Saturday 07 December 2019 02:46 PM IST : By സ്വന്തം ലേഖകൻ

അന്ന് ആസിഡിൽ എരിഞ്ഞടങ്ങിയവൾക്കായി, ഇന്ന് മാനവും ജീവനും നഷ്ടപ്പെട്ടവൾക്കു വേണ്ടി ;സജ്ജനാറുടെ ‘ഏറ്റുമുട്ടലുകൾ’ ആവർത്തിക്കപ്പെടുമ്പോൾ

ec

ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ട് കൊന്ന പ്രതികളെ ഏറ്റുമുട്ടലിലൂടെ  വകവരുത്തിയ സംഭവത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുമ്പോഴും ഏവരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നത് വി.പി സജ്ജനാര്‍ എന്ന ഉദ്യോഗസ്ഥനിലേക്കാണ്. നിഷ്ഠൂര കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥൻ. കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചു വീഴ്ത്തിയതെന്ന് പൊലീസ് പറയുമ്പോഴും അർഹിച്ച ശിക്ഷയെന്നാണ് ഭൂരിപക്ഷാഭിപ്രായം.

ഇതിന് മുൻപും ഇത്തരത്തിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ നടത്തിയ ഉദ്യോഗസ്ഥനാണ് കർണാടക ഹൂബ്ലി സ്വദേശിയായ വിപി സജ്ജനാർ. വർഷങ്ങൾക്ക് മുൻപ് രണ്ടു യുവതികൾക്ക്  നേര്‍ക്ക് ആസിഡാക്രമണം നടത്തിയ പ്രതികളെ സജ്ജനാർ ഇതുപോലെ ഏറ്റമുട്ടലില്‍ വധിച്ചിരുന്നു.

2008 ൽ സജ്ജനാർ വാറങ്കൽ എസ് പി ആയിരുന്ന സമയത്താണ് സംഭവം. സ്‌കൂട്ടിയിൽ കോളേജിലേക്ക് പോവുകയായിരുന്ന സ്വപ്നിക, പ്രണിത എന്നീ പെൺകുട്ടികളുടെ ശരീരത്തിൽ മൂന്നു യുവാക്കൾ ആസിഡ് ഒഴിച്ചതാണ് കേസ്. സ്വപ്നിക മുഖം പൊള്ളിയടർന്ന് സംഭവ സ്ഥലത്ത് മരിച്ചു. പ്രണിതയ്ക്കാകട്ടെ മാസങ്ങളോളം ആശുപത്രി കിടക്കയിൽ കഴിയേണ്ടി വന്നു. പാതി കരിഞ്ഞ ശരീരവുമായി കഴിയേണ്ടി മരണവുമായി മല്ലിട്ട പ്രണിതയ്ക്ക് ഒടുവിൽ ജീവൻ തിരികെ കിട്ടി. ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നീ മൂന്നു യുവാക്കളാണ് ആസിഡ് ഒഴിച്ചത്. അവരുടെ പ്രണയാഭ്യർത്ഥന തള്ളിയതും ശല്യം ചെയ്യുന്നതിനെക്കുറിച്ചു പെൺകുട്ടികൾ പരാതിപ്പെട്ടതും ആയിരുന്നു ആക്രമണ കാരണം. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസും പറഞ്ഞു. പ്രണിത പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പിന്നീട് അധിക ദിവസം പ്രതികൾ ജീവിച്ചിരുന്നില്ല എന്നതാണ് നാടകീയകത. പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച അതേ സ്ഥലത്ത് മൂന്നു പ്രതികളും പൊലീസിന്റെ വെടിയേറ്റു മരിച്ചു. അന്നും എസ് പി സജ്ജനാർ മാധ്യമങ്ങളോട് പറഞ്ഞത് രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികളെ വെടിവച്ചു കൊന്നു എന്നാണ്.

പൊലീസുകാരിലൊരാളുടെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഡോക്ടര്‍ കൊല്ലപ്പെട്ട അതേ സ്ഥലത്താണ് പ്രതികളും കൊല്ലപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ചയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വ്യാപക പ്രതിഷേധം നടത്തിവരുമ്പോഴാണ് നാടകീയ സംഭവങ്ങൾ.

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്നരയ്ക്ക് നടന്ന സംഭവം രാവിലെ ഏഴരയോടെയാണ് സ്ഥിരീകരിച്ചത്. രാജ്യം നടുങ്ങിയ കേസിലെ  പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോൾ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഇതോടെ ഉയർന്നു കഴിഞ്ഞു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. നിയമം കയ്യിലെടുത്ത പൊലീസുകാരെ വിമർശിക്കുന്നവരും ഏറെയാണ്.

നവംബര്‍ 27 നായിരുന്നു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവമുണ്ടായത് . രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കേടായ സ്കൂട്ടര്‍ ശരിയാക്കാന്‍ എന്ന വ്യാജേന എത്തിയ നാല്പേരാണ് തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചത്. പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു മൃതദേഹം കത്തിച്ചു. 

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്.