Thursday 16 April 2020 03:47 PM IST

ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ പിടയുന്ന രോഗികൾ; യുകെയിലെ കൊറോണ വാർഡിലെ ദയനീയ കാഴ്ചകൾ വിവരിച്ച് കൊച്ചിക്കാരി !

Delna Sathyaretna

Sub Editor

delna6tfyfyfyf

ഓക്സിജൻ സിലിണ്ടർ ഫുൾ ഫ്ലോയിൽ ഉപയോഗിച്ചിട്ടും, എഴുപത്തെട്ടിൽ താഴെയേ ആ അമ്മയ്ക്ക് ഓക്സിജൻ കൗണ്ട് കിട്ടുന്നുണ്ടായിരുന്നുള്ളു. നെഞ്ച് വേദനയും ശ്വാസ തടസവും കൊണ്ട് അവർ പിടയുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു. എന്റെ അമ്മയെ ഓർത്തു പോയി ഞാൻ. ഉള്ള് ആകെയൊന്നു പിടഞ്ഞു. യു കെ യിലെ ബ്ലാക്ക് പൂൾ എന്ന തീര ഗ്രാമത്തിലെ ആശുപത്രിയിൽ കൊറോണ വാർഡിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന അനിത ധന്യയെന്ന കൊച്ചിക്കാരിക്ക് കൊറോണ വാർഡിലെ കരളലിയിപ്പിക്കുന്ന കാഴ്ചകൾ കണ്ടു മരവിച്ചു തുടങ്ങിയിരിക്കുന്നു. കൊറോണ ബാധിത മരണങ്ങൾ അവിടെ  മുപ്പതു കടന്നു. ലണ്ടനിലേതിനേക്കാൾ ഏറെ കുറവാണിത്. യു കെയിൽ ഓൾഡ് ഏജ് പോപുലേഷൻ കൂടുതലാണ്. അവിടെ മരണസംഘ്യ ഏറുന്നതിനു ഇത് ഒരു കാരണമാകാം. പിന്നെ എത്ര വികസിത രാജ്യമാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ നാട്ടിൽ കിട്ടുന്നത്രയും, പ്രൊട്ടക്റ്റീവ് സൂട്ടുകൾ അവിടെ ആശുപത്രികളിൽ ലഭ്യമല്ല. കേരളത്തിലും, സൗദിയിലും, യു കെയിലും ജോലി ചെയ്തിട്ടുള്ള, ആരോഗ്യം കാക്കുന്ന മാലാഖയെന്ന നിലയിൽ ധന്യ യ്ക് അത് ഉറപ്പിച്ചു പറയാനാകും. ഇതും മരണസംഘ്യ ഏറാൻ ഇടയാക്കുന്നു. നമ്മുടെ ആരോഗ്യ മേഖല ലോകത്തിനു മാതൃകയാകുന്നതും ഇത്തരം ലോകോത്തര നിലവാരം പുലർത്തുന്നത് കൊണ്ടല്ലേ.

‘ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ ഇന്ന് കണ്ടവരെ നാളെ കാണാനാകുമോ എന്ന് തന്നെ ഉറപ്പില്ല. ഒരു അങ്കിളിനോട് അങ്ങനെ യാത്ര പറഞ്ഞിറങ്ങിയതാണ്. "കോറോണയല്ലേ.. നാളെ ഞാനുണ്ടാകുമോയെന്നു ആരു കണ്ടു " അദ്ദേഹം തമാശയായി പറഞ്ഞതാണ്. ആ വാക്കുകൾ അറം പറ്റി. അടുത്ത ദിവസം എന്നോട് തിരികെ പുഞ്ചിരിക്കാൻ അദ്ദേഹം ഉണ്ടായിരുന്നില്ല. മറ്റു കാര്യങ്ങളിലെല്ലാം യുകെ നല്ല നിലവാരം പുലർത്തുന്നുണ്ട്. അവശ്യ വസ്തുക്കൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്യുന്നതടക്കം ഗവണ്മെന്റ് നല്ല സപ്പോർട്ടീവാണ്. മറ്റു സ്‌ഥലങ്ങളിൽ നിന്ന് വന്നു താമസിക്കുന്നവരോട് വിവേചനമൊന്നുമില്ല. അതുകൊണ്ടു തന്നെ സ്വന്തം നാട്ടിലെന്ന പോലെയാണ് ഇവിടെ. കോവിഡ് ഓരോ ജീവൻ കൊണ്ടുപോകുമ്പോഴും സഹിക്കാനാകാത്ത വേദന ബാക്കിയാകുന്നതും അതുകൊണ്ടാണ്.’ ധന്യ പറയുന്നു.