Friday 16 October 2020 10:54 AM IST : By ജി. ഹസ്താമലകൻ

കോവിഡ് സ്ഥിരീകരിച്ച ‘കൊറോണ’ പെൺകുഞ്ഞിനു ജന്മം നൽകി; പേര് അർപ്പിത...

amma-new.jpg.image.845.440

കോവിഡ് പോസിറ്റീവായ ‘കൊറോണ’ പെൺകുഞ്ഞിനു ജന്മം നൽകി. മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ ഇന്നലെ പ്രസവിച്ചത്. 24 വയസ്സുകാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണ്, പേര് അർപ്പിത. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 

കൊല്ലത്തെ ആശുപത്രിയിൽ ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഈ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ പുലർച്ചെ 2.30 നായിരുന്നു പ്രസവം. കാട്ടു എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലം മതിലിൽ കാട്ടുവിള വീട്ടിൽ ആർട്ടിസ്റ്റ് തോമസിന്റെ ഇരട്ട മക്കളാണു കൊറോണയും കോറലും. പ്രകാശവലയം എന്ന അർഥത്തിലാണു മകൾക്കു കൊറോണ എന്ന പേരിട്ടത്. പ്രവാസിയായ ജിനു നാട്ടിലുണ്ട്. 

കൊറോണ – ജിനു ദമ്പതികളുടെ മൂത്തമകൻ അർണബ്(5). കാട്ടുവിള വീട്ടുകാർക്ക് കൊറോണ എന്നതു മകളുടെ പേരിൽ അവസാനിക്കുന്നില്ല. തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടിപാർലറിന്റെ പേരും കൊറോണ എന്നാണ്. സ്ഥാപനം അടച്ചതിനാൽ ഇപ്പോൾ വീട്ടിലാണ് പാർലറിന്റെ പ്രവർത്തനം.

Tags:
  • Spotlight