Saturday 16 May 2020 01:04 PM IST

അമ്മുവിന്റെ വിജയഗാഥ കുക്കിങ് കം സ്‌റ്റൈലിങ്; അടിച്ചുപൊളിച്ച് വീട്ടിലിരുന്ന് പണമുണ്ടാക്കാം സോഷ്യൽ മീഡിയയിലൂടെ...

Lakshmi Premkumar

Sub Editor

ammu7788643

ജോലിക്ക് അപേക്ഷിക്കാം എന്ന് കരുതിയാൽ ദാ, ചുണ്ടിനും കപ്പിനുമിടയിൽ എയ്ജ് ഓവർ ആയി. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാമെന്ന് വച്ചാൽ അതിനൊക്കെ വലിയ മുടക്കു മുതൽ വേണ്ടേ?... അല്ലെങ്കിലും അതൊക്കെ വല്യ റിസ്കാ... ഒരു സേഫ് സോൺ നോക്കാതെ അങ്ങനെ ചാടിയിറങ്ങാൻ പറ്റുമോ? ഇങ്ങനെയിങ്ങനെ ചിന്തിച്ച് കാടു കയറുന്നതിനു മുൻപേ അമ്മുവിനെ പരിചയപ്പെട്ടോളൂ. സോഷ്യൽ മീഡിയയിലൂടെ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് അമ്മു. ഒപ്പം  ആവശ്യത്തിന് പണവും ഉണ്ടാക്കുന്നുണ്ട്.  

കുക്കിങ് കം സ്‌റ്റൈലിങ് - അമ്മു വർഗീസ് , കൊച്ചി 

സ്‌കൂൾ കാലം മുതലേ ട്രെൻഡിനു പുറകെ പോകുന്നയാളാണ് ഞാൻ. ആറിലും ഏഴിലുമൊക്ക പഠിക്കുമ്പോൾ സ്കൂളിലെ പരിപാടികൾക്ക് ഏതു ഡ്രസ് ഇടണമെന്ന് ഒരു മാസം മുൻപേ പ്ലാൻ ചെയ്യും. അന്നത്തെ ആ സ്പാർക് തന്നെയാണ് ഇപ്പോഴും ഉള്ളിൽ. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ്  സോഷ്യൽ മീഡിയിൽ സ്‌റ്റൈലിസ്റ്റാക്കി മാറ്റിയത്. 

ആദ്യം കൺഫ്യൂഷൻ പിന്നെ, കോൺഫിഡൻസ് 

വീട് കൊച്ചിയിലാണ്. ഡിഗ്രി പഠിക്കാൻ ചെന്നൈ  സ്‌റ്റെല്ലാ മേരീസിൽ ചേർന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും തികച്ചും വേറിട്ടൊരു ലോകമായിരുന്നു അത്. ഇണങ്ങുമോ എന്ന ആശങ്കയൊന്നുമില്ലാതെ ഇഷ്ടമുള്ള ഏതു വസ്ത്രവും അണിഞ്ഞു നടക്കുന്ന മോസ്റ്റ് സ്റ്റൈലിഷ് ഗേൾസ്. സ്‌റ്റൈലിങ്ങിന്റെ പുതിയ പാഠങ്ങൾ അവിടെനിന്ന് പഠിച്ചുതുടങ്ങി. ‌

ഒരു പേജ് തുടങ്ങിയാലോ, ഫാഷൻ റിലേറ്റഡ് പോസ്റ്റ് ഇട്ടാലോ, പുത്തൻ വസ്ത്രങ്ങളുടെ ഫോട്ടോസ് അപ്‌ലോഡ് ചെയ്താലോ എന്നിങ്ങനെ പല ചിന്തകൾ വന്ന് കൺഫ്യൂഷനോട് കൺഫ്യൂഷൻ. പക്ഷേ, ട്വിസ്റ്റ് എന്താണെന്നോ? എന്റെ സോഷ്യൽ മീഡിയ പേജുകൾ ഹിറ്റായത് കുക്കിങ്ങിലൂടെയാണ്.

2013 ൽ പഠനം കഴിഞ്ഞയുടനെ ആയിരുന്നു വിവാഹം. ഭർത്താവ് കുര്യൻ കാപ്പൻ. ‘സെയിന്റ്സ് ഇന്റീരിയൽ ഫിറ്റ് ഔട്ട്’ എന്ന ഇന്റീരിയൽ ഡിസൈനിങ് കമ്പനി ഉടമയാണ്. വിവാഹം കഴിക്കുന്ന സമയത്ത് അദ്ദേഹം ദുബായ‌്യിലാണ്. അവിടെ ചെന്നപ്പോൾ എന്റെ കുക്കിങ് പരീക്ഷണങ്ങൾ വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു തുടങ്ങി. സംഭവം ക്ലിക്കായി. അതോടെ ആത്മവിശ്വാസം കൂടി.

സന്തോഷവും വരുമാനവും ഒന്നിച്ച് 

പിന്നീടാണ് ഡ്രസ്സുകളും സ്‌റ്റൈലിങ് ടിപ്സും സോഷ്യൽ മിഡിയയിൽ പങ്കുവയ്ക്കാൻ തുടങ്ങിയത്. എല്ലാവർക്കും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയണം എന്റെ സ്‌റ്റൈലിങ്, അതു മാത്രമാണ് ഫോളോ ചെയ്യുന്ന ഫാഷൻ മന്ത്ര.

പല ഓൺലൈൻ സ്‌റ്റോഴ്സും അവരുടെ ഫാഷൻ പ്രോഡക്‌ട്സ് സ്റ്റൈൽ ചെയ്തു കൊടുക്കാമോ എന്ന് ചോദിച്ചു. ചിലർ പ്രതിഫലമായി പണമാണ് തരുക. ചിലർ അവരുടെ പ്രൊഡക്റ്റസ് നമുക്ക് ഉപയോഗിക്കാൻ അയച്ചു തരും. നമ്മൾ സ്റ്റോറിനെ സൂചിപ്പിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്താൽ മാത്രം മതി. ഇതിപ്പോൾ ഒരു നല്ല ബിസിനസും വലിയൊരു നേരംപോക്കുമാണ്. വളരെ അടുത്ത കൂട്ടുകാർക്കായി വിവാഹത്തിന് സ്റ്റൈൽ ചെയ്തു കൊടുക്കാറുമുണ്ട്. 

എന്റെ എല്ലാ ഫോട്ടോസും എടുത്തു തരുന്നത് ആറു വയസ്സുകാരി മകൾ ടിയയാണ്. ചിലപ്പോൾ ആ മാലയിടേണ്ട, ഈ ഡ്രസ്സ് ഇങ്ങനെയിട്ടു നോക്കൂ... എന്നിങ്ങനെ പെർഫക്ട് സജഷൻസും പറയാറുണ്ട്. സോ എപ്പോഴും ഞാൻ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന അഭിപ്രായം എന്റെ കുട്ടി ഫോട്ടോഗ്രഫറുടേതാണ്. 

Tags:
  • Spotlight
  • Motivational Story