Saturday 06 March 2021 10:50 AM IST : By സ്വന്തം ലേഖകൻ

കവിളും ചുണ്ടും വലുതാക്കാൻ ചെലവിട്ടത് 1.5 ലക്ഷം രൂപ; ഇപ്പോഴാണ് സുന്ദരിയായതെന്ന് ഉക്രൈന്‍ മോഡൽ

mffdg4455fcg445

സൗന്ദര്യം കൂട്ടാനായി കോസ്‌മെറ്റിക് സർജറി ചെയ്യുന്നവരുടെ എണ്ണം വിദേശ രാജ്യങ്ങളിൽ കൂടുതലാണ്. പലതും അബദ്ധങ്ങളിൽ എത്താറുമുണ്ട്. കവിളും ചുണ്ടും വലുതാക്കാൻ സർജറി ചെയ്ത 32 വയസ്സുകാരിയായ ഒരു യുവതിയുടെ വിചിത്ര രൂപമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സർജറിയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ കവിളുകളുള്ള മോഡൽ ആയി മാറിയിരിക്കുകയാണ് ഉക്രൈന്‍ സ്വദേശി അനസ്താസിയ പോക്രേഷ്ച്ച.

ആറു വർഷം മുൻപാണ് അനസ്താസിയ കോസ്മറ്റിക് സർജറിക്ക് വിധേയയായത്. ഏകദേശം 1.5 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. സർജറികൾക്കൊടുവിൽ അനസ്താസിയ ആഗ്രഹിച്ചതു പോലെ വലിയ കവിളുകളും ചുണ്ടുകളും സ്വന്തമാക്കാനായി. പിന്നീട് മുടിയുടെ നിറം മാറ്റുകയും കണ്ണുകള്‍ക്ക് നിറം നൽകാൻ ലെൻസ് വയ്ക്കുകയും ചെയ്തു. നഖങ്ങളിലും മാറ്റം വരുത്തി.

തന്റെ പഴയ ചിത്രങ്ങൾ പങ്കുവച്ച് ഏതു രൂപമാണ് നല്ലതെന്ന അനസ്താസിയയുടെ ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സർജറിക്ക് മുൻപുള്ള രൂപം എന്നു പറഞ്ഞവരോട് അത് വെറും തോന്നൽ എന്നായിരുന്നു അനസ്താസിയയുടെ മറുപടി. മോഡലിങ്ങിൽ മികച്ച അവസരങ്ങൾക്കു വേണ്ടിയുള്ള ശ്രമത്തിലാണ് അനസ്താസിയ. ഇൻസ്റ്റഗ്രാമിൽ നിലവിൽ  2.5 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

Tags:
  • Spotlight
  • Social Media Viral