Monday 12 August 2019 09:39 AM IST : By സ്വന്തം ലേഖകൻ

നൻമയുടെ പാൽമണം! കൊതിച്ചെത്തിയ കൺമണിയെ വിട്ട് മുത്തു പോയി, ചിന്നുക്കുട്ടിയെ മുലയൂട്ടി ക്യാംപിലെ അമ്മമാർ

chinnuneq

ദുരിതപ്പേമാരിയിൽ വലഞ്ഞ് കേരളം പകച്ചു നിൽക്കുമ്പോഴും നൻമയുടെയും കരുണയുടെയും കനലുകൾ കത്തിയുണരുന്ന വാർത്തകളാണ് എങ്ങുനിന്നും വരുന്നത്. ഒരേ മനസ്സോടെ, ഒറ്റക്കെട്ടോടെ സഹജീവികൾക്കു വേണ്ടി കൈകോർക്കുകയാണ് നാട്.

വയനാട്ടിലെ പനമറ്റത്തു നിന്നു വരുന്നതും അത്തരമൊരു വാർത്തയാണ്. അമ്മിഞ്ഞപ്പാലിന്റെ മണം മാറും മുൻപേ അമ്മയെ നഷ്ടപ്പെട്ട കുരുന്നിന് ദുരിതാശ്വാസ ക്യാംപിലുള്ളവർ പോറ്റമ്മമാരാകുന്നു.

ദൃശ്യയെന്ന ആറു മാസക്കാരിയാണ് ഈ അമ്മമാരുടെ സ്നേഹനിറവിൽ ജീവിതത്തിലേക്കു പിച്ചവച്ചു കയറുന്നത്. ദൃശ്യക്കുട്ടിക്ക് മുലപ്പാൽ നൽകുന്നതും നഞ്ചോടു ചേർത്തു കിടത്തി ഉറക്കുന്നതുമൊക്കെ ഈ അമ്മമാമാരാണ്.

കഴിഞ്ഞ ദിവസം, വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച പനമരം മാതോത്ത്പൊയിൽ കാക്കത്തോട് കോളനിയിലെ മുത്തുവിന്റെ മകളാണ് ദൃശ്യ. 24 കാരിയാണ് മുത്തു.

അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ സ്കൂളിലെ താൽക്കാലിക ദുരിതാശ്വാസ ക്യാംപിൽ അച്ഛൻ ബാബുവിനൊപ്പമാണ് ഇപ്പോൾ ദൃശ്യ.

6 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു മുത്തുവിനും ബാബുവിനും കുഞ്ഞ് ജനിച്ചത്. എന്നാൽ അവളെ കൊഞ്ചിച്ചു കൊതി തീരും മുമ്പേ, മുത്തുവിനെ മരണം മഴയുടെ രൂപത്തിലെത്തി കവർന്നു കൊണ്ടു പോയി. എന്നാൽ ആ അനാഥത്വത്തിന്റെ നീറ്റൽ ദൃശ്യ അറിയുന്നില്ല. അവളെ ക്യാംപിലുള്ളവർ സ്വന്തം മകളെപ്പോലെ കരുതുന്നു; സമപ്രായക്കാരായ മക്കളുള്ള അവരിൽ ചിലർ അവൾക്കും മുലപ്പാൽ നൽകുന്നു. ക്യാംപിലുള്ളവരുടെ ചിന്നുക്കുട്ടിയായി ദൃശ്യ വേദനകൾക്കിടയിലും സന്തോഷം പരത്തുകയാണ്.