Tuesday 25 September 2018 02:50 PM IST : By സ്വന്തം ലേഖകൻ

‘‘എനിക്ക് ഇനിയും പഠിക്കണം, ഈ കല്യാണം നടത്തരുത്’’; സ്കൂള്‍ യൂണിഫോമില്‍ സ്‌റ്റേഷനിലെത്തിയ ആറാം ക്ലാസുകാരിയുടെ ആവശ്യം കേട്ട് പൊലീസുകാർ ഞെട്ടി

ch

‘‘എനിക്ക് ഇനിയും പഠിക്കണം. ഈ കല്യാണം നടത്തരുതെന്ന് എന്റെ അച്ഛനോടും അമ്മയോടും ഒന്ന് പറയാമോ’’.

സ്കൂള്‍ യൂണിഫോമില്‍ പോലീസ് സ്‌റ്റേഷനിലെത്തിയ ആറാം ക്ലാസുകാരിയുടെ നിറകണ്ണുകളോടെയുള്ള അപേക്ഷ കേട്ട് പൊലീസുകാർ ഞെട്ടി. ജിവന്‍ന്ദലയിലാണ് സംഭവം.

സുഭാഷ് ചന്ദ്രഘോഷ് എന്ന പോലീസ് ഉദ്യോഗസ്ഥനോടാണ് പെണ്‍കുട്ടി തന്റെ ദയനീയാവസ്ഥ തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്തരുതെന്ന് താക്കീതും നല്‍കി.

കഴിഞ്ഞ ആറ് മാസമായി അച്ഛൻ തനിക്ക് വേണ്ടി വിവാഹം ആലോചിക്കുകയാണെന്നും തനിക്ക് താത്പര്യമില്ല എന്നു പറഞ്ഞിട്ടും ആരും കേട്ട ഭാവം നടിക്കുന്നില്ല എന്നുമാണ് പെൺകുട്ടി പറയുന്നത്. ശനിയാഴ്ച വിവാഹമുറപ്പിക്കാന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ബംഗാറിലെ ചന്ദനേശ്വറിലുള്ള വരന്റെ വസതിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പോലീസ് സ്‌റ്റേഷനിലെത്തിയത്.

സ്കൂളില്‍ നിന്നും വരുന്ന വഴി സുഹൃത്തായ പെണ്‍കുട്ടിയോട് തനിക്കൊപ്പം പൊലീസ് സ്‌റ്റേഷനില്‍ വരാമോ എന്ന് ചോദിച്ചു. എന്നാല്‍ തനിക്ക് ഭയമാണെന്ന് കൂട്ടുകാരി പറഞ്ഞതോടെ ഒറ്റയ്ക്ക് സ്റ്റേഷനിലെത്തുകയായിരുന്നു. 2.5 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി തന്റെ പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു.

തുടര്‍ന്ന് വീട്ടിലെത്തി പെണ്‍കുട്ടിയുടെ പിതാവിനോട് കാര്യം പറഞ്ഞെങ്കിലും വിവാഹത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ നിയമവശങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ വിവാഹം നടത്തില്ലെന്ന് എഴുതി നല്‍കി.

ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇത്തരത്തിലുള്ള എട്ട് വിവാഹങ്ങള്‍ ഈ വര്‍ഷം മാത്രം ഇടപെട്ട് മുടക്കിയിട്ടുണ്ടെന്നും എം.എല്‍.എ സൗകത് മൊല്ലാ പറഞ്ഞു.