Friday 10 August 2018 10:13 AM IST

‘നിങ്ങൾ എന്തൊരു സ്ത്രീയാണ്. പുരുഷന്മാർ വരെ കരഞ്ഞു പോകും..’; ജാനുവിനെക്കുറിച്ച് പൊലീസുകാർ പറഞ്ഞത്!

Tency Jacob

Sub Editor

janu-01 ഫോട്ടോ: ബാദുഷ

ജീവിതത്തിലെ പൊള്ളുന്ന യാഥാർഥ്യങ്ങൾക്കൊപ്പം, വിവാദങ്ങളുടെ മുനയൊടിക്കുന്ന മറുപടികളുമായി ആദിവാസി നേതാവ് സി.കെ. ജാനു വനിതയോടു  മനസു തുറക്കുന്നു. പൊലീസ് കള്ളക്കേസിൽ കുടുക്കാൻ നോക്കിയിട്ടുണ്ടോ എന്ന ’വനിത’ റിപ്പോർട്ടറുടെ ചോദ്യത്തിന് ജാനുവിന്റെ മറുപടി ഇങ്ങനെ;  

"ഒരുപാട്. മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യല്‍ ഇപ്പോ വാർത്തയാണല്ലോ. മുത്തങ്ങ സമരത്തിന്റെ സമയത്ത് എന്നെ പിടികൂടി മൂന്നു ദിവസമാണ് നിർത്താതെ ചോദ്യം ചെയ്തത്. അന്നവിടെ മനുഷ്യരും മൃഗങ്ങളുമല്ലാത്ത പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. നടുക്ക് ഒരു കസേരയിട്ടിരുത്തി ചുറ്റുമിരുന്നിട്ടാണ് ചോദ്യം െചയ്യൽ. ചില ചോദ്യങ്ങൾ കേട്ടാൽ ചോദിച്ചവന്റെ പല്ല് തല്ലി കൊഴിക്കാൻ തോന്നും. ചിലരെക്കുറിച്ച് ചിലത് പറഞ്ഞില്ലെങ്കിൽ എന്നെ പല കേസുകളിലും കുടുക്കി പുറം ലോകം കാണിക്കില്ലെന്നു ഭീഷണിപ്പെടുത്തി. ഞാൻ കൂസിയില്ല.

‘‘ഞാനൊരു ആദിവാസിയാണ്. കാട് കണ്ട് വളർന്നവളാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ പരാമവധി ശിക്ഷ തൂക്കിക്കൊല്ലലാണെന്ന് എനിക്കറിയാം. അതു പ്രതീക്ഷിച്ചാണ് ഞാൻ വന്നിരിക്കുന്നത്. അതുകൊണ്ട് അതു പറഞ്ഞ് എന്നെ ഭയപ്പെടുത്തേണ്ട. ‍ഞാൻ പേടിക്കില്ല’’എന്നു ഞാൻ പറഞ്ഞു. എല്ലാം കഴിഞ്ഞ് അവര് പറഞ്ഞു.‘‘നിങ്ങള് എന്തൊരു സ്ത്രീയാണ്. പുരുഷന്മാര് വരെ കരഞ്ഞു പോകും. നിങ്ങളുടെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണീരു പോലും വന്നില്ല.’’

‘‘കണ്ണുനീരിന്റെ വില അറിയാത്ത നിങ്ങളുടെ മുമ്പിലിരുന്ന് കരഞ്ഞാൽ ‍‍ഞാൻ വിഡ്ഢിയാകും. സ്വയം വി‍ഡ്ഢിയാകാൻ തയാറല്ല. അങ്ങനെ എല്ലായിടത്തും പൊഴിക്കാനുള്ളതല്ല പെണ്ണിന്റെ കണ്ണീര്. കരച്ചില് ഞങ്ങള് നിർത്തിയതാണ്. പൊഴിയാത്ത കണ്ണീരിന് കാട്ടുകരിങ്കല്ലിനേക്കാൾ കടുപ്പമുണ്ടാകും. അതൊന്നും നിങ്ങൾക്ക് മനസ്സിലാകില്ല.’’ അവര് അതോടെ അടങ്ങി. " ജാനു പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ