Saturday 11 December 2021 02:27 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിക്കൈകളും കാലുകളും മോൾഡ്ചെയ്ത് ഫ്രെയിം ചെയ്യുന്ന കാസ്റ്റിംഗ്: തലയിൽ മിന്നിയ ബുദ്ധി ബിസിനസാക്കി ഈ വീട്ടമ്മമാർ

casting

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സധൈര്യം മുന്നോട്ട് നീങ്ങിയതാണ് അശ്വതിയുടേയും ചിത്രയുടെയും ബിസിനസിന്റെ വിജയം. അധികംകേട്ടിട്ടില്ലാത്ത കാസ്റ്റിങ് എന്ന കല തിരഞ്ഞെടുത്തപ്പോൾ പഠിക്കാൻ ഏറെ കാര്യങ്ങളുണ്ടായിരുന്നു.

‘‘ഞങ്ങളുടെ പങ്കാളികൾ തമ്മിലുള്ള സൗഹൃദത്തിൽ നിന്നാണ് ഞാനും ചിത്രയും പരിചയപ്പെടുന്നത്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഞങ്ങൾ നല്ല കൂട്ടുകാരായി. മക്കൾ ഉണ്ടായ സമയത്താണ് ആദ്യമായി ഞങ്ങൾ കാസ്റ്റിങ്ങിനെ കുറിച്ച് അന്വേഷിക്കുന്നത്.

വിദേശത്തൊക്കെ കുഞ്ഞുങ്ങൾ ഉണ്ടായി കഴിഞ്ഞാൽ അവരുടെ കയ്യുകളുടേയും കാലിന്റെയുമൊക്കെ രൂപം മോൾഡ് ചെയ്ത് ഫ്രെയിം ചെയ്ത് സൂക്ഷിക്കുന്ന പതിവുണ്ട്. കേരളത്തിൽ അന്ന് ഇങ്ങനെയൊരു കാര്യം പലർക്കും അറിയില്ലായിരുന്നു.

ഒരേ മോഹങ്ങൾ

ബിസിനസ് ഞങ്ങൾ രണ്ടു പേരുടെയും മോഹമായിരുന്നു. വ്യത്യസ്തമായി എന്തുചെയ്യാം എന്ന ചിന്തയാണ് കാസ്റ്റിങ്ങിൽ എത്തിച്ചത്.

രണ്ടര വർഷത്തോളം പരിശീലനവും ഗവേഷണവും നടത്തി. കോവിഡ് രൂക്ഷമായ സമയത്താണ് ഓൺലൈൻ ബിസിനസിന് തുടക്കമിട്ടത്. ‘SOUL COCHIN ’ എന്നാണ് പേജിന്റെ പേര്. വളരെ നേരമെടുത്ത് ശ്രദ്ധിച്ച് ചെയ്യേണ്ട പ്രക്രിയയാണിത്. കുഞ്ഞുണ്ടായി രണ്ടാം ദിവസം മുതൽ ഇംപ്രഷൻസ് എടുക്കാം. ഓരോ കുഞ്ഞു വരയും ഒപ്പിയെടുക്കാൻ കഴിയണം. ആദ്യം മോള്‍ഡിങ് മെറ്റീരിയലിലേക്ക് കൈകാലുകള്‍ മുക്കി ഇംപ്രഷനെടുക്കും. ഇതിന് ഏതാനും സെക്കൻഡ് മതി. ശേഷം ഇതിലേക്ക് കാസ്റ്റിങ് പൗഡർ അടങ്ങുന്ന കൂട്ടു ചേർക്കും. രണ്ട് മണിക്കൂർകൊണ്ട് ഉണങ്ങും. കൃത്യമായി പൊട്ടിച്ച് ഇംപ്രഷൻ രൂപങ്ങൾ പുറത്തെടുക്കാം.

നേരിയ ജലാംശം നിലനിൽക്കുന്നതിനാൽ നന്നായി ഉണങ്ങിയതിന് ശേഷമേ ബാക്കി പ്രോസസ് ചെയ്യൂ. ഇത് ഇഷ്ടമുള്ള നിറത്തിൽ, നാലു മുതൽ അഞ്ച് ആഴ്ചകൾക്കുള്ളിൽ ഇഷ്ടമുള്ള ഫ്രെയിമിൽ ഒരുക്കി നൽകും.

ഭാര്യാ ഭർത്താക്കൻമാരുടെ കൈകൾ, കുടുംബത്തിലെ എല്ലാവരേയും ഒരുമിപ്പിക്കുന്ന ഫാമിലിപാക്ക് അങ്ങനെ കസ്റ്റമേഴ്സിന്റെ ഇഷ്ടത്തിന് അനുസരിച്ച് കാസ്റ്റിങ് ചെയ്യാം.

My Own Way

∙ കാസ്റ്റിങ് ഏതു പ്രായത്തിലുള്ളവർക്കും ചെയ്യാം.

∙ ചർമത്തിന് അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല.

ആവശ്യപ്പെടുന്നവർക്ക് അലർജി ടെസ്റ്റ് ചെയ്ത ശേഷമേ പ്രോസസ് ചെയ്യൂ.

∙ നിലവിൽ കേരളത്തിൽ നിന്ന് മാത്രമേ ഓർഡർ സ്വീകരിക്കുന്നുള്ളൂ.