Thursday 24 September 2020 05:03 PM IST : By സ്വന്തം ലേഖകൻ

യാത്ര പറയുംമുമ്പ് ക്ലിന്റണ്‍ എല്ലാം മറന്നാടി; പിപിഇ കിറ്റിനുള്ളില്‍ ജീവിതമൊളിപ്പിച്ച് നൃത്തമാടിയ ക്ലീനിങ് തൊഴിലാളി ഇതാണ്

clinton-c

നൂറോളം കോവിഡ് രോഗികള്‍ക്കു മുന്‍പില്‍ അവരുടെ പിരിമുറുക്കത്തിന് അയവു വരുത്താന്‍ ഒരു സൂപ്പര്‍ നൃത്തം. അതും അവരെ 10 ദിവസം പരിചരിച്ച ശുചീകരണ തൊഴിലാളിയുടേത്. പിപിഇ കിറ്റിനുള്ളില്‍ നിന്ന് ചുവടുകള്‍ പിഴയ്ക്കാത്ത ശാസ്ത്രീയ നൃത്തം കൂടിയായപ്പോള്‍ കോവിഡിനെപ്പോലും മറന്നു അന്തേവാസികള്‍. ആശംസകളും അഭിനന്ദനങ്ങളും പ്രവഹിച്ചപ്പോള്‍ ആരോ എടുത്തിട്ട വിഷ്വലുകള്‍ സമൂഹമാധ്യമങ്ങളില്‍ അതിലും വലിയ ഹിറ്റ്. എന്നാല്‍ പിപിഇ കിറ്റിനുള്ളിലുള്ള ആളെ അധികമാരും അറിഞ്ഞിട്ടുണ്ടാകില്ല.

ഇത് ക്ലിന്റണ്‍ റാഫേല്‍... ബത്തേരി സെന്റ് മേരീസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളി. കോവിഡ് കാലത്ത് പണിയില്ലാതായപ്പോള്‍ നൃത്താധ്യാപനം മാറ്റിവച്ച് കോവിഡ് കേന്ദ്രത്തില്‍ രോഗികള്‍ താമസിക്കുന്ന മുറികളും ശുചിമുറികളും വൃത്തിയാക്കാനെത്തിയ ആള്‍. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം നേടിയ ശേഷം ഇപ്പോള്‍ ബെംഗളൂരു രേവാ യൂണിവേഴ്‌സിറ്റിയില്‍ കുച്ചിപ്പുടിയില്‍ ഡിപ്ലോമ ചെയ്യുന്ന ഇരുപത്താറുകാരന്‍.വിള്ളലുകള്‍ വീണ ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയിലൂടെ മഴവെള്ളം മുറികളിലേക്കെത്തുന്ന അവസ്ഥയിലാണ് ക്ലിന്റന്റെ വീട്ടിലെ ജീവിതം. നൃത്താധ്യാപന വരുമാനവും കോവിഡ് തടസ്സപ്പെടുത്തിയപ്പോള്‍ മുന്നോട്ടുള്ള ജീവിതം ദുഷ്‌കരമായി. 

ബത്തേരിയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങിയപ്പോള്‍ !താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവിലേക്ക് നഗരസഭ അപേക്ഷ ക്ഷണിച്ചത് ശ്രദ്ധയില്‍പെട്ടു. ബുദ്ധിമുട്ട് അറിഞ്ഞ് പലരും വരാന്‍ തയാറായില്ലെങ്കിലും ഡാന്‍സ് വേഷം അഴിച്ചുവച്ച് ക്ലിന്റണ്‍ ചൂലും ബക്കറ്റും കയ്യിലെടുത്തു. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിര്‍ധന വിദ്യാര്‍ഥികളെ ഫീസ് പോലും വാങ്ങാതെയാണ് ക്ലിന്റണ്‍ പഠിപ്പിക്കുന്നത്. കോവിഡ് കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്ക് ദിവസം 645 രൂപ കിട്ടുന്നത് വലിയ കാര്യമാണെന്ന് ക്ലിന്റണ്‍ പറയുന്നു. 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റീനില്‍ പോകുന്ന ദിവസമാണ് ക്ലിന്റണ്‍ നൃത്തം അവതരിപ്പിച്ചത്.

More