Thursday 26 September 2019 12:26 PM IST

അഴകും ചന്തവും നിങ്ങളുടെ കണ്ണിനാണ്, പ്രണയം ഞങ്ങളുടെ മനസിലും! മാറ്റുകുറയാത്ത 916 പ്രണയം; ഹൃദ്യം ക്ലിന്റോ പാവ്നി പ്രണയം

Binsha Muhammed

cp

ഫാർ വിൽ യൂ ഗോ ഫോർ ലവ്!

കല്ലും മുള്ളും കാതങ്ങളും താണ്ടി നിങ്ങൾ പ്രണയത്തിനു വേണ്ടി എത്ര ദൂരം സഞ്ചരിക്കും. ഈ ഭൂമിയോളമോ? അതുമല്ലെങ്കിൽ നീണ്ട് പരന്ന് കിടക്കുന്ന ഈ ആകാശത്തോളമോ?

പക്ഷേ, ആകാശത്തിനുമപ്പുറം കടക്കുന്ന പ്രണയങ്ങൾക്ക് സമൂഹത്തിന്റെ അളവ് കോലുകൾ ബാധകമല്ല. അങ്ങനെയുള്ള ദമ്പതികളുടെ പ്രണയ ജീവിതം ഇതാ. അംഗപരിമിതി കാര്യമാക്കാതെ മനസ്സിന്റെ അഴകിനെ പ്രണയിച്ചവർ. ക്ലിന്റോയും പാവ്നിയും...

കണ്ണടയ്ക്കുവോളം കൈപിടിക്കാൻ നീയുണ്ടോ എങ്കിൽ ഞാനുണ്ടെന്ന് ആദ്യം ഹൃദയത്തോടും പിന്നെ, എതിർക്കാൻ വന്ന ഈ ലോകത്തോടും ഉറക്കെ പ്രഖ്യാപിച്ച് ജീവിതം തുടങ്ങിയവർ. വിധിയും എതിർപ്പുകളും ഒന്നും കൂസാക്കാതെ ഒരുമിച്ച അവരുടെ കഥയാണ് ഇനി...

ഇവൾ താൻ എൻ പൊണ്ടാട്ടി...

‘എതോ ഒന്ന് ഇവളോടെ യോസനയും എന്നോടെ യോസനയും എങ്കേയോ സിങ്ക് ആക്ത്. ഇതൈ വിട എന്ന വേണം എനക്ക്...’ മനസ്സു തൊട്ടനുഗ്രഹിച്ച ആയിരം കരഘോഷങ്ങൾക്കു നടുവിൽ നിന്ന് ക്ലിന്റോ ജഗൻ ഇതു പറയുമ്പോൾ പാവ്നിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

‘ഇവരൈ വിട... ഒരു മാപ്പിള എനക്ക് കിടയ്ക്കര്ത് റൊമ്പ കഷ്ടം... യൂ ആർ മൈ സ്വീറ്റ് ഹബ്ബി’ പാവ്നിയുടെ മറുപടി. അതു കൂടി കേട്ടപ്പോൾ അവരുടെ വിവാഹ റിസപ്ഷന് എത്തിയവരിൽ പലരും മിഴി തുടച്ചു. ഹൃദയത്തിൽ വിരിഞ്ഞ പ്രണയവാക്കുകൾ കേട്ടവരിൽ ചിലർ പറഞ്ഞു. ഇജ്ജാതി റൊമാന്റിക് രംഗം സിനിമയിൽ പോലും കണ്ടിട്ടില്ല. തൃശൂർകാരൻ ക്ലിന്റോ ജഗനും ലണ്ടനിൽ ജീവിക്കുന്ന തമിഴ്നാട്ടുകാരി പാവ്നിയും ഒരുമിച്ച കഥ സിനിമയെ വെല്ലുന്നതാണ്.

ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത പാവ്നിയെ പക്ഷേ, അങ്ങനെ വിശേഷിപ്പിക്കാനോ സഹതാപക്കണ്ണോടെ അവ തരിപ്പിക്കാനോ ക്ലിന്റോയ്ക്ക് താൽപര്യമില്ല.

clinto-paavni

‘‘അഴകും ചന്തവുമൊക്കെ മ്മ്ടെ കണ്ണിനല്ലേ ബ്രോ... മനസ്സിന്റെ ഇഷ്ടം അതു വേറെയല്ലേ... ഒരു ജാതി സെന്റിമെന്റ്സ് കൊണ്ട് എന്നേം അവളേം അളക്കരുത് എന്നാണ് ആദ്യത്തെ റിക്വസ്റ്റ്. നിങ്ങക്കറിയോ, 28 വയസ്സിനിടയിൽ അവൾ സന്ദർശിച്ചത് 23 രാജ്യങ്ങൾ. നീന്തൽ, കുതിര സവാരി, ഡ്രൈവിങ് എല്ലാം പുഷ്പം പോലെ. നിങ്ങളീ പറയുന്ന വയ്യാത്ത കാലും വച്ച് വെള്ളത്തിൽ കൊള്ളിമീൻ പോലെ പറക്കുന്നവൾ.

രണ്ട് കാലുള്ള ഞാൻ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അവൾ ചെയ്യും, ‘ഈസിയായി’. പാവ്നിക്കു മേൽ പ്രണയനോട്ടമെറിഞ്ഞ് 29കാരൻ ക്ലിന്റോ പറഞ്ഞു തുടങ്ങുകയാണ്. ‘ബാംഗ്ലൂർ ‍ഡേയ്സ്’ സിനിമയിലെ സെറയേയും അജുവിനേയും പോലുള്ളവരൊക്കെ യഥാർഥ ജീവിതത്തിൽ ഉണ്ടാകുമോ എന്ന് സംശയം തോന്നിയവരെ പോലും അമ്പരപ്പിക്കുന്ന ഇവരുടെ പ്രണയവഴികൾ.

പ്രണയം പിറന്ന ദിനങ്ങൾ

‘‘എട്ടു വർഷം മുൻപുള്ള കഥയാണ്. ട്രഡീഷനൽ ആർട്ടും പെയിന്റിങ്ങുമായി ദുബായിൽ കഴിയുന്ന കാലം. പാവ്നി ലണ്ടനി ൽ മ്യൂസിക് സ്കൂൾ തുടങ്ങാൻ ഒരുങ്ങുന്നു. അതിന്റെ ഇന്റീരിയറിൽ മ്യൂറൽ വർക് ചെയ്യാനുള്ള അന്വേഷണം എന്നിലേ ക്കെത്തി. ബെംഗളൂരുവിലുള്ള ജോയൽ എന്ന ചങ്ക് സുഹൃത്താണ് എന്നെ നിർദേശിച്ചത്. പാവ്നി ഫോണിൽ വിളിച്ചു. അങ്ങനെ പരിചയമായി. പിന്നെ, ഫുൾ കളർ പ്രണയമായി.’’

‘‘അതുവരെ എന്നോടു സംസാരിച്ചിരുന്നവരുടെ എല്ലാം കണ്ണിൽ ദയനീയ ഭാവമേ കണ്ടിട്ടുള്ളൂ.’’ പാവ്നി ജീവിത കഥ പ റഞ്ഞു തുടങ്ങി.

‘‘എന്റെ അപ്പ ശ്രീകണ്ഠയും അമ്മ ശ്രീമതി ദേവിയും കുറവുകൾ ഉള്ള ഒരാളാണ് എന്ന മട്ടിൽ അല്ല എന്നെ വളർത്തിയത്. മകൾക്ക് കാലുകൾക്ക് സ്വാധീനം ഇല്ല എന്നു കരുതി എന്റെ സ്വപ്നങ്ങൾക്ക് അപ്പയും അമ്മയും എതിരു നിന്നിട്ടില്ല. ലണ്ടൻ കോളജ് ഒഫ് മ്യൂസിക്കിൽ ആയിരുന്നു പഠനകാലം.

മനസ്സുണ്ടെങ്കിൽ എന്തും സാധിക്കുമെന്ന പാഠം എനിക്ക് അവർ പകർന്നു തന്നതാണ്. അവർ എന്നെ ഇഷ്ടമുള്ളിടത്തേക്ക് എല്ലാം കൊണ്ടു പോയി. കുതിര സവാരി, ഡ്രൈവിങ്, നീന്തൽ എല്ലാം മനശക്തിക്കു മുന്നിൽ വഴങ്ങി. 23 രാജ്യങ്ങൾ ഞാനീ വീൽചെയറിലിരുന്ന് കണ്ടു എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സന്തോഷങ്ങൾ ഒന്നൊന്നായി കാലം എനിക്ക് തന്നുകൊണ്ടേയിരുന്നു. എന്നെ ഇങ്ങനെ ആക്കിയതിനുള്ള വിധിയുടെ പ്രായശ്ചിത്തമാകാം ഈ സന്തോഷങ്ങൾ. ആ സന്തോഷച്ചരടിലെ അവസാനത്തെ മുത്താണ് ക്ലിന്റോ. എന്റെ മനസ്സറിഞ്ഞ പാർട്നർ.’’ തമിഴും ഇംഗ്ലിഷും കലർത്തി പാവ്നി പറയുന്നു.

clinto

‘‘ഫോൺ വഴി തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എ ത്തിച്ചത് ഞങ്ങൾക്കിടയിലെ ഒരേ വേവ് ലെങ്താണ്. ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, ജീവിതശൈലി എന്നിവയിൽ എല്ലാം ആ പൊരുത്തം കാണാമായിരുന്നു. പരിചയപ്പെടലിന്റെ ആദ്യനാളുകളിൽ തന്നെ എനിക്ക് അവളെക്കുറിച്ചുള്ള പൂർണവിവരങ്ങൾ അറിയാമായിരുന്നു.

പക്ഷേ, അത് എനിക്കറിയില്ല എന്നായിരുന്നു അവളുടെ ധാരണ. അതുകൊണ്ട് തന്നെ ദുബായിൽ വച്ച് ആദ്യം നേരിൽ കാണുമ്പോൾ പാവ്നി കുറച്ച് നെർവസ് ആയിരുന്നു. വീട്ടുകാർക്കും അൽപം ഉത്കണ്ഠ ഉണ്ടായിരുന്നു. മകൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളെ അന്യരാജ്യത്ത് വച്ച് ഒറ്റയ്ക്ക് കാണാൻ പോകുന്നു. അപ്പോൾ മാതാപിതാക്കൾക്ക് ടെൻഷൻ തോന്നുന്നത് സ്വാഭാവികമാണല്ലോ. പക്ഷേ, എല്ലാം അറിഞ്ഞ് അവളെ ഞാൻ സ്വീകരിക്കാനൊരുങ്ങിയപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എന്റെ ഇഷ്ടത്തോട് വീട്ടുകാർ ക്കും യോജിപ്പായിരുന്നു. അച്ഛൻ ജഗനോടും അമ്മ ശാലിയോടും ഞാൻ കാര്യങ്ങൾ പറഞ്ഞിരുന്നു.

സ്വപ്നങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ഒരാൾ മറ്റൊരാൾക്ക് തുണായായി ഉണ്ടാകണം. ഞങ്ങൾ പരസ്പരം നൽകിയ വാക്ക് അതാണ്. അവൾക്ക് ഞാനും എനിക്ക് അവളും മരണം വരെയുണ്ടാകും. സോഷ്യൽ മീഡിയയാണ് ഞങ്ങളെ ആദ്യം ഹൃദയത്തിലേറ്റുവാങ്ങിയത്.

ആ സ്നേഹത്തിനും ഇഷ്ടത്തിനും ഒരുപാട് നന്ദിയുണ്ട്. എല്ലാവരുടേയും പ്രാർഥന എന്നും ഞങ്ങൾക്കൊപ്പമുണ്ടാകണം. ദുബായിലാണ് ഞാനും പാവ്‍നിയും ഇപ്പോഴുള്ളത്. ‘ടു ബി പ്രിസൈസ്’ എന്ന ഡിസൈനിങ് കമ്പനിയിലെ ജോലിയും തിരക്കും മുറയ്ക്കു നടക്കുന്നു. പാവ്നി പുതിയ മ്യൂസിക് കോംപോസിഷന്റെ പണിപ്പുരയിലാണ്.’’

യാത്രയെ പ്രണയിക്കുന്ന ജോഡികളുടെ അടുത്ത കറക്കം എങ്ങോട്ട് എന്ന ചോദ്യത്തിന് ചിരിയോടെയായിരുന്നു പാവ്നിയുടെ വാക്കുകൾ.‘‘എൻഗേജ്മെന്റ് കഴിഞ്ഞ ഉടനേ ഞങ്ങൾ ഒരു ഓൾ ഇന്ത്യാ ടൂർ പ്ലാൻ ചെയ്തിരുന്നു. അധികം വൈകാതെ അതങ്ങ് നടപ്പിലാക്കി.

ട്രാവലർ വാടകയ്ക്ക് എടുത്ത് ഇന്ത്യ മൊത്തം കറങ്ങി. 22 ദിവസം, 7600 കിലോമീറ്റർ, 80 നഗരങ്ങൾ. ഗൂഗിൾ മാപ് വഴികാട്ടിയായി. ഹിമാലയവും കുളുമണാലിയും എല്ലാം ഞങ്ങളുടെ പ്രണയ യാത്രയ്ക്ക് പശ്ചാത്തലമായി. ആ യാത്രയുടെ ഹാങ്ഓവർ ഒന്നു കഴിയട്ടെ. അതു കഴിഞ്ഞു വേണം അടുത്ത സഞ്ചാരം തുടങ്ങാൻ...

Tags:
  • Inspirational Story