ചർ.’

ഇതെല്ലാം കാരണം മൊത്തത്തിൽ വട്ടം കറങ്ങി നട്ടം തിരിഞ്ഞിരിക്കുമ്പോ ദാണ്ടെ ഇവിടെയൊരു മുട്ടൻ പരീക്ഷ.

‘അയ്യോ... ഇവിടേം എക്സാമോ? അതിനാണോ ഇങ്ങോട്ടു വന്നത്?’ വിശാലിനു പിന്നാലെ ഓടാൻ റെഡിയായി നിൽക്കുകയാണ് അക്ഷര.

ഇതൊരു രസികൻ പരീക്ഷയാണ്. ഉപ്പേരിയും പപ്പടവും പാ യസവും കൂട്ടി സദ്യ ഉണ്ണുന്നതിനും പൂക്കളമിടുന്നതിനും മുമ്പൊരു അസ്സൽ ഓണപ്പരീക്ഷ. പരീക്ഷ പാസ്സായാൽ പിന്നെ, ഊഞ്ഞാലിലാടാം, തൊടിയിലിറങ്ങാം, പൂക്കള്‍ നുള്ളാം, ഓണക്കോടി ഉടുത്ത് ഓണസദ്യ ഉണ്ണാം.

പരീക്ഷയ്ക്ക് ചോദിക്കാനുള്ള ചോദ്യങ്ങളുമായി വന്ന ആളെ കണ്ട് കുട്ടിപ്പട്ടാളമൊന്ന് ഞെട്ടി. മിന്നിത്തിളങ്ങുന്ന ആടയാഭരണങ്ങൾ അണിഞ്ഞ്, കൊമ്പൻമീശ വച്ച്, കുടവയറു കാട്ടി, ഓലക്കുടയും ചൂടി വരുന്നുണ്ടേ, സാക്ഷാൽ മാവേലിത്തമ്പുരാൻ. ആറു പേരുടെയും മുഖത്തുനിന്ന് മാഞ്ഞ പുഞ്ചിരി തിരിച്ചു വന്നത് പൊട്ടിച്ചിരിയായിട്ടാണ്. ചോദ്യം ചോദിക്കാൻ മാവേലിയും ഉത്തരം പറയാൻ കാന്താരികളും റെഡി. പരീക്ഷയ്ക്കുള്ള ബെല്ലടിച്ചു... ആർപ്പോ.... ർർർറോ.....

മാവേലിക്കഥ ചൊല്ലാമോ

ഓണത്തിനു പിന്നിലെ ഐതിഹ്യമെന്താണ്?

ആദ്യത്തെ ഊഴം അക്ഷരയുടേത്. ‘ഒരു ദിവസം ഒരു ചെറിയ കൊച്ച് മാവേലിയുടെ അടുത്ത് വന്നിട്ട് പെട്ടെന്ന് വലുതായി. എന്നിട്ട് മാവേലീടെ തലേൽ ചവിട്ടി. അതാണ് ഓണം.’

‘അയ്യേ, അത് കൊച്ചല്ല, വാമനനാണ്. വാമനനെന്ന് വച്ചാൽ മഹാവിഷ്ണുവാ. മഹാവിഷ്ണു വേറെ രൂപത്തിൽ വന്നിട്ട് മഹാബലിയെ താഴോട്ട് ചവിട്ടിത്താഴ്ത്തി. എന്നിട്ട് എല്ലാ വർഷവും ഒരു ദിവസം തിരിച്ചു വന്നോളാൻ പറഞ്ഞു. അങ്ങനെയാണ് ഓണം ഉണ്ടായത്.’ അക്ഷരയെ തിരുത്തിക്കൊണ്ട് രുദ്രാക്ഷ് കൂട്ടിച്ചേർത്തു.

ഉടൻ വന്നു ശ്രേയയുടെ സംശയം. ‘മണ്ണിന്റെ അടിയിലേക്ക് ചവിട്ടി താഴ്ത്തുമ്പോൾ മാവേലിക്ക് ശ്വാസം മുട്ടില്ലേ?’

‘മഹാവിഷ്ണുവല്ലേ ചവിട്ടിത്താഴ്ത്തിയത്. അതുകൊണ്ട് ചിലപ്പോ ശ്വാസം മുട്ടില്ലായിരിക്കും. അത് മഹാവിഷ്ണുവിന്റെ അനുഗ്രഹമായിരുന്നു.’ ശ്രേയയുടെ സംശയം തീർത്തത് വിശാലാണ്.

വീണ്ടും എറിക്കിനൊരു സംശയം. ‘മാവേലി നല്ല രാജാവല്ലേ, പിന്നെയെന്തിനാ മഹാവിഷ്ണു ചവിട്ടിത്താഴ്ത്തിയത്?’

‘മഹാബലിയുടെ നല്ല ഭരണം കണ്ട് അസൂയ തോന്നിയ ദേവൻമാരാണ് മഹാവിഷ്ണുവിനോട് മഹാബലിയെക്കുറിച്ച് പരാതി പറഞ്ഞത്. അതുകൊണ്ടാണ് മഹാവിഷ്ണു രാജാവിനെ ചവിട്ടിത്താഴ്ത്തിയതിനു ശേഷം എല്ലാ വർഷ

വും കേരളത്തിൽ വരാനുള്ള അനുവാദം കൊടുത്തത്.’ മുത്തശ്ശി പറഞ്ഞുതന്ന കഥകളുടെ ഭാണ്ഡക്കെട്ട് തക്ക സമയത്ത് ഉപകരിച്ച സന്തോഷത്തിലാണ് മീനാക്ഷി.

കഥയ്ക്ക് അകമ്പടിയായി ശ്രേയയുടെ പാട്ടും ഉടനെത്തി.

‘മാവേലി നാടു വാണീടും കാലം,

മാനുഷരെല്ലാരുമൊന്നുപോലെ’

പൂക്കളക്കഥ പറയാമോ

ഓണപ്പൂക്കളം ഒരുക്കാൻ അറിയാമോ?

കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന ശ്രേയയ്ക്ക് ഓണത്തിന് നാടു മുഴുവൻ കറങ്ങി പൂ പറിക്കുന്നതൊന്നും അത്ര പരിചിതമല്ല.

‘നിങ്ങളൊക്കെ പൂ തനിയെ പറിച്ചിട്ടാണല്ലേ പൂക്കളമിടുന്നത്? ഞാന്‍ കടയിൽ നിന്നാണ് പൂക്കൾ വാങ്ങുന്നത്. നേരം വെളുക്കുമ്പോൾത്തന്നെ അച്ഛനേയും വല്യച്ഛനേയും കടയിലേക്ക് പറഞ്ഞുവിടും. പൂക്കൾ കൊണ്ടുവന്നാലുടൻ അച്ഛന്റെ ജോലി തീർന്നു. പൂക്കളമിടാൻ കൂട്ടിന് മുത്തശ്ശനും മുത്തശ്ശിയും എത്തിയാൽപിന്നെ, നല്ല രസമാണ്.’

ഉടനെത്തി വിശാലിന്റെ പാലക്കാടൻ ഓണവിശേഷം. ‘എന്റെ വീട് എറണാകുളം ടൗണിലാണ്. അവിടേം പൂവൊന്നും പറിക്കാൻ തൊടികളില്ല. പക്ഷേ, ഞങ്ങൾ എല്ലാക്കൊല്ലവും ഓണം ആഘോഷിക്കുന്നത് പാലക്കാട്ടെ ചിറ്റൂരിലാണ്. അവിടെയാണ് അമ്മേടെ വീട്. അവിടുത്തെ ഓണം ബഹുരസാ. അമ്പലവും കാവും മാതോരിയുമൊക്കെയായിട്ട് ഓണം അടിപൊളിയാണ്. മാതോരി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ? ഓണത്തപ്പന് പാലക്കാട്ട് പറയുന്ന പേരാണ് മാതോരി.

‘എല്ലാക്കൊല്ലവും എന്റെ ഓണം കൊട്ടിയൂരിൽ അമ്മയുടെ തറവാട്ടിലായിരിക്കും. അവിടെയാകുമ്പോ കസിൻസെല്ലാരും ഉണ്ടാകും. ഞങ്ങളെല്ലാവരുംകൂടി പതിനഞ്ചു പേരുണ്ട്. ഭയങ്കര രസാണ്. ഇഷ്ടംപോലെ പൂക്കളും കിട്ടും. കളം വരയ്ക്കുന്നത് ചേട്ടന്റേയും ചേച്ചിയുടേയും ജോലിയാണ്. പൂക്കൾ കുറഞ്ഞുപോയാൽ ഇലകള്‍ വച്ച് അഡ്ജസ്റ്റ് ചെയ്യും. പല ഡിസൈനിലുള്ള ഇലകൾ അവിടെയുണ്ട്.’ എറിക്കിന്റെ വയനാടൻ ഓണവിശേഷങ്ങൾ കേട്ട് എല്ലാവരും കണ്ണു തള്ളിയിരിക്കുന്നതിനിടയിൽ അക്ഷരയുടെ സംശയം മറ്റൊന്നായിരുന്നു, ‘ഇല വച്ച് ഇടുന്നത് പൂക്കളമല്ലല്ലോ, ഇലക്കളമല്ലേ?’.

‘കഴിഞ്ഞ വർഷം ഒരു അബദ്ധം പറ്റി. കാർ പാർക്ക് ചെയ്ത തിന്റെ പിന്നിലാ ഞാൻ പൂക്കളമൊരുക്കിയത്. അതു കഴിഞ്ഞയുടന്‍ അച്ഛൻ പുറത്തോട്ട് പോകാൻ കാർ സ്റ്റാർട്ട് ചെയ്തു. ഞാൻ ഓടിച്ചെന്ന് വണ്ടിയുടെ മുന്നിൽ കയറിനിന്ന് കരയാൻ തുടങ്ങി. പക്ഷേ, തിരക്കു കാരണം അച്ഛൻ കാർ എടുത്തു. വണ്ടി പുറകോട്ടെടുത്തപ്പോ എന്റെ കുഞ്ഞിപ്പൂക്കളം ചമ്മന്തി പോലെയായി. ഞാൻ കുറേ നേരം കരഞ്ഞു. പിന്നെ, കുറച്ചു കഴിഞ്ഞപ്പോ വീണ്ടും തൊടിയിൽനിന്ന് പൂ പറിച്ച് പുതിയ പൂക്കളം ഉണ്ടാക്കി.’ അമളി പറ്റിയതിന്റെ ചമ്മൽ മീനാക്ഷിയുടെ മുഖത്തുണ്ടായിരുന്നു.

‘അയ്യോ, ഇത്രയും വലിയ കുട്ടിയായിട്ടും കരഞ്ഞോ?’ രുദ്രാക്ഷിന് സംശയം.

‘ഒത്തിരി കരഞ്ഞില്ല, കുറച്ച് കരഞ്ഞു.’

ആഘോഷക്കഥ എഴുതാമോ

pilleronam2

കുഞ്ഞു കുസൃതികള്‍ േകട്ട് മഹാബലി തമ്പുരാന്‍ കുമ്പ കുലുക്കിച്ചിരിച്ചു. പിന്നെ, അക്ഷരയെ പിടിച്ച് അടുത്തിരുത്തി എല്ലാവരോടുമായി ചോദിച്ചു. ‘‘എവിടെ ഓണം ആഘോഷിക്കുന്നതാണ് കൂടുതൽ രസകരം?

ഉത്തരം പറയാൻ ഓപ്ഷൻസും ഉണ്ട്.

 

ഓപ്ഷൻ എ: വീട്ടിൽ

ഓപ്ഷൻ ബി: സ്കൂളിൽ

ഓപ്ഷൻ സി: ലൊക്കേഷനിൽ

‘എനിക്കേറ്റവുമിഷ്ടം വീട്ടിൽ ഓണം ആഘോഷിക്കാനാണ്. മുത്തശ്ശനും മുത്തശ്ശിയുമൊത്ത് കോഴിക്കോട്ടെ വീട്ടിൽ ഓണം ആഘോഷിക്കുന്നത് ബഹുരസമാണ്. ചിങ്ങത്തിൽ പുതിയ വീട്ടിലേക്ക് മാറുന്നതു കൊണ്ട് ഈ ഓണക്കാലം സ്പെഷലാണ്. പക്ഷേ, ഇപ്പോൾ കുറച്ച് വർഷങ്ങളായിട്ട് വീട്ടിൽ ഓണം ആഘോഷിക്കാറില്ല. കഴിഞ്ഞ വ ർഷം വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോയിരിക്കുകയായിരുന്നു. ഈ വർഷത്തെ ഓണവും അമേരിക്കയിലാണ്.’ ശ്രേയക്കുട്ടി പറഞ്ഞു.

‘എനിക്കുമിഷ്ടം മുത്തശ്ശന്റെ കൂടെ ഓണം ആഘോഷിക്കാനായിരുന്നു. കഴിഞ്ഞ വർഷം മുത്തശ്ശൻ മരിച്ചതുകൊണ്ട് ഓണം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഓണത്തിനായിരുന്നു ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ റിലീസായത്. അതുകൊണ്ട് ഓണക്കാലം അങ്ങനെ കഴിഞ്ഞു. അപ്പോഴും മുത്തശ്ശൻ ഇല്ലാത്തതിന്റെ സങ്കടമുണ്ടായിരുന്നു. എല്ലാവരും പറഞ്ഞത് മുത്തശ്ശന്റെ അനുഗ്രഹമാണ് ആ സിനിമയെന്നാണ്. ഇത്തവണ ഓണം കോഴിക്കോട്ടെ വീട്ടിലാണ്. ചിലപ്പോ എങ്ങോട്ടെങ്കിലും യാത്ര പോകും.’ രുദ്രാക്ഷിന്റെ വാക്കുകളിൽ നിറയെ മുത്തശ്ശനായിരുന്നു.

അക്ഷരക്കുട്ടിക്ക് അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള ഓണമാണ് പ്രിയം. അച്ഛന്റെ മടിയിലിരുന്ന് സദ്യ ഉണ്ണാനും പപ്പടം കൂട്ടി പായസം കുടിക്കാനുമുള്ളതാണത്രേ ഓണം.

വിശാലിന് കൂടുതൽ പ്രിയം സ്കൂളിൽ കൂട്ടുകാരുമൊത്തുള്ള ഓണമാണ്. എന്നും സ്കൂള്‍ യൂണിഫോമിട്ട് ബോറടിക്കുമ്പോൾ കളർഡ്രസ് ഇടാനുള്ള സൂപ്പർ ചാൻസല്ലേ ഓണമെന്നാണ് ആൻമരിയയുടെ ചങ്ങാതിയുടെ പക്ഷം.

‘സ്കൂളിൽ ഭയങ്കര സ്ട്രിക്ടല്ലേ?’ മീനാക്ഷിക്ക് ചെറിയൊരു സംശയം.

‘ഏയ്, ഞങ്ങളുടെ സ്കൂളിൽ നല്ല ഫ്രീഡമുണ്ട്. പൂക്കളമൽസരം കഴിഞ്ഞ് റിസൽറ്റ് വരാൻ വേണ്ടി കാത്തിരിക്കും.സമ്മാനം അനൗൺസ് ചെയ്താലുടൻ ക്ലാസ്സിൽ പൂരമാണ്. മൽസരം ജയിച്ചാലും തോറ്റാലും പൂക്കളെല്ലാം വാരിയെറിഞ്ഞാണ് ആഘോഷം. ആ സമയത്ത് ടീച്ചേഴ്സ് ആരെങ്കിലും പൂക്കളത്തിന്റെ ഫോട്ടോ എടുക്കാൻ വന്നാൽ അപ്പോ തീരും ആഘോഷം.’ അതിൽ വിശാലിന് സംശയമൊന്നുമില്ല.

‘ഭാഗ്യവാൻ... എനിക്ക് പക്ഷേ, നാട്ടിൽ ഓണം ആഘോഷിക്കാനാ ഇഷ്ടം. കോട്ടയത്തെ പാദുവയിലാണ് വീട്. അവിടുത്തെ ക്ലബിൽ ഓണത്തിന് ഒരുപാട് കളികളും മൽസരങ്ങളുമുണ്ട്. എനിക്ക് എല്ലാ വർഷവും ഫസ്റ്റ് പ്രൈസ് കിട്ടുന്നൊരു മൽസരമുണ്ട്. ഏതാണെന്ന് പറയാമോ?’’ മീനാക്ഷിയുടെ ചോദ്യത്തിന് ഉടനടി വന്നു എറിക്കിന്റെ മറുപടി.

‘തീറ്റമൽസരം’

‘അയ്യേ, അതല്ല. പുഞ്ചിരിമൽസരം. ഏറ്റവും നന്നായിട്ട് പുഞ്ചിരിക്കുന്നതിനുള്ള സമ്മാനമാണ് എനിക്ക് കിട്ടുന്നത്. പക്ഷേ, കഴിഞ്ഞ ഓണത്തിന് അനിയനാണ് സമ്മാനം കിട്ടിയത്. ഇത്തവണ മൽസരിക്കാൻ പറ്റില്ല. ഓണത്തിന് ‘ഒപ്പ’ത്തിന്റെ കന്നഡ റീമേക്കിന്റെ ഷൂട്ടുണ്ടാകും.’

എറിക്കിന്റേത് കുറച്ചുകൂടി കോംപ്ലിക്കേറ്റഡായിട്ടുള്ള ആഗ്രഹമാണ്. ‘ഓണദിവസം ഫ്രണ്ട്സെല്ലാം വീട്ടിലേക്കു വരണം. എന്നിട്ട് അവരെയെല്ലാം കൂട്ടിക്കൊണ്ട് ലൊക്കേഷനിൽ പോയിട്ട് ഓണം ആഘോഷിക്കണം. അങ്ങനാകുമ്പോ ഹാട്രിക് സന്തോഷമല്ലേ.’

വരമൊരെണ്ണം ചോദിക്കാമോ

pilleronam4
അക്ഷര കിഷോർ, മീനാക്ഷി അനൂപ്, ശ്രേയാ ജയദീപ്

മാവേലിയോടൊരു വരം ചോദിക്കാൻ ചാൻസ് കിട്ടിയാൽ‌?

‘എന്റെ പഴയ സ്കൂളിലെ ഫ്രണ്ട്സെല്ലാം പുതിയ സ്കൂളില്‍ വേണം. അതാണ് എനിക്കു വേണ്ടുന്ന വരം. ചെറിയ ക്ലാസ് മുതൽ അവരുടെ കൂടെയാണ് പഠിക്കുന്നതും കളിക്കുന്നതും കൂട്ടു കൂടുന്നതും. ഇപ്പോ അവരെയെല്ലാം മിസ് ചെയ്യുവാ.’

വയനാട്ടിൽനിന്നും എറണാകുളത്തെ പുതിയ സ്കൂളിലേക്ക് ചേക്കേറിയതിന്റെ വിഷമമാണ് എറിക്കിന്.

‘എനിക്ക് ഈ ജന്മം പോലെ അടുത്ത ജന്മവും വേണം.’ രുദ്രാക്ഷിന്റെ ആഗ്രഹം വളരെ സിംപിളാണ്.

‘എനിക്കും ഒരു ചെറിയ ആഗ്രഹമേ ഉള്ളൂ. ലാലേട്ടന്റേം മമ്മൂക്കയുടേം പൃഥ്വിരാജ് അങ്കിളിന്റേം കൂടെ കുറേ സിനിമയിൽ അഭിനയിക്കണം.’

മീനാക്ഷിയുടെ ആഗ്രഹം കേട്ട വിശാലിന് സംശയം. ‘അത് ആഗ്രഹമല്ലല്ലോ, അത്യാഗ്രഹമല്ലേ? ഇങ്ങനാണെങ്കിൽ എന്റെ ചെറിയ ആഗ്രഹം എന്താണെന്നോ, ഞാൻ അഭിനയിക്കുന്ന സിനിമയെല്ലാം നൂറു ദിവസമെങ്കിലും തിയറ്ററിൽ ഓടണം. കൂടുതലൊന്നും വേണ്ട.’

‘എന്നും ഓണമാണെങ്കിൽ നല്ലതല്ലേ? എല്ലാ ദിവസവും പൂക്കളമിടാം, സദ്യ ഉണ്ണാം, പായസം കുടിക്കാം, ഊഞ്ഞാലാടാം. അതാണ് എന്റെ ആഗ്രഹം. വർഷത്തിൽ 365 ദിവസവും ഓണം ആകണം.’ ശ്രേയക്കുട്ടി സ്വപ്നച്ചിറകിലേറി.

എല്ലാവരുടെയും ആഗ്രഹങ്ങൾ കേട്ട് കണ്ണും തള്ളി ഇരിപ്പാണ് അക്ഷരക്കുട്ടി. അക്ഷരയ്ക്ക് ആഗ്രഹമൊന്നുമില്ലേ എന്ന് ചോദിച്ചയുടൻ രണ്ട് മിനിറ്റ് നേരം ആലോചനയിലാണ്ടു കക്ഷി. ഒടുവിലെത്തി ഉഗ്രനൊരാഗ്രഹം. ‘എനിക്ക് എപ്പഴും കഴിക്കാൻ നിറയെ ചോക്‌ലേറ്റ് വേണം. ഒന്നല്ല, പത്തല്ല, നൂറല്ല, കുറേ..കുറേ ചോക്‌ലേറ്റ്.’

സദ്യക്കഥ അറിയാമോ

pilleronam3
എറിക് സക്കറിയ, രുദ്രാക്ഷ് സുധീഷ്, വിശാൽ കൃഷ്ണ

ഓണസദ്യയിൽ ഏറ്റവുമിഷ്ടപ്പെട്ട വിഭവമേത്?

ഓണസദ്യയെന്ന് കേട്ടപ്പോഴേ കുട്ടിപ്പട്ടാളത്തിന്റെ ഉള്ളിൽ സന്തോഷം പെരുമ്പറ കൊട്ടി. പപ്പടവും പഴവും പായസവും കൂട്ടി സദ്യ ഉണ്ണുന്നത് എല്ലാവർക്കും ഒരേപോലെ പ്രിയങ്കരം.

അനിയനെ കൂട്ടുപിടിച്ച് അമ്മയുടെ കണ്ണ് വെട്ടിച്ച് ഉപ്പേരി കട്ടു തിന്നുന്ന കഥ മീനാക്ഷി പറഞ്ഞപ്പോൾ ശ്രേയയ്ക്ക് സംശയം, ‘ഏത് ഉപ്പേരിയാ കട്ടു തിന്നുന്നത്. കോഴിക്കോട്ട് ഞങ്ങൾ തോരനെയാണ് ഉപ്പേരിയെന്ന് പറയുന്നത്. നിങ്ങൾ ഉപ്പേരിയെന്ന് പറയുന്നത് കായ വറുത്തതിനല്ലേ?’

എറിക്കിന് പ്രിയപ്പെട്ട വിഭവങ്ങൾ സേമിയാ പായസവും അമ്മയുടെ സ്പെഷൽ കലത്തപ്പവുമാണ്. ഓണത്തിന് ഇതു രണ്ടും നിർബന്ധം.

വിശാൽ ആളൊരു സദ്യപ്രിയനാണ്. ഓണക്കാലത്ത് പാലക്കാട്ടെ അമ്മവീട്ടിലേക്ക് ഓടിയെത്തുന്നതിന്റെ പ്രധാനകാരണവും സദ്യക്കൊതിയാണ്. സദ്യയിൽ മൂപ്പർക്ക് പ്രിയം കൂട്ടുകറി. രുദ്രാക്ഷിനും അക്ഷരക്കുട്ടിക്കും പായസം തന്നെ പ്രിയങ്കരം. കൂടെ ഒരൽപം ചിക്കനും മീനും കൂടി കിട്ടിയാൽ സന്തോഷമെന്ന് പതുക്കെ പറഞ്ഞ കൂട്ടുകാരെ ശ്രേയ കോഴിക്കോട്ടെ വീട്ടിലേക്ക് ക്ഷണിച്ചു. ‘കോഴിക്കോട്ടെ ഓണസദ്യ വേറെ രീതിയിലാണ്. ചിക്കനും മീനുമെല്ലാം കൂട്ടിയുള്ള സദ്യയാണവിടെ.’

‘അയല വറുത്തതുണ്ട്, കരിമീൻ പൊരിച്ചതുണ്ട്

കുടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട്...’

പാട്ടുകൂടി കേട്ടയുടൻ കൊച്ചു കാന്താരി അക്ഷര അടുത്ത ഓണത്തിന് ശ്രേയയുടെ വീട്ടിലേക്കുള്ള ടിക്കറ്റ് അഡ്വാൻസായി ബുക്ക് ചെയ്തു.

‘ഓണക്കാലമായാൽ ശ്രേയയ്ക്ക് പിന്നെ, റെസ്റ്റുണ്ടാകില്ലല്ലേ. സ്കൂളിലും വീട്ടിലും നാട്ടിലും ടിവിയിലുമെല്ലാം ഓണപ്പാട്ട് പാടണ്ടേ?’ രുദ്രാക്ഷിന് സംശയം.

‘ഏതൊക്കെ പാട്ട് പഠിച്ചാലും എല്ലാവർഷവും പുതിയൊരു ഓണപ്പാട്ടെങ്കിലും പഠിക്കാതെ പറ്റില്ല. പാട്ടില്ലാതെ എ ന്തോണം. പക്ഷേ, എനിക്ക് കുറച്ചു പാട്ടേ അറിയൂ.’

വിശാലിന് ഓണപ്പാട്ടുകൾ കേൾക്കാൻ മാത്രമല്ല, പാടാനും ഇഷ്ടമാണ്. സ്കൂളിൽ മൽസരങ്ങൾക്ക് സ്ഥിരമായി പാടുന്നത് ‘പൂവിളി’യും ‘ഉത്രാടപ്പൂനിലാവും’.

അക്ഷരയ്ക്ക് ഏറ്റവുമിഷ്ടം ‘മാവേലി നാടു വാണിടും കാല’മാണ്. എൽ.കെ.ജി മുതൽ കേൾക്കുന്നതുകൊണ്ട് ആ പാട്ട് ഒരിക്കലും മറന്നു പോകില്ലാത്രേ.

ഓണപ്പാട്ടു പാടുമ്പോൾ പ്രയോഗിക്കാൻ ഒരു കുഞ്ഞു സൂത്രമുണ്ട് എറിക്കിന്റെ കയ്യിൽ. ‘ഏതു പാട്ടു പാടിയാലും ഇടയ്ക്കും അവസാനവുമെല്ലാം ‘പൂവേ പൊലി’ എന്ന് ചേർക്കണം. വരികൾ തെറ്റിപ്പോയാലും ഉടൻതന്നെ അഞ്ചാറ് ‘പൂവേ പൊലി’ ചേർത്തേക്കണം. അപ്പോ അസ്സല് ഓണപ്പാട്ടായില്ലേ. ജഡ്ജസ് ഉറപ്പായും സമ്മാനം തരും.’

pilleronam5

ഉത്രാടപ്പാച്ചിൽ, പരക്കംപാച്ചിൽ

നാടാകെ ഓണാഘോഷത്തിന് ഒരുങ്ങുമ്പോൾ കുട്ടിത്താരങ്ങളും തിരക്കിലാണ്. ‘മോഹൻലാൽ’ എന്ന സിനിമയിൽ മഞ്ജുവാരിയരുടെ ചെറുപ്പം അഭിനയിക്കുന്നത് മീനാക്ഷിയാണ്. ഇതേ സിനിമയിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിക്കുന്നത് വിശാലാണ്. ശ്രേയക്കുട്ടിയുടെ ഓണം അങ്ങ് ദൂരെ ട്രംപിന്റെ നാട്ടിലാണ്. നീരജ് മാധവ് തിരക്കഥയെഴുതുന്ന പുതിയ സിനിമ ‘ലവ കുശ’യുടെ സെറ്റിൽ ബിസിയാണ് അക്ഷര. ഓണം എന്തായാലും വീട്ടിൽത്തന്നെയാകും. ചേച്ചിക്കും തനിക്കും പിന്നാലെ ചേട്ടൻ ഇവാനും സിനിമാതാരമാകുന്നുവെന്നതാണ് എറിക്കിന് സന്തോഷം. ആസിഫ് അലിയുടെ ‘മന്ദാരം’ എന്ന സിനിമയിലാണ് ചേട്ടനും അനിയനും ഒരുമിക്കുന്നത്. ഇതിലും വലിയ ഓണസമ്മാനം എന്തു വേണം. രുദ്രാക്ഷിന് കഴിഞ്ഞ ഓണം സന്തോഷവും സങ്കടവും കൊടുത്തെങ്കിലും ഈ ഓണം അച്ഛനും അമ്മയ്ക്കുമൊപ്പം കോഴിക്കോട്ടെ വീട്ടിലാണ്.

കളിചിരി ബഹളങ്ങള്‍ തീര്‍ന്നപ്പോള്‍ കുട്ടിപ്പട്ടാളത്തിനായി തൂശനില നിവർന്നു. ഉപ്പേരിയും ശർക്കരവരട്ടിയും തോരനും തീയലും കാളനും പച്ചടിയും കിച്ചടിയും കൂട്ടുകറിയും പപ്പടവും പഴവും പായസവും വരിവരിയായി നിരന്നു. പന്ത്രണ്ട് കണ്ണുകളും തൊട്ടടുത്ത ഇലയിലെ ഉപ്പേരിയിലും പപ്പടത്തിലുമാണ്. പപ്പടക്കൊതിയനും പായസക്കൊതിയനുമെല്ലാം ഒത്തുചേർന്ന് ആർപ്പു വിളിച്ചപ്പോൾ ശ്രേയ പാടി....

‘പൂവിളി പൂവിളി പൊന്നോണമായി

നീ വരൂ നീ വരൂ

പൊന്നോണത്തുമ്പീ’