Friday 26 March 2021 09:37 AM IST : By സ്വന്തം ലേഖകൻ

‘തൊടേണ്ട മോനെ ഉടുപ്പിൽ മണ്ണു പറ്റും’: കണ്ടുനിന്നവരുടെ മനവും മിഴിയും നിറച്ച ആലിംഗനം: ഹൃദ്യം ഈ രംഗം

election-anoop

വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിക്കുകയാണ്. ഇതിനിടയിലും ഹൃദയസ്പർശിയായ ഒത്തിരി രംഗങ്ങളും കടന്നു പോകുന്നുണ്ട്. ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാ‍ർഥി ബി.എസ്. അനൂപും അമ്മയുമാണ് സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റുന്ന പുതിയ കഥയിലെ താരങ്ങൾ. അനൂപിന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മാതൃസ്നേഹത്തിന്റെ നിർമ്മലമായ ആ കാഴ്ച കണ്ടത്. പഴച്ചിറ വാർഡിൽ അനൂപിന്റെ പര്യടനമെത്തിയപ്പോഴായിരുന്നു കണ്ടുനിന്ന എല്ലാവരുടെയും കണ്ണുനനയിച്ച ഒരു ആലിംഗനം പിറന്നത്.

നാട്ടിൽ തൊഴിലുറപ്പു ജോലി ചെയ്യുന്ന സ്ത്രീകൾക്കരികിലേക്കു വോട്ട് ചോദിച്ചെത്തിയതായിരുന്നു ആ മകൻ. അപ്പോഴാണ്, അക്കൂട്ടത്തിൽ അനൂപ് അമ്മ സുദേവിയെ കണ്ടത്. കെട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോൾ അമ്മ വിലക്കി. ‘തൊടേണ്ട മോനേ, ഉടുപ്പിൽ മണ്ണു പറ്റും..’ പക്ഷേ അനൂപ് അതു വകവയ്ക്കാതെ അവരെ ചേർത്തുപിടിച്ചു. അമ്മയുടെ കണ്ണുകൾ ഒരുനിമിഷം കൊണ്ട് നിറഞ്ഞൊഴുകി. .

പഞ്ചായത്തിൽ അനൂപ് മെംബറായ വാർഡിൽത്തന്നെയാണ് അമ്മ തൊഴിലുറപ്പു ജോലിക്കു പോകുന്നത്. അച്ഛൻ ബ്രഹ്മാനന്ദന് പക്ഷാഘാതം വന്നതിനാൽ ജോലിക്കു പോകുന്നില്ല. വെള്ളിപ്പാട്ടുമലയിലെ വീടിനടുത്ത് ചെറിയൊരു പെട്ടിക്കട നടത്തുന്നു. കൂലിപ്പണിക്കു പോയാണ് 3 ആൺമക്കളെയും സുദേവി വളർത്തിയത്. 2 ചെറിയ മുറികളുള്ള വീട്ടിൽ 3 മക്കളും അച്ഛനും അമ്മയും താമസിക്കാൻ പറ്റാതായതോടെ അനൂപും ഭാര്യയും മക്കളും സമീപത്തു വാടകവീട്ടിലേക്കു മാറി. ദാരിദ്ര്യത്തിന്റെ എല്ലാ ഘട്ടത്തിലും രാഷ്ട്രീയം വിടാതെ കൊണ്ടുനടന്നപ്പോഴും വീട്ടുചെലവിന് അമ്മയുടെ തൊഴിലുറപ്പാണ് ഉറപ്പായത്.

24–ാം വയസ്സിലാണ് അനൂപ് ആദ്യം പഞ്ചായത്ത് അംഗമായത്. രാഷ്ട്രീയത്തിൽ പടികൾ കയറിപ്പോകുമ്പോഴെല്ലാം അനൂപിനെപ്പറ്റി അമ്മയ്ക്ക് ഉറപ്പുണ്ട് – ‘‘അവൻ ഇൗ മണ്ണിൽ നടന്നവനാണ്. പാവമാണ്. ആരുടെ പ്രശ്നത്തിന് എപ്പോഴെന്നില്ലാതെ ഓടിച്ചെല്ലുന്നതാണ് പണ്ടേ ശീലം. അത് മാറില്ല.’’