Friday 23 October 2020 11:32 AM IST : By സ്വന്തം ലേഖകൻ

മിസ് ചെയ്യുന്ന ക്യാമ്പസ് പ്രണയവും സൗഹൃദങ്ങളും; ഓൺലൈൻ പഠനം വിദ്യാർഥികളുടെ മാനസികാരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ, വിഡിയോ

neeraja-muraleee

കഴിഞ്ഞ ആറു മാസമായി കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയിട്ട്. പഠനം മുന്നോട്ടുപോകുന്നുണ്ടെങ്കിലും സ്‌കൂൾ കുട്ടികളെക്കാൾ മാനസിക സംഘർഷം അനുഭവിക്കുന്നവരാണ് കോളജ് തലത്തിലുള്ള വിദ്യാർത്ഥികൾ. ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് മുരളി തുമ്മാരുകുടി. 

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

കൊറോണ കാമ്പസ് പ്രണയങ്ങളോട് ചെയ്യുന്നത്..

കഴിഞ്ഞ ആറു മാസമായി നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയിട്ട്. കേട്ടിടത്തോളം പല പരിമിതികളും ഉണ്ടങ്കിലും പഠിപ്പിക്കലും പഠിക്കലും നന്നായി നടക്കുന്നുണ്ട്. കുട്ടികൾ കൂടുതലായി ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെന്നും, ഓൺലൈൻ റിസോഴ്സ് ഒക്കെ കൂടുതൽ ഉപയോഗിക്കുന്നുണ്ടെന്നും സ്വതന്ത്രമായി പ്രോജക്ടും അസൈൻമെന്റും ഒക്കെ ചെയ്യുന്നുണ്ടെന്നാണ് അധ്യാപകരിൽ നിന്നുള്ള റിപ്പോർട്ടുകൾ. നല്ല കാര്യം.

കോളജിൽ പോകുന്നത് പഠിക്കാൻ മാത്രമല്ലല്ലോ. കൂട്ടുകൂടാൻ, നേതൃത്വ ഗുണം വികസിപ്പിക്കാൻ, പ്രേമിക്കാൻ ഒക്കെ കോളജ് പഠനത്തിന്റെ കാലം ഉപയോഗിക്കപ്പെടുന്നുണ്ടല്ലോ. നമ്മുടെ കോളജ് ഓർമ്മകളിൽ കൂടുതൽ മധുരമായിട്ടുള്ളത് ക്‌ളാസിൽ പഠിച്ച ഡിഫറൻഷ്യൽ ഇക്വേഷൻ ഒന്നുമല്ലല്ലോ.

ക്‌ളാസ്സുകൾ ഓൺലൈൻ ആകുമ്പോൾ കുട്ടികളുടെ മാനസിക ആരോഗ്യത്തിന് എന്ത് സംഭവിക്കുന്നു?. എല്ലാ വീടുകളും ഒരുപോലെ അല്ല. ഡൊമസ്റ്റിക് വയലൻസ് ഉള്ള വീടുകൾ ഉണ്ട്, കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന വീടുകൾ ഉണ്ട്. പഠിക്കാൻ പോകുന്ന സമയം എങ്കിലും ഇതിൽ നിന്നും ഒരു ആശ്വാസമായ സാഹചര്യം ഉണ്ടായിരുന്നു, കൂട്ടുകാരോട് വീട്ടിലെ പ്രശ്നങ്ങൾ പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നു, പക്ഷെ ഇതൊന്നും ഇപ്പോൾ ഇല്ല. ആ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് ?

ഓൺലൈൻ പഠനകാലത്ത് പെൺകുട്ടികൾക്ക് വീട്ടിലെ ജോലികൾക്ക് വേണ്ടി കൂടുതൽ സമയം ചെലവാക്കേണ്ടി വരുന്നുണ്ടോ?, കമ്പ്യൂട്ടർ ആണെങ്കിലും പഠിക്കാനുള്ള മറ്റു സൗകര്യങ്ങൾ ആണെങ്കിലും കിട്ടുന്നതിൽ അവർ രണ്ടാംതരം ആയി മാറിപ്പോകുന്നുണ്ടോ?, അങ്ങനെയാണെങ്കിൽ അവർ എന്ത് ചെയ്യണം ? ഓൺലൈൻ കാലത്ത് പ്രേമങ്ങൾ എങ്ങനെയാണ് കൊണ്ട് നടക്കുന്നത് ?, ഈ വിഷയങ്ങൾ ഒക്കെയാണ് ഈ ആഴ്ച നീരജ ജാനകി സംസാരിക്കുന്നത്. കേൾക്കുക. അഭിപ്രായങ്ങൾ പറയുക. അധ്യാപകരും മാതാപിതാക്കളുമായി പങ്കുവെക്കുക. 

Tags:
  • Spotlight
  • Social Media Viral