Monday 15 July 2019 03:47 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ പ്രസവം സർക്കാർ ആശുപത്രിയിൽ; കലക്ടറായാൽ‌ ഇങ്ങനെ വേണം; മാതൃകയ്ക്ക് മനംനിറഞ്ഞ് കയ്യടി

collector

പളപളപ്പൻ സർക്കാർ–വൈറ്റ് കോളർ ജോബും ആറക്ക ശമ്പളവും എല്ലാർക്കും വേണം. പക്ഷേ സർക്കാർ സ്കൂളെന്നോ സർക്കാർ ആശുപത്രിയെന്നോ കേൾക്കുമ്പോൾ പലരുടേയും നെറ്റിചുളിയും. സർക്കാർ ആശുപത്രികളിൽ ക്യൂ നിൽക്കുന്നതിനേക്കാളും സ്വകാര്യ ആശുപത്രിയിൽ കാശിറക്കി കാര്യം നേടുന്നതിനോടാണ് പലർക്കും പഥ്യം. ‘പണത്തേക്കാൾ വലുത് അന്തസാണല്ലോ’ അതാണ് പ്രൈവറ്റ് സ്നേഹത്തിൽ ഏവരുടേയും ന്യായീകരണം.

സർക്കാർ ഉദ്യോഗസ്ഥർ പോലും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ ഊഴം കാത്തു നിൽക്കുന്ന കാലത്ത് ഇതാ ഒരു മാതൃകാപുരുഷൻ. ഭാര്യയുടെ പ്രസവം സർക്കാർ ആശുപത്രിയിലാക്കിയ ഒഡിഷയിലെ‍ മാൽക്കഗിരി ജില്ലാ കലക്ടർ മനീഷ് അഗർവാളാണ് കയ്യടി നേടിയിരിക്കുന്നത്. ഭാര്യ സോനത്തിന്റെ പരിശോധനകൾക്ക് വേണ്ടിയാണ് ആദ്യം ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ (ഡിഎച്ച്എച്ച്) എത്തിയത്. സ്വകാര്യാശുപത്രികളുടെ അത്ര സൗകര്യങ്ങൾ ഉള്ളതിനാൽ പ്രസവവും ഇവിടെ തന്നെയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സർക്കാർ സംവിധാനങ്ങളോട് ജനങ്ങൾ തുടരുന്ന അവിശ്വാസം ഇല്ലാതാക്കാൻ ഇത് ഉപകരിക്കുമെന്നാണ് കലക്ടറുടെ നിഗമനം. സംഗതി ഭാര്യക്കു മുന്നിൽ അവതരിപ്പിച്ചപ്പോൾ നൂറവട്ടം സമ്മതം. ജൂലൈ നാലിനാണ് കലക്ടർക്കും പ്രിയതമയ്ക്കും മകൻ പിറക്കുന്നത്.

മാൽക്കഗിരി ഡിഎച്ച്എച്ച് ആശുപത്രിയിൽ സൗകര്യങ്ങൾ മറ്റ് സമീപത്തുള്ള മറ്റേത് ആശുപത്രിയിലേതിനേക്കാളും മികച്ചതാണ്. വരും വർഷങ്ങളിൽ ആശുപത്രിയുടെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും കലക്ടർ അറിയിച്ചു. ജനങ്ങൾക്ക് ഗുണമേന്മയുള്ള ചികിൽസ ഉറപ്പുവരുത്തുമെന്നും കലക്ടർ അറിയിച്ചു. മെച്ചപ്പെട്ട ചികിൽസ ലഭിക്കാൻ ഭുവനേശ്വറിലോ വിശാഖപട്ടണത്തോ ആണു സർക്കാർ ഉദ്യോഗസ്ഥർ പോകാറുള്ളത്. ഈ പതിവു കലക്ടർ മാറ്റിയതിന്റെ സന്തോഷത്തിലാണ് ആശുപത്രി അധികൃതർ. മനിഷും ഭാര്യയും കുഞ്ഞും ആശുപത്രിയിലുള്ള ചിത്രം സംസ്ഥാന ആരോഗ്യ–കുടുംബക്ഷേമ വകുപ്പ്  ട്വീറ്റു ചെയ്തു.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തു ചെയ്യുന്ന ഈ ആശുപത്രിയിൽ 2016ൽ മസ്തിഷ്ക ജ്വരം ബാധിച്ച് 103 കുട്ടികൾ മരിച്ചിരുന്നു. വലിയ വിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കും ഈ സംഭവം തുടക്കമിട്ടു. രാജ്യത്തെ നടുക്കിയ സംഭവത്തിനുശേഷം ഈ ആശുപത്രിയിൽ വലിയ തോതിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു. ഈ പുരോഗതിയിൽ ജനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത നൽകാൻ കലക്ടറുടെ പ്രവൃത്തി സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. വാർത്ത പുറത്തു വന്നതിനു പിന്നാലെ മനിഷിനെ തേടി അഭിനന്ദന പ്രവാഹമാണ്.

Tags:
  • Social Media Viral