Tuesday 07 April 2020 12:17 PM IST : By സ്വന്തം ലേഖകൻ

കൊറോണ വൈറസിനെ ലാബിൽ കൊന്നു! സന്തോഷം പകരുന്ന വാർത്തയുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ

corona-07555

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞർ. വാക്സിൻ വികസിപ്പിക്കാനുള്ള നിരന്തര പരീക്ഷണങ്ങൾക്ക് സന്തോഷം പകരുന്ന വാർത്തയാണ് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ പുറത്ത് വിടുന്നത്. ഓസ്ട്രേലിയയിലെ ലാബിൽ നടത്തിയ ടെസ്റ്റിൽ കൃത്രിമ സാഹചര്യത്തിൽ വളര്‍ത്തിയെടുത്ത കോവിഡ്–19 വൈറസിനെ 'ഐവർമെക്ടിൻ' എന്ന മരുന്നുപയോഗിച്ച് കൊന്നതായി ഗവേഷകർ വെളിപ്പെടുത്തി. വെറും 48 മണിക്കൂർ മാത്രമേ ഇതിനായി വേണ്ടിവന്നുള്ളൂവെന്നും അവർ പറയുന്നു.

പരാന്ന ഭോജികൾക്കുള്ള സുലഭമായ മരുന്നാണ് ഐവർമെക്ടിൻ. ഈ മരുന്ന് എഫ്ഡിഎ അംഗീകരിച്ചതാണ് എന്നുള്ളതും ശാസ്ത്രലോകത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. ആന്റിവൈറല്‍ റിസേര്‍ച്ച് എന്ന പ്രസിദ്ധീകരണത്തിലാണ് മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഒരു ഡോസ് ഐവര്‍മെക്ടിന്‍ സെല്‍കള്‍ച്ചറില്‍ വളര്‍ന്നുവന്ന സിവിയുടെ വളര്‍ച്ച തടഞ്ഞു എന്നാണ് ഗവേഷകര്‍ പറയുന്നത്. 

വൈറസിന്റെ എല്ലാ ജനിതക പദാര്‍ഥങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ സാധിച്ചതായി അവര്‍ പറയുന്നു. തങ്ങളുടെ പരീക്ഷണപ്രകാരം ഒരു ഡോസ് ഐവര്‍മെക്ടിന്‍, വൈറല്‍ ആര്‍എന്‍എ 48 മണിക്കൂറിനുള്ളില്‍ നശിപ്പിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം വന്നുവെന്നുമാണ് പ്രബന്ധത്തിന്റെ പ്രധാന രചയിതാവായ ഡോക്ടര്‍ കെ വാഗ്‌സ്റ്റാഫിന്റെ വാദം. എച്‌ഐവി, ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സാ, സിക്കാ വൈറസ് എന്നിവയ്ക്കെതിരെയും ഐവർമെക്ടിൻ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 

ജീവനുള്ള ശരീരത്തിന് പുറത്താണ് ഈ പരീക്ഷണം വിജയിച്ചതെന്നതാണ് ഇതിലെ വെല്ലുവിളി. മരുന്ന് ആളുകളിൽ പരീക്ഷിച്ച് വിജയം കണ്ടാൽ മാത്രമേ ലക്ഷ്യത്തിലെത്തൂ. മനുഷ്യരിൽ ഏത് അളവിലാണ് ഐവർമെക്ടിൻ നൽകാൻ കഴിയുകയെന്നതും പരീക്ഷിക്കുന്നതേയുള്ളൂ. മനുഷ്യരിലെ പരീക്ഷണം വിജയകരമായാൽ കോവിഡ്–19 നെ പിടിച്ചു കെട്ടാനാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.

more...

Tags:
  • Spotlight