Wednesday 19 February 2020 05:13 PM IST : By സ്വന്തം ലേഖകൻ

എന്തെങ്കിലും കഴിക്കാമെന്നു കരുതി ചെന്നാൽ ജയിൽ പുള്ളിയാകും; തടവറയിൽ ഭക്ഷണം വിളമ്പുന്ന പ്രിസൺ റെസ്റ്റോറന്റ്

prison

വെളിച്ചം അരിച്ചിറങ്ങാൻ മടിക്കുന്ന ആ മുറിക്കുള്ളിൽ നിങ്ങൾ ഏകനായിരിക്കും. ആരും കൂട്ടിനില്ലാത്ത സെല്ലിനുള്ളിൽ നിങ്ങളും അരണ്ട വെളിച്ചവും മാത്രം. നിങ്ങളുടെ കൈകൾ ബന്ധിക്കപ്പെടും, ജയിൽ പുള്ളികൾ ധരിക്കുന്ന വസ്ത്രങ്ങൾ നിങ്ങളേയും അണിയിക്കും. എല്ലാ നടപടി ക്രമങ്ങളും കഴിയുമ്പോഴേക്കും നിങ്ങൾ അടിമുടി ജയിൽപ്പുള്ളിയായി മാറയിട്ടുണ്ടാകും.

കള്ളനും കൊള്ളക്കാരനും വാഴുന്ന തടവറയുടെ ചിത്രം തന്നെയാണ് മേൽ വിവരിച്ചത്. പക്ഷേ ‘നിർഭാഗ്യവശാൽ’ അതൊരു ഭക്ഷണശാല കൂടിയാണ്. വേറിട്ട രുചിക്കൊപ്പം സ്വാതന്ത്ര്യത്തിന്റെ മധുരമെന്തെന്ന് പഠിപ്പിക്കുന്ന ഭക്ഷണശാല.

ചൈനയിലെ ‘ഡെവിൾ ഐലന്റ് പ്രിസൺ റെസ്റ്റോറന്റ്’ ആണ് ഭക്ഷണപ്രേമികളുടെ കിളിപറത്തുന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. സർവവിധ സ്വാതന്ത്ര്യവും അനുഭവിച്ച് പുറത്ത് സ്വൈര്യ വിഹാരം നടത്തുന്നവർക്കുള്ള ഓർമപ്പെടുത്തലാണ് ഈ ഭക്ഷണശാല. അവിടെ നിന്ന് ജയിൽ പുള്ളിയായി ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്കും സ്വാതന്ത്ര്യത്തിന്റെ വില എന്തെന്ന് മനസിലാക്കുമെന്ന് ഹോട്ടൽ അധികൃതരുടെ ഗ്യാരണ്ടി.

ബ്രഡും നൂഡിൽസുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. വിളമ്പുന്ന രുചിയിൽ യാതൊരു വിധ വിട്ടുവീഴ്ചകളും ഇവർക്കില്ല. പക്ഷേ വ്യത്യസ്ത പ്രമേയമാണ് ‘ഡെവിൾ ഐലന്റ് പ്രിസൺ റെസ്റ്റോറന്റിനെ’ സോഷ്യൽ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

വിരലടയാളം പതിപ്പിച്ച് കവാടത്തിലൂടെ പ്രവേശിക്കുന്നതോടെയാണ് ഇരുട്ടിന്റെ ലോകം നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത്. അതുവരെ നമ്മൾ ആസ്വദിച്ചു പോരുന്ന സ്വാതന്ത്ര്യവും അതോടെ നിഷേധിക്കപ്പെടുന്നു. സെല്‍ നമ്പറുകൾ രേഖപ്പെടുത്തിയ വസ്ത്രങ്ങളാണ് പിന്നെ ധരിക്കേണ്ടി വരുന്നത്. തുടർന്ന് കൈകളിൽ വിലങ്ങു ചാർത്തും. വെള്ളയും കറുപ്പം വസ്ത്രങ്ങളിഞ്ഞ വെയ്റ്റർമാരാണ് ‘ജയിൽ അധികൃതർ.’ അവർ ഭക്ഷണപ്രേമിയുടെ കൈകളെ വിലങ്ങിനാൽ ബന്ധിക്കുന്നു. സെല്ലിലേക്ക് തള്ളി വിടുന്നതോടെ വെയ്റ്റർമാർ അവിടെ നിന്ന് പോകും. വെളിച്ചമിറങ്ങാത്ത ആ മുറിയുടെ ഏതോ കിളിവാതിലിൽ നിന്നും പിന്നെ ഭക്ഷണം എത്തുകയായി.

1980കളിലെ ചൈനയിലെ ജയിലറകളെ അനുസ്മരിപ്പിക്കും വിധമാണ് ഈ റെസ്റ്റോറന്റിന്റെ നിർമാണം. ജയിൽ ജീവിതത്തിന്റെ ഭീകരത മനസിലാക്കിക്കൊടുക്കുക എന്നതാണ് തങ്ങൾ ലക്ഷ്യമാക്കുന്നതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഒപ്പം ജനങ്ങളെ കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇവരുടെ ഉദ്യമത്തിനുണ്ട്. ഇത്ര കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കേണ്ടതുണ്ടോ എന്ന ചോദ്യം സോഷ്യൽ മീഡിയ ചോദിക്കുമ്പോഴും ദിനവും ആയിരങ്ങളാണ് ‘ഡെവിൾ ഐലന്റ് പ്രിസൺ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്നത്.