Saturday 09 October 2021 04:40 PM IST : By സ്വന്തം ലേഖകൻ

‘ആ കാലുകളിലൊന്നു നമസ്കരിക്കാൻ തോന്നുന്നു’: ചെരുപ്പിട്ട് ഭക്ഷണം കഴിക്കാത്ത മനുഷ്യൻ: ഹൃദയംതൊടും കുറിപ്പ്

farmer-5

മണ്ണിൽ പണിയെടുത്തവന്, അധ്വാനത്തിന്റെ വിലയറിഞ്ഞവന് അന്നം എന്നും ദൈവതുല്യമാണ്. ഭക്ഷണവേളയിൽ കർഷകനോടും മണ്ണിനോടുമുള്ള ആദരം െകാണ്ട് ചെരുപ്പ് ഊരി വച്ച് കഴിക്കുന്ന ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. ഇസ്മയിൽ ഹസൻ എന്ന പേജിൽ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധനേടിയത്. കോളജ് കാന്റീനിൽ തന്റെ മകൻ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണിതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ചെരുപ്പ് ഊരി വച്ച് ഭക്ഷണത്തിന് ഓർഡർ ചെയ്തു. ഭക്ഷണം എത്തിയപ്പോൾ അതിനെ വണങ്ങി തികഞ്ഞ ആദരവോടെ അദ്ദേഹം ഭക്ഷണം കഴിച്ചു. അപ്പോഴും അയാൾ ചെരുപ്പ് ധരിച്ചില്ല. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ ചിത്രവും കുറിപ്പും ഇപ്പോൾ ചർച്ചയാവുകയാണ്. 

കുറിപ്പ് വായിക്കാം:

ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻ തോന്നി..

മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, എന്റെ മോൻ Salman Ismailhassan കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം. അപ്രതീക്ഷിതമായി കോളജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ. 

ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവൻ കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകൾ ധരിച്ചത്. അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കർഷകനാണെന്നു മനസ്സിലാക്കിയതും.. 

ഭൂമി നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകൾ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോൾ അത് അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു.. നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ലാ, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നതെന്നു ബോധ്യപ്പെടാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ!!!

#ഇൻഡ്യൻകർഷകർക്ക്ഐക്യദാർഢ്യം...