Tuesday 14 July 2020 11:37 AM IST : By ശ്യാമ

ഓല കൊണ്ട് സ്ട്രോ, ഓല നാരു കൊണ്ട് സ്ക്രബ് ; പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ട് സജി വർഗീസിന്റെ ഐഡിയ !

straw6

ചെങ്ങന്നൂർ സ്വദേശിയായ സജി വർഗീസ് ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജ് പ്രൊഫസറാണ്. എന്നാൽ സജി എന്ന പേര് ലോകം അറിഞ്ഞു തുടങ്ങിയതിന് കാരണം ഒരു ഓല നാരാണ്...!

ജോലിക്കിടയിൽ ഒരു ബ്രേയ്ക്ക് എടുത്ത് പുറത്തേക്ക് നോക്കുന്ന ശീലം നമ്മിൽ പലർക്കും ഉണ്ടാകും... സജി വർഗീസിന്റെ അങ്ങനൊരു നോട്ടമാണ് അദ്ദേഹത്തെ പേരെടുത്തൊരു ബിസിനസ്കാരനാക്കിയത്. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ചുരുണ്ട് കിടക്കുന്ന ഓലത്തുമ്പ് കണ്ടതിൽ നിന്നാണ് ‘സൺബേർഡ് സ്ട്രോസ്’ ജനിക്കുന്നത്. ഇന്ന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമായി കോടികളുടെ ബിസിനസ് നേടുന്ന സംരഭത്തെക്കുറിച്ചറിയാം...

‘‘2017ൽ ആണ് ആ ‘എപ്പിഫനി മൊമന്റ്’ സംഭവിച്ചത്. ചുരുണ്ടു കിടക്കുന്നൊരു ഓല കണ്ടപ്പോഴാണ് ഇങ്ങനെയൊരു ആശയം മനസില്‍ വന്നത്. പിന്നെ ഒരാഴ്ച്ചയോളം അതിനു പിറകെയായിരുന്നു. സ്വാഭാവികമായി ചുരുളുന്ന ഓല കണ്ടിട്ട് അതു പോലെ നമ്മൾ ചുരുട്ടാൻ നോക്കുമ്പോൾ അതെളുപ്പം പൊട്ടി പോകുമായിരുന്നു. പൊട്ടാതെ എങ്ങനെ ചുരുട്ടാം എന്ന് നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ആവി കൊള്ളിച്ചാലോ എന്ന് തോന്നിയത്. അങ്ങനെ ചെയ്തപ്പോ ശരിക്കും സ്ട്രോ പോലെ ചുരുട്ടിയെടുക്കാൻ പറ്റി. മാത്രമല്ല ഇതിന്റെ സ്വാഭാവിക വാക്സ് കൊണ്ട് നാച്വറലായൊരു തിളക്കവും വന്നു. ഏകദേശം ഒരു വർഷത്തോളമുള്ള പരീക്ഷണങ്ങൾക്കൊടുവിലാണ് സിങ്കിൾ ലെയർ സ്ട്രോയിൽ നിന്ന് കരുത്തുള്ള മൾട്ടി ലെയർ സ്ട്രോയിലേക്ക് എത്തുന്നത്. അതാണ് ഇപ്പോൾ പല നാടുകളിലേയും ആളുകളുടെ കപ്പുകളിൽ ഇരിക്കുന്നതും.

ഗ്രാസ്റൂട്ട് ഇന്നൊവേഷൻ എന്നത് എനിക്ക് എപ്പോഴും താൽപര്യമുണ്ടായിരുന്ന മെഖലയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കൂടി സമൂഹത്തിന്റെ പുരോഗതിയിൽ എങ്ങനെ പങ്കാളികളാക്കാം, അവർക്ക് എങ്ങനെ മെച്ചപ്പെട്ട അവസരങ്ങൾ ഒരുക്കാം എന്നതൊക്കെ ചിന്തിച്ചിരുന്നു. ഇങ്ങനെയൊരു സംരഭത്തെ കുറിച്ചാലോചിച്ചപ്പോൾ മുതൽ കേരളത്തിലേയും തമിഴ്നാട്ടിലേയും കർണാടകത്തിലെയും കർഷകൾക്കും സ്ത്രീകൾക്കും ഒക്കെ ജോലി കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. മധുരയിലും കാസർഗോഡും ഇതുണ്ടാക്കുന്ന യൂണിറ്റുകളുണ്ട് ഇപ്പോൾ ആവശ്യം കൂടി വരുന്നതോടെ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു ഡിസൈൻ എൻജിനീയറുടെ സഹായത്തോടെ പുതിയ അഞ്ച് മെഷീനുകൾ ഉണ്ടാക്കി. മുൻപത്തേതിലും വേഗത്തിൽ കൂടുതൽ സ്ട്രോസ് നിർമ്മിക്കാൻ കഴിയുന്നു... ഈ മെഷീനുകൾ ഗ്രാമങ്ങളിലും മറ്റും എത്തിച്ച് അവിടുള്ളവർ ‘സൺബേർഡിനായി’ സ്ട്രോ ഉണ്ടാക്കി നല്‍കാൻ പാകത്തിനുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

പേപ്പർ സ്ട്രോകൾ എളുപ്പം അലിയുമ്പോൾ ഓല കൊണ്ടുള്ള ഈ സ്ട്രോസ് ആറു മണിക്കൂറോളം അലിയാതെ നിൽക്കും. ജ്യൂസിനായും സ്മൂത്തിക്കായും ഒക്കെ പല വലുപ്പത്തിലുള്ള സ്ട്രോകളും നിർമ്മിക്കുന്നുണ്ട്. 3–10 രൂപ വരെയാണ് ഒന്നിന്റെ വില. ഒരു മടൽ ഓലയിൽ നിന്ന് 150–200 സ്ട്രോ നിർമിക്കാം. ഇതിൽ നിന്ന് ബാക്കി വരുന്ന മുറി കഷ്ണങ്ങൾ കൊണ്ട് ടേബിൾ മാറ്റുകൾ, പൗച്ചസ് എന്നിവയൊക്കെയും ഉണ്ടാക്കുന്നുണ്ട്.

കോഞ്ഞാട്ട കൊണ്ട് ഇപ്പോൾ പാത്രം കഴുകാനുള്ള സ്ക്രബ്ബുകൾ ഞങ്ങള്‍ നിർമ്മിക്കുന്നുണ്ട്. വാഷിങ്ങ് ലിക്വി‍ഡുകൾ ഇല്ലാതെ തന്നെ പാത്രത്തിനു പോറലൊന്നും വീഴാതെ എണ്ണമെഴുക്കു വരെ എളുപ്പത്തിൽ കളയാവുന്ന തരത്തിലാണത് ഉണ്ടാക്കുന്നത്. വെള്ളത്തിൽ കഴുകിയാൽ ഈ സ്ക്രബ്ബുകൾ വൃത്തിയാകുകയും ചെയ്യും. ഒരു മാസത്തോളം കേടുകൂടാതെ ഉപയോഗിക്കാം. ഉപയോഗ ശേഷം മണ്ണിലെറിഞ്ഞാൽ മണ്ണിൽ ചേരുന്ന പ്രകൃതിസൗഹൃദ സ്ക്രബുകൾ വിദേശത്തേക്ക് വരെ അയക്കുന്നുണ്ട്.

പണമല്ല ഉന്നം വയ്ക്കേണ്ടത്, ഗുണം.

കപ്പലണ്ടി വിൽപ്പനക്കാർക്കുള്ള ഒരു പ്രോജക്റ്റ് ഞങ്ങളുടെ കോളജ് യൂണിവേഴ്സിറ്റിയുടെ സഹായത്തിൽ വരാനിരിക്കുന്നു. കപ്പലണ്ടിക്കുള്ള ഒരു വെന്റിങ്ങ് മെഷീൻ ആണത്. ഒരു തൊഴിലാളിക്ക് ഇത്തരം മെഷീൻ വച്ചാൽ ഒരേ സമയം മൂന്നു നാല് സ്ഥലത്ത് ജോലി ചെയ്യുന്നത്ര വരുമാനം കിട്ടും. അതുപോലെ ബംഗ്ലൂരുവിൽ റോഡിൽ ചായ കൊണ്ട് നടന്ന് വിൽക്കുന്നവരുണ്ട്. അവർക്കുള്ള ഒരു പ്രോജക്റ്റും ഉണ്ട്. ഞങ്ങൾ അവർക്കായി കസ്റ്റമെസ്ഡ് ട്രോളികൾ ഉണ്ടാക്കും. അത് തന്നെ ടേബിളായി രൂപാന്തരപ്പെടുത്താം. കോവിഡിന്റെ സാഹചര്യത്തിൽ കോൺടാക്റ്റ്‌ലെസ് ഡെലിവറിയും സാധ്യമാകാം. മെഷീന്‍ ചായയല്ലാതെ അവരുണ്ടാക്കുന്ന ആതേ രുചിയിൽ തന്നെ ചായ കുടിക്കാം.

കോളജ് നല്ല സപ്പോർട്ടാണ് തരുന്നത്. കോളജിലെ രണ്ടു വിദ്യാർഥികള്‍ ടീമിലുണ്ട്. ചിരാഗും സന്ദീപും. പാര്‍ട്ട്ടൈം ഡിസൈൻ എൻജിനീയറും ഇപ്പോഴുണ്ട്. ക്രൈസ്റ്റ് കോളജിന്റെ കീഴിൽ തന്നെ നിന്നാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. കോളജിന്റെ ഫണ്ടിങ്ങാണ് ഇപ്പോഴുള്ളതും. പുതിയ ഇന്നോവേറ്റേഴ്സിനോട് എനിക്ക് പറയാനുള്ളൊരു കാര്യം എന്തു തുടങ്ങിയാലും പണത്തിലല്ല മറിച്ച് ഗുണമേന്മയിലും മൂല്യത്തിനുമാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്... ഗുണമുണ്ടായാൽ പണം വന്നോളം. രണ്ടാമത്തെ കാര്യം നല്ലൊരു ടീം ഉണ്ടാക്കുക, നല്ല ടീം പ്ലെയർ ആവുക എന്നതാണ്. ഒരു മികച്ച ഐഡിയ പോലെ തന്നെ പ്രധാനമാണ് ലക്ഷ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ടീം. മൂന്നാമത്തെ കാര്യം എന്ത് പ്രതിസന്ധി വന്നാലും അതിനെ അതിജീവിച്ച് ലക്ഷ്യബോധത്തോടെ മുന്നേറുക എന്നതാണ്.

നമ്മുടെ നാട്ടിൽ പഠിക്കാൻ പോലും പോകാൻ പറ്റാത്ത ധാരാളം കുട്ടികളുണ്ട്. അതിൽ ഒരു കുഞ്ഞിനെങ്കിലും പഠിക്കാനുള്ള അവസരം ഉണ്ടാക്കണം എന്നതാണ് എന്നെ മുന്നോട്ട് നയിക്കുന്ന ട്രിഗർ. ആലപ്പുഴയിലെ വെൺമണി സ്വദേശിയാണ് സജി. ഇപ്പോൾ ബെംഗളൂരുവിലാണ് താമസം. ഭാര്യയും മകളും മകനും അടങ്ങുന്നതാണ് കുടുംബം.

Tags:
  • Spotlight