Monday 24 June 2019 05:36 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങി, രക്ഷിച്ചത് 2 മണിക്കൂറിനു ശേഷം! ശ്രദ്ധിക്കുക, അപകടം പതിയിരിക്കുന്നു

child

ഒരു നിമിഷത്തെ അശ്രദ്ധയോ, ചിന്തിക്കാതെയുള്ള ഒരു തീരുമാനമോ മതി നിങ്ങളുടെ കുട്ടികളുടെ ജീവൻ ഗുരുതരമായ അപകടത്തിലേക്കു പതിക്കുവാൻ. ഒരു പക്ഷേ, ജീവൻ നഷ്ടപ്പെടാനും മറ്റൊരു കാരണം വേണമെന്നില്ല.

ചെറു പ്രായത്തിലുള്ള കുട്ടികളുമായി വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ രക്ഷകർത്താക്കൾ അതീവ ശ്രദ്ധാലുക്കളായിരിക്കണം. ടൂ വീലർ, കാർ തുടങ്ങിയ വാഹനങ്ങളിലാണെങ്കിൽ പ്രത്യേകിച്ചും.

അതിൽ തന്നെ കാർ കൂടുതൽ സുരക്ഷിതമെന്നു കരുതുമ്പോഴും അതിലും ചില വലിയ അപകടങ്ങൾ പതിയിരിക്കുന്നു എന്നതാണ് സത്യം, പ്രത്യേകിച്ചും ചെറിയ കുട്ടികൾ ഒറ്റയ്ക്ക് കാറിനുള്ളിൽ കുടുങ്ങിപ്പോകുന്നത്. അത്തരത്തിൽ പല കുട്ടികളുടെയും ജീവൻ നഷ്ടപ്പെട്ട വാർത്ത വിവിധ ഭാഗങ്ങളിൽ നിന്നായി സമീപ കാലത്ത് ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം പഞ്ചാബിലെ നങ്കലിൽ നിന്നുള്ള ഒരു വിഡിയോ ഇത്തരം ജാഗ്രതക്കുറവുകൾ കാരണമുണ്ടാകുന്ന വലിയ അപകടങ്ങളെക്കുറിച്ച് വീണ്ടും ഒർമപ്പെടുത്തുന്നതാണ്.

നങ്കലിലെ തിരക്കുള്ള ഒരു പ്രദേശത്താണ് സംഭവം. ലോക്കു ചെയ്യപ്പെട്ട ഒരു കാറിനുള്ളിൽ, ഫ്രണ്ട് സീറ്റിൽ കയറി നിന്ന് ഒരു ചെറിയ ആൺകുട്ടി ഭയത്തോടെ കരയുന്നതു കണ്ടാണ് ജനം കാറിനു ചുറ്റും കൂടിയത്. കുട്ടിയെ കാറിനുള്ളിൽ ഒറ്റയ്ക്കാക്കി അച്ഛനമ്മമാർ പുറത്തേക്കു പോകുകയായിരുന്നു. അപ്പോൾ കുട്ടി ഉറക്കത്തിലായിരുന്നുവത്രേ. എന്നാൽ മാതാപിതാക്കളുടെ കണക്കു കൂട്ടൽ തെറ്റിച്ച് വേഗത്തിൽ ഉണർന്ന കുട്ടി കാറിനുള്ളിൽ താൻ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി, ഭയന്നു കരയുകയായിരുന്നു.

ചുറ്റും കൂടിയ നാട്ടുകാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാറിന്റെ ഡോർ തുറക്കാനോ, ചില്ല് തകർത്ത് കുട്ടിയെ രക്ഷിക്കാനോ പറ്റിയില്ല. കാറിന്റെ എഞ്ചിൻ ഓണായിരുന്നതിനാലും എ.സി പ്രവർത്തിച്ചിരുന്നതിനാലും വലിയ അപകടത്തിനുള്ള സാധ്യതയുണ്ടായിരുന്നില്ല എന്നതായിരുന്നു ഏക ആശ്വാസം. ആൾക്കൂട്ടം കണ്ട് കൂടുതൽ ചകിതനായ കുട്ടി ഇതിനിടെ കാറിനുള്ളിലെ ലോക്ക് ബട്ടണുകളിൽ അമർത്തിയത് കൂടുതൽ കുഴപ്പമായി.

അപ്പോഴേക്കും മാതാപിതാക്കൾ തിരിച്ചെത്തി. പക്ഷേ, കാർ അതിനിടെ ഉള്ളിൽ നിന്നു ലോക്കായിപ്പോയിരുന്നു. ഒടുവില്‍ രണ്ടു മണിക്കൂറുകൾക്കു ശേഷമാണ് വാഹനം തുറന്ന് കുട്ടിയെ രക്ഷപ്പെടുത്താനായത്.

കാറിന്റെ എസി വർക്ക് ചെയ്യാത്ത അവസ്ഥയിലാണെങ്കിൽ ചൂട് കൂടി കുട്ടികളുടെ ജീവൻ അപകടത്തിലായേക്കും. പുറത്തെ ചൂടിനെക്കാൾ ഇരട്ടിയായിരിക്കും നിർത്തിയിട്ട വാഹനത്തിലെ ചൂട്.

ഇതിന്റെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇത്തരത്തിൽ, മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധ കുട്ടികളുടെ ജീവനെടുത്ത സംഭവങ്ങൾ നിരവധിയാണ്. ഇതേ പോലെ കുട്ടികൾ കാറിൽ കുടുങ്ങി, മരണപ്പെട്ട സംഭവങ്ങളും ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരിക്കലും കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തരുത്. അഥവാ വാഹനത്തിനുള്ളിൽ കുട്ടികൾ കുടുങ്ങിപ്പോയാൽ തന്നെ ധൈര്യം കൈവിടാതെ തുടർച്ചയായി വാഹനത്തിന്റെ ഹോൺ അടിക്കണമെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കണം. തുടർച്ചയായ ഹോണ്‍ ശബ്ദം കേട്ട് മറ്റുള്ളവർ രക്ഷയ്ക്കെത്തുമെന്നത് അവരെ മനസിലാക്കിക്കണം.

പല വിദേശ രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ തന്നെ നിലവിലുണ്ട്.