Thursday 17 January 2019 06:50 PM IST : By സ്വന്തം ലേഖകൻ

ആ സ്വപ്നം ബാക്കിവച്ച് എം.ടി ജോസഫ് പോയി; അനശ്വര ചിത്രകാരൻ ക്ലിന്റിന്റെ പിതാവിന് അന്ത്യാഞ്ജലി

clint

വരകളിൽ വർണം വിരിയിച്ച കുഞ്ഞ് രാജകുമാരൻ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. എറണാകുളം മുല്ലപ്പറമ്പിൽ കുടുംബാംഗമാണ്. ഇദ്ദേഹത്തിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏക മകനായിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് വരകളുടെ അദ്ഭുത ബാലനായാണ് അറിയപ്പെടുന്നത്. ക്ലിന്റിന് കേരളത്തിൽ ഒരു സ്മാരകമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്. മൃതദേഹം ആശുപത്രിയിൽ നിന്ന് എറണാകുളം മഞ്ഞുമലിലെ ഭാര്യാഗൃഹത്തിലേക്ക് കൊണ്ടുപോകും. പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിന് മൃതദേഹം കൈമാറും.

ഏഴ് വയസിനിടെ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച ക്ലിന്റിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുകയും ചെയ്തിരുന്നു. ക്ലിന്റിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഹരികുമാറാണ്. അലോക് ആണ് ചിത്രത്തിൽ ക്ലിന്റായി എത്തിയത്. ഉണ്ണി മുകുന്ദനാണ് ക്ലിന്റിന്റെ അച്ഛൻ തോമസായി വേഷമിട്ടത്.

രണ്ട് വയസ്സുമുതൽ ചിത്രരചന ആരംഭിച്ച ക്ലിന്റ്, കരൾ രോഗം ബാധിച്ചതിനെ തുടർന്ന് ഏഴ് വയസ്സ് തികയാൻ ഒരു മാസം ശേഷിക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങിയത്. പെൻസിലും ക്രയോൺസും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ചായിരുന്നു വരകൾ.