Saturday 25 September 2021 11:33 AM IST : By സ്വന്തം ലേഖകൻ

‘അമ്മയുടെ സ്വപ്നമായിരുന്നു’; നാലാം പരിശ്രമത്തില്‍ മീരയ്ക്ക് സിവില്‍ സര്‍വീസില്‍ ആറാം റാങ്ക്, ആദ്യ 100 റാങ്കുകളിൽ 6 മലയാളികൾ

meeralllklkkk

തൃശൂർ സ്വദേശി കെ. മീരയ്ക്ക് 2020 ലെ സിവിൽ സർവീസസ് പരീക്ഷയിൽ ആറാം റാങ്ക്. നാലാം പരിശ്രമത്തിലാണ്  മീരയ്ക്ക് സിവില്‍ സര്‍വീസില്‍ ആദ്യ പത്ത് റാങ്കിനുള്ളിൽ ഇടം നേടാനായത്. തൃശൂർ തിരൂർ പോട്ടോർ കണ്ണമാട്ടിൽ കെട്ടിട നിർമാണ കമ്പനി നടത്തുന്ന കെ. രാംദാസിന്റെയും മുണ്ടത്തിക്കോട് എൻഎസ്എസ് ഹൈസ്കൂൾ അധ്യാപിക കെ. രാധികയുടെയും മകളാണ് മീര. 

തൃശൂർ എൻജിനീയറിങ് കോളജിലെ പഠനത്തിനുശേഷം സിവിൽ സർവീസിനു തയാറെടുക്കുകയായിരുന്നു. "നാട് ഒരുപാട് കഷ്ടപ്പാടിലൂടെയാണ് നീങ്ങുന്നത്. നാടിനായി എന്തെങ്കിലും ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അമ്മയുടെ സ്വപ്നമായിരുന്നു ഇത്."- മീര പറയുന്നു.

ബിഹാർ സ്വദേശിയും ഐഐടി ബോംബെയിൽ നിന്നുള്ള കംപ്യൂട്ടർ സയൻസ് ബിരുദധാരിയുമായ ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിൻ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. 

സിവിൽ സർവീസസ്: ആദ്യ 100 റാങ്കുകളിൽ 6 മലയാളികൾ

∙ റാങ്ക് 12 – ഡോ. മിഥുൻ പ്രേംരാജ് 

വടകര മുനിസിപ്പൽ പാർക്കിന് സമീപം കൈലാസത്തിൽ ശിശുരോഗ വിദഗ്ധൻ ഡോ. എം.പ്രേംരാജിന്റെയും ബിന്ദുവിന്റെയും മകൻ. എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. 

∙14 – കരിഷ്മ നായർ 

മുംബൈ ദഹിസറിൽ താമസം. പാലക്കാട് സ്വദേശി. ആക്സിസ് ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡന്റ് പി.വി.നന്ദകുമാരന്റെയും സ്പെഷൽ എജ്യുക്കേറ്റർ ഗീത നന്ദകുമാരന്റെയും മകൾ. 

∙ 57 – വീണ എസ്. സുതൻ 

ആലപ്പുഴ കായംകുളം കണ്ടല്ലൂർ തെക്ക് കടയിൽത്തറയിൽ റിട്ട. ലഫ്. കേണൽ ശ്രീസുതന്റെയും ശ്രീലതയുടെയും മകൾ. ആദ്യ തവണ 299–ാം റാങ്കും രണ്ടാം തവണ 124–ാം റാങ്കും നേടി. മൂന്നാം ശ്രമത്തിൽ 57–ാം റാങ്ക്. 

∙ 62– എം.ബി അപർണ 

തിരുവനന്തപുരം കണിയാപുരം ദ്വാരകയിൽ ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ മനോജ് കുമാറിന്റെയും ബിന്ദുവിന്റെയും മകൾ. 

∙ 63 – ഥീന ദസ്താഗീർ

തിരുവനന്തപുരം ഇക്രായിൽ മുഹമ്മദ് അബ്ദുൽ ഖാദർ ദസ്താഗീർ, ശർമിള ദസ്താഗീർ എന്നിവരുടെ മകളാണ്.

midhun.jpg.image.845.440

100– 200 റാങ്കിൽ ഒൻപതു മലയാളികൾ 

∙ 113–ാം റാങ്ക് –ആര്യ ആർ.നായർ 

കോട്ടയം കൂരോപ്പട അരവിന്ദത്തിൽ റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ ജി.രാധാകൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകൾ. 

∙ 135 – എസ്.മാലിനി 

സാഹിത്യകാരൻ പരേതനായ പ്രഫ.എരുമേലി പരമേശ്വരപിള്ളയുടെ കൊച്ചുമകളും മാവേലിക്കര ചെട്ടികുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഡ്വ. പി.കൃഷ്ണകുമാറിന്റെയും എസ്.ശ്രീലതയുടെയും (റിട്ട.അധ്യാപിക, നൂറനാട് പടനിലം എച്ച്എസ്എസ്) മകളുമാണ്. 

∙ 142 – കെ.എസ്. ഷഹൻഷ 

തൃശൂർ കേച്ചേരി തൂവാന്നൂർ അലങ്കാർ കറപ്പംവീട്ടിൽ ഷാജഹാന്റെയും പെരുമ്പിലാവ് അൻസാർ സ്കൂൾ അധ്യാപിക റാബിയയുടെയും മകൻ. 

∙ 143– പി.ദേവി 

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ആലപ്പുഴ തുറവൂർ വല്ലേത്തോട് ചങ്ങരം കിഴക്കേ മുറിയിൽ പ്രേമചന്ദ്രന്റെയും റിട്ട. പ്രധാനാധ്യാപിക ഗീതയുടെയും മകൾ. 

∙ 145 – അനന്ദ് ചന്ദ്രശേഖർ 

കായംകുളം പത്തിയൂർ കാലാ വടക്കേഅരവണ്ണൂർ  വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായരുടെയും ബിനുവിന്റെയും (ആലുവ മാണിക്യമംഗലം എൻഎസ്എസ് എച്ച്എസ്എസ് പ്രിൻസിപ്പൽ) മകൻ. 

∙ 147 – എ.ബി.ശിൽപ 

തിരുവനന്തപുരം തോന്നയ്ക്കൽ ശിൽപത്തിൽ എൻ.പി.അനിൽകുമാറിന്റെയും ബീനാകുമാരിയുടെയും മകൾ. 

∙ 150 – പി.എം.മിന്നു 

തിരുവനന്തപുരം കാര്യവട്ടത്തിനടുത്ത് തുണ്ടത്തിൽ സ്വദേശി. പരേതനായ പൊലീസ് ഉദ്യോഗസ്ഥൻ പോൾ രാജിന്റെയും മിനിപ്രഭയുടെയും മകൾ. 

∙156–ഡോ.അഞ്ജു വിൽസൺ 

കൊല്ലം കുണ്ടറ കാർത്തികയിൽ റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥരായ ടി.വിൽസന്റെയും ഏഞ്ചലിന്റെയും മകൾ.

∙ 163 – എസ്.എസ്.ശ്രീതു 

തിരുവനന്തപുരം വെള്ളറട സിന്ദൂരത്തിൽ ശ്രീകുമാരൻ നായരുടെയും ശ്രീജയുടെയും മകൾ.

Tags:
  • Spotlight
  • Motivational Story