Tuesday 21 May 2019 03:13 PM IST : By സ്വന്തം ലേഖകൻ

കാത്തിരുന്ന് കിട്ടുന്ന നിധിയാണ് സാറേ...ഞാൻ വെറും കയ്യോടെ എങ്ങന്യാ...; കണ്ണീർ നനവുള്ള കുറിപ്പ്

cobbler

സഹാനുഭൂതിയുടെ ഒരു നോട്ടം മതിയാകും...കരുണയുടെ ഒരു കരസ്പർശം മതിയാകും...വേദനിക്കുന്ന മനസുകളുടെ കണ്ണിൽ പുഞ്ചിരി വിരിയിക്കാൻ. കൺമുന്നിൽ കാണുന്നവന്റെ കണ്ണീരൊപ്പാൻ ബന്ധങ്ങളോ ബന്ധനങ്ങളോ വേണ്ട. സഫ്‍വാൻ ബിൻ മുഹമ്മദ് എന്ന യുവാവും അത്തരമൊരു സഹാനുഭൂതിയുടെ കഥയാണ് പറയുന്നത്. വഴിയരികിൽ അവിചാരിതമായി കണ്ടുമുട്ടിയ ചെരുപ്പുകുത്തിയുടെ കണ്ണിൽ പുഞ്ചിരി തെളിയിച്ച കഥയാണ് സഫ്‍വാൻ പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പൊട്ടിയ ചെരുപ്പ് തുന്നിപ്പിടിപ്പിക്കാൻ വേണ്ടി അടുത്തുകണ്ട ചെരുപ്പുകുത്തിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുമ്പോ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...

"ഇത്തിരി അർജന്റ്ണ്ട് പെട്ടെന്ന് വേണം.. "

ഞാനയാളുടെ മുഖത്ത് നോക്കി കുറച്ച് ഉച്ചത്തിൽ പറഞ്ഞതിന് ശേഷം.. അയാളുടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു സ്റ്റൂളിൽ ഇരുന്നു..


ആ സമയം കൊണ്ടയാൾ തോളിൽ ഉണ്ടായിരുന്ന തോർത്ത് മുണ്ട് കൊണ്ട് കണ്ണ് തുടച്ചതിന് ശേഷം വലിയ നീളമുള്ള സൂചിയിൽ കട്ടിയുള്ള കറുത്ത നൂൽ കോർക്കാൻ ആരംഭിച്ചിരുന്നു....
കീറിപ്പൊളിഞ്ഞ പഴയ ബെഡ്ഷീറ് പോലെ തോന്നിപ്പിക്കുന്ന തുണി കൊണ്ട് തലക്ക് മുകളിൽ അയാൾ വെയിലിൽ നിന്നുള്ള രക്ഷക്ക് വേണ്ടി കെട്ടിയിട്ടുണ്ട്..
ചുറ്റിലും വൃത്തിഹീനമായ കുറെ ചെരുപ്പുകൾ..
ഒരുമൂലയിൽ കുറച്ച് പണിയായുധങ്ങൾ.. അയാളുടെ ലോകം അതായിരുന്നു..

കവിളിലൂടെ ഒഴുകിയൊലിക്കുന്ന കണ്ണുനീർ തുള്ളികൾ വെള്ളയിൽ നിന്നും ഒരുതരം മഞ്ഞകലർന്ന നിറത്തിലുള്ള മുഷിഞ്ഞ തോർത്തുമുണ്ട് കൊണ്ട് തുടച് അയാൾ വീണ്ടും ജോലിയിലേർപ്പെട്ടു...
കൃത്യമായ ആത്മാർഥത ബോധത്തോടെ കരഞ്ഞു കലങ്ങിയ ഉള്ളിലേക്ക് കുഴിഞ്ഞ കണ്ണുകൾ ചെരുപ്പിനോട് അടുപ്പിച്ചു പിടിച്ചു സൂക്ഷ്മതയോടെ തുന്നിപ്പിടിപ്പിച്ചു കൊണ്ടിരുന്നു..
അനുസരണയില്ലാത്ത കുട്ടിയെ പോലെ അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങി കവിൾത്തടങ്ങൾ നനഞ്ഞു കൊണ്ടിരുന്നു.. വീണ്ടും അയാളത് തുടച്ചു.
പലവട്ടം തുടർന്ന് കൊണ്ടിരുന്നപ്പോൾ അടുത്തിരുന്ന എനിക്കെന്തോ പന്തികേട് തോന്നി....

' എന്താ ചേട്ടന്റെ പ്രശ്നം...?? എന്തിനാ കരയണേ?? '

ഞാൻ ആശ്ചര്യഭാവത്തോടെ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു...
അയാൾ ദയനീയ മുഖഭാവത്തോടെ എന്നെ നോക്കുക മാത്രം ചെയ്തതിന് ശേഷം വീണ്ടും ജോലിയിലേർപ്പെട്ടു..
അപ്പഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എനിക്കെന്തോ കാര്യം അറിയാഞ്ഞിട്ട് ഒരു ഉത്കണ്ഠ തോന്നി..

'" ചേട്ടാ ചോദിച്ചത് കേട്ടില്ലേ... എന്തിനാ ഇങ്ങനെ കരയണേ?? '"

വീണ്ടും അയാളെന്നെ നോക്കി... തോർത്ത് മുണ്ട് കൊണ്ട് കണ്ണും കവിളും തുടച്ചു വൃത്തിയാക്കിയതിന് ശേഷം വളരെ പതിഞ്ഞ സ്വരത്തിൽ അയാളെന്തോ പറഞ്ഞൂ... വ്യക്തമായി എനിക്കത് കേൾക്കാനും കഴിഞ്ഞില്ല..

" ചേട്ടാ.. ഞാൻ കേട്ടില്ല... എന്താ പറഞ്ഞെ... !!"

വീണ്ടും അയാളുടെ ചുണ്ടുകൾ അനങ്ങാൻ തുടങ്ങി... അയാൾ പറയുന്നത് കേൾക്കാൻ വേണ്ടി ഞാനൊന്നും സ്റ്റൂൾ നീക്കി അടുത്തേക്കിരുന്നു.

" നാളെ ഭാര്യക്ക് പ്രസവഡേറ്റാ സാറേ..... !!"

പറഞ്ഞ് തീരും മുൻപേ അയാൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങിയിരുന്നു..
പ്രതീക്ഷിക്കാത്ത ഉത്തരം കിട്ടിയതിനാൽ ഞാനും ഷോക്കേറ്റ പോലെ തരിച്ചു നിന്നു....
എന്ത് പറയണം എന്നറിയാതെ ഞാനും കുഴങ്ങി..
അയാളപ്പഴും കരഞ്ഞു കലങ്ങിയ കണ്ണുമായി ചെരുപ്പ് തുന്നിക്കൊണ്ടിരുന്നു...

"' അതിനാണോ ഇങ്ങനെ കരയണേ.? സന്തോഷിക്കല്ലേ വേണ്ടത് ഒരു കുഞ്ഞിക്കാല് കാണാൻ പോണത് ഓർത്തോണ്ടു... !!"

എന്താണ് ഞാനയാളോട് പറയുന്നതെന്ന് എനിക്കപോലും നിശ്ചയമില്ലായിരുന്നു അപ്പൊ.....
തുന്നുന്നതിനിടയിൽ ഒരു വശത്തേക്ക് കൊടിയ ചുണ്ടുകളോടെ അയാളെന്നെ ദയനീയമായി ഒന്ന് നോക്കി..

" വർഷങ്ങളെ കാത്തിരിപ്പിന് ശേഷാ ദൈവം കനിഞ്ഞത് സാറേ.. നാളെ ഭാര്യ ഒരു കുഞ്ഞിനെ നിക്ക് സമ്മാനിക്കുമ്പോ ഞാൻ വെറുംകൈയോടെ എങ്ങന്യാ.. !!".

പറഞ്ഞു തീർക്കുംമുമ്പ് അയാൾ തോർത്ത്‌ മുണ്ട് കൊണ്ട് മുഖം തുടച്ചു.. അതയാളുടെ കണ്ണീർ മറക്കാനായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല..

" ഏത് ഹോസ്പിറ്റലിലാ കാണിക്കുന്നത്..?? "

" ഇവടെ അടുത്ത് ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിലാ.. അല്ലാതെ പ്രൈവറ്റിലൊക്കെ പൂവാൻ ന്റെൽ എവടെ പൈസ.. "

അയാൾ തേങ്ങലടക്കാൻ ഒരുപാട് കഷ്ട്ടപ്പെടുന്ന പോലെ തോന്നി !

" പാവാ സാറേ ഭാര്യ.ഇന്റെ കൂടെ കൂടിയത് മൊതല് ഇത് വരെ സന്തോഷിച്ചിട്ടില്യ പാവം. മര്യാദക്ക് ഒരു വസ്ത്രം പോലും പെണ്ണിന് വാങ്ങിക്കൊടുക്കാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല്യ അതെങ്ങന്യാ സാറേ ഇവിടിരുന്നു കിട്ടുന്ന പത്തോ നൂറോ കൊണ്ട് ഒരീസം ഭക്ഷണത്തിനു പോലും തെകയൂല... !!"

" നിങ്ങക്ക് ഇത്തിരി പൈസ കിട്ടുന്ന പണിയും അന്വേഷിച്ചൂടെ?? "

"ഹ്മ്മ്... മുന്നേ ഒരൂസം എഴുനൂറ് കിട്ടുന്ന പെയിന്റ് പണിക്ക് പൊക്കോണ്ടിരുന്നതാ സാറെ പക്ഷെ അവടേം ദൈവം ന്നെ പരീക്ഷിച്ചു.. !! "

അയാൾ വാക്കുകൾ കിട്ടാതെ തേങ്ങലടക്കി കരഞ്ഞു..
ഞാനുമൊന്നും മിണ്ടിയില്ല.. എങ്ങനെ അയാളെ സമാധാനപ്പെടുത്തണമെന്നും എനിക്കറിയില്ലായിരുന്നു..

" ഒരൂസം രാവിലെ ഓളോടെ യാത്ര പറഞ് പണിക്ക് പോന്നതാ. പണി സൈറ്റേന്ന്. രണ്ട് നില വീടായീന് അന്നാദ്യമായിട്ട ഞാൻ ഹയ്റ്റിൽ കേറുന്നത്.. കോണീന്ന് പിടിവിട്ട് ഒരൊറ്റ വീഴ്ച്ചയായീന് സാറേ ദൈവം അപ്പൊ മുന്നീ വന്ന് നിന്ന് ചിരിക്കുന്ന പോലെ തോന്നി എനിക്ക് സത്യം.. "

അയാളുടെ മുന്നില് ഞാനെന്ത് പറയണം എന്നറിയാതെ കുഴങ്ങുകയായിരുന്നു...

" അഞ്ചാറു മാസാ സാറേ ഞാൻ കിടന്നത് ഒന്നനങ്ങാൻ പോലും വയ്യാതെ അന്നേരം ന്റെ പെണ്ണാ അയലത്തെ വീട്ടിൽ പണിക്ക് പോയി വീട്ടിലെ പട്ടിണി മാറ്റീത്.'

അയാൾ കരച്ചിൽ നിർത്താൻ വല്ലാതെ കഷ്ട്ടപ്പെടുന്ന പോലെ തോന്നി...
നമുക്ക് ചുറ്റും ഇങ്ങനേം പരിതാപകരമായ കുടുംബങ്ങൾ ഉണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു..

" അച്ഛനും അമ്മയുമൊക്കെ..?? "

" ഓഹ്.. അവരൊക്കെ ചെറുപ്പത്തിലേ മരിച്ചു. ഞാൻ ഒറ്റമോനായിരുന്നു.. ആദ്യം അച്ഛനും ഒരു കൊല്ലാവുന്നതിന് മുന്നേ അമ്മേം മരിച്ചു.. !"

ഞാനൊന്നും മിണ്ടിയില്ല... നിശബ്തമായി അയാളെ തന്നെ നോക്കിയിരുന്നു
അയാളപ്പോഴേക്കും ചെരുപ്പ് തുന്നി കഴിഞ്ഞിരുന്നു..
ജോലി കഴിഞ്ഞ സന്തോഷത്തിൽ അയാൾ ചെരുപ്പ് എന്റെ വലത് കാൽപാദങ്ങൾക്കരികിലേക്ക് വെച്ച് തന്നു.
ഞാനപ്പഴും അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..

'ചോദിക്കാൻ മറന്നു. പേരെന്താ.?? '

' രവി.. '

' രവിയേട്ടാ ദൈവം ചെലപ്പോ അങ്ങന്യാ വല്ലാതെയങ് പരീക്ഷിക്കും.. എല്ലാം ശര്യാവും '

എന്ത് പറയണം... രവിയേട്ടനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എനിക്കറിയില്ലായിരുന്നു

" ശരിയാ... പക്ഷെ ഇതിപ്പോ കാലം കൊറേ ആയില്ലേ ന്നെ പരീക്ഷിക്കണൂ.. "

ഏട്ടനൊന്ന് നെടുവീർപ്പിട്ടു..

" ഭാര്യക്ക് പ്പോ എങ്ങനെണ്ട്?? "

" ഇപ്പൊ കൊഴപ്പോന്നൂല്യ സാറേ... നാളെയാ ഡേറ്റ് അതിന് മുന്നേ വേദന വന്നീല്യങ്കിൽ നാളെ ആശൂത്രീ പോയി അഡ്മിറ്റ് ആവേണ്ടി വരും.. "

ഏട്ടന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകിയിരുന്നു..

" രാവിലെ മൊതല് ഇരിക്കാൻ തുടങ്ങിയതാ സാറേ ഇപ്പഴാ സാർ വന്നേ കയ്യിൽ വേറെ കാശൊന്നൂല്യ... കിട്ടണ പൈസയൊക്കെ മാസാമാസം ചെക്കപ്പിനും അതിനും ഇതിനും ഒക്കെയായി ചെലവാകും... !"

ഒന്ന് പറഞ്ഞു നിർത്തിയതിന് ശേഷം അയാളൊന്ന് മുകളിലോട്ട് നോക്കി ഒന്ന് നെടുവീർപ്പിട്ടു..
ഞാൻ പാന്റിന്റെ പിൻപോക്കറ്റിൽ നിന്നും പേഴ്സെടുത്തു കുറച്ചു മുന്നേ ATM ൽ നിന്നും പിൻവലിച്ച രണ്ടായിരത്തിന്റെ പുതിയ നോട്ടെടുത്ത് അയാൾ നേരെ നീട്ടി..

" അയ്യോ സാറേ മുപ്പത് രൂപ മതീ. ബാക്കി തരാൻ ന്റെ കയ്യിൽ എവിട്യാ സാറേ ചില്ലറ.. !"

" ഇത് വെച്ചോളൂ.. ബാക്കിയൊന്നും വേണ്ട ആവശ്യങ്ങൾ ഒരുപാട്ള്ളതല്ലേ വാങ്ങിച്ചോളൂ... !"

" അയ്യോ വേണ്ട സാറേ. അതിനൊക്കെ ദൈവം ന്തേലും വേറെ വഴി കാണിച് തന്നോളും. !"

"ഒരനിയനായി കണ്ട് വാങ്ങിക്ക് ഏട്ടാ.. ന്നിട്ട് കുഞ്ഞിനും ചേച്ചിക്കും എന്തേലും വാങ്ങിക്കൊടുക്കാലോ... താ വാങ്ങിക്കൂ.. !"

പറഞ്ഞതോടൊപ്പം ഞാനാ പൈസ അയാളെ കയ്യിലേക്ക് വെച്ചു കൊടുത്തു...
അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. വളരെ പതുക്കെ എണീറ്റ് എന്റെ തൊട്ടടുത് വന്നു തോർത്ത് മുണ്ട് ചുണ്ടുകൾ കൊണ്ട് കടിച്ചുപിടിച്ചു അയാൾ തേങ്ങി തേങ്ങി കരഞ്ഞു..
സന്തോഷം കൊണ്ടാണോ എന്നറിയില്ല അയാളെന്നെ കെട്ടിപ്പിടിച്ചു.. ഒപ്പം ഞാനുംഅയാളെ ചേർത്തു പിടിച്ചു..

" ദൈവായിട്ട് കൊണ്ടോന്നതാ സാറേ ഇങ്ങളെ ന്റെ അടുത്ത്ക്ക്.. മറക്കൂല സാറേ ഒരിക്കലും.. !"

" അയ്യേ എന്തായിത്.. കരയാതെ.. ഞാനില്ലേ !"

പേഴ്സ്ൽ നിന്നും എന്റെ വിസിറ്റിങ് കാർഡെടുത്ത് ഞാനയാൾക്ക് നേരെ നീട്ടി..

" ഇത് വെച്ചോളൂ.. ഇതിൽ എന്റെ നമ്പറുണ്ട് എന്താവശ്യം ണ്ടേലും ആദ്യം ന്നെ വിളിച്ചോണ്ടു.. ഞാനെത്തും "

അയാളൊന്നും മിണ്ടാതെ കണ്ണിമവെട്ടാതെ എന്നെ തന്നെ നോക്കി നിന്നു.
അയാളോട് പിന്നേ കാണാമെന്ന് യാത്ര പറഞ്ഞു തൊട്ടടുത്ത ഫുട്പാത്തിലൂടെ ഞാനെന്റെ കാർ ലക്ഷ്യമാക്കി നടക്കുമ്പോ.
ഒന്ന് തിരിഞ്ഞു ഒരുവട്ടം കൂടി അയാളെ നോക്കിയപ്പോ
കയ്യിൽ ആ രണ്ടായിരവും പിടിച് അയാളപ്പഴും കരയുന്നുണ്ടായിരുന്നു... !!

സസ്നേഹം
Safwan bin muhammad