Monday 20 September 2021 12:40 PM IST : By സ്വന്തം ലേഖകൻ

പ്ലസ് 2 വിദ്യാര്‍ത്ഥിനിയുടെ നിക്കാഹ്: പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കും വരനുമെതിരെ കേസ്: അറസ്റ്റ് ഉടന്‍

chid-marriage

മലപ്പുറം കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാര്‍ നടത്തിയത്.പെണ്‍കുട്ടിയുടെ രക്ഷിതാവ്, വരന്‍,മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇന്നലെ വിവാഹം നടത്തിയതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. എന്നാല്‍ ഇത്തരം കേസുകളില്‍ ഇരയുടെ ഒരു വിവരവും പുറത്തുവിടാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടില്ല.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ഭര്‍ത്താവിനും, കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും, ചടങ്ങിന് നേതൃത്വം നല്‍കിയ മത പുരോഹിതര്‍ക്കും പ്രേരണ നല്‍കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും എതിരെയാണ് കേസ്. അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് കുറ്റം. ബാല വിവാഹത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കാറുണ്ട്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് വരന്‍.