Wednesday 18 September 2019 11:17 AM IST : By സ്വന്തം ലേഖകൻ

‘മ്മക്ക് ഓരോ ആനക്കാട്ടിൽ ചാക്കോച്ചിയും കണകുണ മാർട്ടിയും കാച്ചിയാലോ?’; സിനിമാ പ്രാന്തൻ ജ്യൂസ് കട തുടങ്ങിയാൽ ഇങ്ങനിരിക്കും

shop

പൊരിവെയിലത്ത് വിയർത്തൊലിച്ച് നട്ടം തിരിഞ്ഞ് നിൽക്കുമ്പോഴാണ് ആ കട കാണുന്നത്. ‘ഒലക്ക! ഒരു കട്ട ലോക്കൽ ഐസ്ക്രീം കട.’ ഒരു പേരിലെന്തിരിക്കുന്നു എന്ന് ചിന്തിച്ച് ദാഹമകറ്റാൻ ഓടിക്കയറിയത് ഇതേ ഐസ്ക്രീം കടയിൽ. മുന്നിലേക്കെത്തിയ മെനുവിൽ കണ്ണുഴിഞ്ഞ് എന്തെങ്കിലും കുടിക്കൊനൊരുങ്ങിയപ്പോഴാണ് ആ വിജൃംഭിച്ച കാഴ്ച.

ഫ്രഷ് ജ്യൂസിന്റേയും ഐസ്ക്രീമിന്റേയും മെനു കാർഡിലെ സ്ഥാനം മറ്റു പല വമ്പൻമാരും കയ്യടക്കിയിരിക്കുന്നു. വാനില ഷേയ്ഖിന് അവിടുത്തുകാർ നൽകിയിരിക്കുന്ന പേര് ആനക്കാട്ടിൽ ചാക്കോച്ചി! ഇതെന്ത് മറിമായം എന്ന് ചിന്തിച്ച് അടുത്ത ലിസ്റ്റിലേക്ക് നോക്കിയപ്പോഴും കിളിപറന്നു. ജഗന്നാഥൻ, താരാദാസ്, ആടുതോമ, ഇന്ദുചൂഡൻ എന്നിവർ ലിസ്റ്റിൽ നീണ്ടു നിവർന്നു കിടക്കുന്നു. കണ്ണുമിഴിച്ച് ഒന്നു കൂടി നോക്കിയപ്പോഴാണ് സംഭവം ഒന്നു കൂടി ക്ലിയറായത്. സ്ട്രോബറി, ബട്ടർസ്കോച്ച്, സ്പാനിഷ് ഡിലൈറ്റ് ഇജ്ജാതി സംഗതികൾക്ക് നൽകിയിരിക്കുന്ന ഇരട്ട പേരാണത്രേ ഇത്.

juice-

എന്റെ സ്റ്റേഷൻ പരിധിയിൽ ഒരു ഗുണ്ട മതി എന്ന ജ്യൂസ് സെക്ഷനിലേക്ക് എത്തിയപ്പോഴേക്കും നയം കൂടുതൽ വ്യക്തമായി. ഷാർജയെ കീരിക്കാടൻ ജോസും, വാനില ഫ്ലേവറിനെ മണപ്പള്ളി പവിത്രനും ചിക്കു ഷേയ്ഖിനെ കൊളപ്പുള്ളി അപ്പനുമൊക്കെ ആക്കിയിരിക്കുകയാണ് സിനിമാപ്രാന്തനായ ഈ ജ്യൂസ് കട മുതലാളി. മിക്സഡ് ഫ്രൂട്ടിന് പേര് നകുലനും ഗംഗയും, ഫ്രഷ് ഫ്രൂട്ട്സ് എന്നാൽ ആലിബാബയും 41 കള്ളൻമാരും ഇങ്ങനെ പോകുന്നു പേരിലെ കൗതുക കാഴ്ചകൾ. സോഷ്യൽ മീഡിയയിലാണ് ഈ രസികൻ ജ്യൂസ് കടയുടെ പേര് വൈറലാകുന്നത്.

Tags:
  • Social Media Viral