Tuesday 21 January 2020 04:45 PM IST : By സ്വന്തം ലേഖകൻ

മുറിവ് പുറത്തു കണ്ടില്ലെങ്കിലും പേവിഷബാധയേൽക്കും; പൂച്ച മാന്തിയ കുട്ടിയ്ക്ക് സംഭവിച്ചത്! കുറിപ്പ് വൈറൽ

cat-bite4455ghjgh

പൂച്ച മാന്തിയതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ് 11 വയസ്സുകാരൻ മരണപ്പെട്ടു. പൂച്ച മാന്തിയെങ്കിലും മുറിവ് പുറത്തുകാണാത്തത്‌ കൊണ്ട്  ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. റാബീസ് എന്ന പേവിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തില്‍ പ്രവേശിക്കാൻ മുറിവ് വേണമില്ലെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവം. സുധീര്‍ കെ എച്ച് എന്നയാളുടെ ഫെയ്സ്ബുക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സുധീര്‍ കെ എച്ച് പങ്കുവച്ച കുറിപ്പ് വായിക്കാം;

വളരെ സങ്കടകരമായ ഒരു വാര്‍ത്തയാണ്... പൂച്ച മാന്തിയതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ് 11 വയസ്സുകാരന്‍ മരണപ്പെട്ടു എന്നതാണ് ഇന്നത്തെ പത്രങ്ങളില്‍ വന്ന ആ വാര്‍ത്ത! എന്താണ് നമ്മുടെ ആളുകള്‍ കാര്യങ്ങള്‍ ഇത്ര നിസ്സാരമായി കാണുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. 'പൂച്ച മാന്തി എങ്കിലും മുറിവ് ഇല്ലാതിരുന്നതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല' എന്നാണ് വാര്‍ത്ത കണ്ടത്. റാബീസ് എന്ന പേവിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തില്‍ കയറാന്‍ കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്ന ഒരു മുറിവ് വേണമെന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

പൂച്ചയുടെ അല്ലെങ്കില്‍ പേവിഷബാധ ഉണ്ടാക്കാന്‍ സാധിക്കുന്ന ഏത് മൃഗത്തിന്റെ ആയാലും നഖം ഒന്ന് പോറിയാല്‍ മതി വിഷബാധ ഏല്‍ക്കാന്‍. കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്ന ഒരു പോറല്‍ വേണമെന്നുമില്ല. പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീര്‍ ശരീരത്തില്‍ പുരണ്ടാല്‍ പോലും വിഷബാധ ഏല്‍ക്കാം... അതുകൊണ്ട് മൃഗങ്ങള്‍ മാന്തി അല്ലെങ്കില്‍ പല്ല് കൊണ്ടു എന്നു തോന്നിയാല്‍ പോലും നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണം. 

കുട്ടികള്‍ പൂച്ചകള്‍ പോലുള്ള വളര്‍ത്തുജീവികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ ഇവയെ ഒന്നും വീട്ടില്‍ വളര്‍ത്താതിരിക്കുക. വളര്‍ത്തണം എന്നത് നിര്‍ബന്ധമാണെങ്കില്‍ വീടിന്റെ അകത്തേക്ക് ഒരു കാരണവശാലും കയറ്റാതിരിക്കുക. കാരണം കളിക്കുമ്പോള്‍ പൂച്ചക്കുട്ടികളുടെ നഖം കുട്ടികളുടെ ദേഹത്തു കൊള്ളാന്‍ സാധ്യത വളരെ കൂടുതലാണ്. അത് നമ്മള്‍ പലപ്പോഴും അറിയുകയുമില്ല.

പൂച്ചയെ വീടിനകത്ത് കയറ്റരുത് എന്നു പറയാന്‍ വേറെയും കാരണം ഉണ്ട്. പൂച്ചയുടെ രോമത്തില്‍ നിന്നും മറ്റു അവശിഷ്ടങ്ങളില്‍ നിന്നും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഉണ്ടാക്കുന്ന Toxoplasmosis എന്ന രോഗം ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നും ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കും എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പൂച്ചയെ എടുക്കാനും കുട്ടികളെ അനുവദിക്കരുത്. 

എന്റെ പൂച്ച വീട്ടില്‍ നിന്ന് മറ്റെവിടേക്കും പോകാറില്ല എന്നൊക്കെയുള്ള ന്യായങ്ങള്‍ വെറുതെയാണ്. പൂച്ച എവിടെയൊക്കെ പോകുന്നു എന്നോ മറ്റേതൊക്കെ മൃഗങ്ങളുമായി ഇടപഴകുന്നു എന്നോ മറ്റേതെങ്കിലും മൃഗങ്ങളുടെ പക്കല്‍ നിന്നും മാന്തോ കടിയോ കിട്ടുന്നുണ്ടോ എന്നോ ഒക്കെ നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല. അതുകൊണ്ട് വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയോ പൂച്ചക്കുഞ്ഞുങ്ങളോ നായയോ നായ്ക്കുട്ടിയോ ആണ് കടിക്കുന്നത് അല്ലെങ്കില്‍ മാന്തുന്നത് എങ്കിലും നിര്‍ബന്ധമായും പേ വിഷബാധക്കെതിരായ വാക്സിന്‍ എടുത്തിരിക്കണം.

വാക്സിന്‍ നിങ്ങളുടെ പ്രദേശത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും താലൂക്ക് ആശുപത്രി മുതല്‍ മുകളിലേക്കുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും തീര്‍ത്തും സൗജന്യമായി ലഭിക്കും. ഒട്ടും വേദനയില്ലാത്ത തീരെ ചെറിയ സൂചി കൊണ്ട് തൊലിപ്പുറമെ എടുക്കുന്ന നാല്  കുത്തിവയ്പ്പുകള്‍ ആണിത്. ഇതിന് നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്റെ വിലയുണ്ട് എന്നത് വിസ്മരിക്കരുത്..

പൂച്ച മാത്രമല്ല, വവ്വാല്‍, കീരി, കുറുക്കന്‍, അണ്ണാന്‍, മുയല്‍ അങ്ങനെ എന്ത് മൃഗം ആണെങ്കിലും അവ മാന്തുകയോ കടിക്കുകയോ ചെയ്താല്‍ ഉടനെ പോയി വാക്സിന്‍ എടുത്തിരിക്കണം. ഒരുകാരണവശാലും വ്യാജ ചികിത്സകരുടെ അടുത്ത് പോയി അവരുടെ ഉപദേശം കേട്ട് നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ പണയം വയ്ക്കരുത് എന്നപേക്ഷിക്കുന്നു..

Tags:
  • Spotlight
  • Social Media Viral