Wednesday 20 November 2019 10:09 AM IST : By സ്വന്തം ലേഖകൻ

റെയിൽവേ നിയമം തെറ്റിക്കുന്നവരെ പൂട്ടാൻ ‘ചിന്നപ്പൊണ്ണ്’; പൊലീസുകാരുടെ കണ്മണിയായി മാറിയ നായയുടെ കഥ!

chennai-dog-railway

തമിഴകത്ത് തരംഗമായി മാറിയിരിക്കുകയാണ് ചിന്നപ്പൊണ്ണ് എന്ന നായ. ചെന്നൈയിലെ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിലെ കൗതുക കാഴ്ചയാണ് ചിന്നപ്പൊണ്ണ്. റെയിൽവേ നിയമം തെറ്റിക്കുന്നവരെ കുരച്ചു ചാടി ഭയപ്പെടുത്തുന്ന ചിന്നപ്പൊണ്ണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് എപ്പോഴും. ആരെങ്കിലും റെയിൽവേ പാളം മുറിച്ചു കടന്നാലോ, ട്രെയിനിന്റെ ഫുട്ബോർഡിൽ നിന്നു യാത്ര ചെയ്താലോ ചിന്നപ്പൊണ്ണ് കുരച്ചുകൊണ്ട് പുറകെ ചെല്ലും. നിയമങ്ങൾ പാലിക്കാത്തവർക്കുള്ള മുന്നറിയിപ്പാണ് ചിന്നപ്പൊണ്ണിന്റെ ഉച്ചത്തിലുള്ള കുര.

രണ്ടു വർഷം മുൻപ് ഉടമ ഉപേക്ഷിക്കുകയായിരുന്നു നായയെ. വീട്ടുടമയുമായുള്ള തർക്കമാണ് നായയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കാനുള്ള കാരണം. ഒരിക്കൽ നായയെ കാണാൻ ഉടമ അവിടെയെത്തിയിരുന്നു. അന്നാണ് ചിന്നപ്പൊണ്ണ് എന്നാണ് നായയുടെ പേരെന്ന് മനസ്സിലായത്. അന്നുതൊട്ട് നായയെ എല്ലാവരും ചിന്നപ്പൊണ്ണ് എന്ന് വിളിച്ചുതുടങ്ങി. 

റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കൊന്നും ചിന്നപ്പൊണ്ണ് ഒരു ശല്യമല്ല. റെയിൽവേ പൊലീസുകാരെ മാത്രമേ നായ പിന്തുടരുകയുള്ളൂ. ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്ത രണ്ട് സെക്കന്റ് ദൈർഘ്യമുള്ള ചിന്നപ്പൊണ്ണിന്റെ വിഡിയോ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലും പങ്കുവച്ചിട്ടുണ്ട്.

Tags:
  • Spotlight
  • Social Media Viral