Friday 07 September 2018 11:21 AM IST : By സ്വന്തം ലേഖകൻ

കാൻസറിന് ഹൃദയം കൊണ്ടെഴുതിയ മറുമരുന്നാണ് പ്രണയം; ഇവരുടെ ജീവിതം സാക്ഷി; കരളലിയിപ്പിക്കുന്ന കുറിപ്പ്

bhavya

ഭവ്യയെ നെഞ്ചിലേക്കടുപ്പിച്ചു കൊണ്ട് സച്ചിൻ പറയുകയാണ്. ‘ഇതെന്റെ ജീവനാണ്, ലോകത്തെ ഒരു ശക്തിക്കും ഞങ്ങളെ വേർപിരിക്കാനാകില്ല.’

സ്വാർത്ഥതയുടേയും തൻ പ്രമാണിത്വത്തിന്റേയും ലോകത്ത് അഭിരമിക്കുന്നവർക്ക് സച്ചിൻ–ഭവ്യ ദമ്പതികളിൽ നിന്നും പഠിക്കാനേറെ. ഒരുമിക്കണമെന്ന ഇരുവരുടേയും തീരുമാനത്തെ ക്യാൻസറെന്ന മഹാവ്യാധിക്കും കീഴ്പ്പെടുത്താനായില്ലെന്നതാണ് സത്യം. വിധിയുടെ ഒരു വിട്ടു വീഴ്ച്ചയ്ക്കും വിട്ടു കൊടുക്കാതെ ഭവ്യയെ ഹൃദയത്തോടെ ചേർത്തു നിർത്തുമ്പോൾ, അവിടെ അവളുടെ രോഗമോ, ജീവിത സാഹചര്യമോ ഒന്നും സച്ചിന് വിഷയമേയല്ല. മനസു നിറയെ ഭവ്യയോടുള്ള നിർമ്മല സ്നേഹം മാത്രം.

മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. ഒരുമിച്ച് പഠിക്കുമ്പോഴുണ്ടായ സൗഹൃദം പിന്നീട് പ്രണയമായി. എന്നാൽ സന്തോഷവും കളിചിരികളും നിറഞ്ഞ ഇവരുടെ ജീവിതത്തിലേക്ക് ക്യാൻസർ വില്ലനായെത്തുന്നത് തികച്ചും അപ്രതീക്ഷിതമായി

പക്ഷേ ഏതൊ കൊടുങ്കാറ്റിലും ഉലയാതെ പിടിച്ചു നിർത്താൻ സച്ചിനുള്ളപ്പോൾ ഭവ്യ തളരാൻ ഒരുക്കമല്ലായിരുന്നു. സന്തോഷത്തിലെന്ന പോലെ സങ്കടത്തിലും നിഴലായി സച്ചിൻ കൂടെ.

കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചികിൽസയ്ക്കും ചെലവിനും അതുപോരാതെ വന്നതോടെ സച്ചിനും കൂലിപ്പണിക്കിറങ്ങി. മാർബിൾ പണിയെടുത്താണ് സച്ചിൻ അവളുടെ ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. എല്ലിൽ പടർന്നു പിടിക്കുന്ന ക്യാൻസറാണ് ഭവ്യയ്ക്ക്. ഇൗ മാസം 12ന് എട്ടാമത്തെ കീമോ ചെയ്യാൻ അവളെയും കൂട്ടി സച്ചിൻ എറണാകുളത്തെ ആശുപത്രിയിലേക്ക് വരുമ്പോൾ ഭവ്യ അവന്റെ കാമുകി അല്ല. ജീവിതസഖിയാണ്. ലളിതമായ ചടങ്ങുകളോടെ അവൻ അവളെ സ്വന്തമാക്കി. 

മനക്കരുത്തിന്റെ ഇൗ സച്ചിൻ ദൈവം ചേർത്ത് പിടിക്കുന്നത് കൊണ്ട് ഭവ്യ കാൻസറിനെ തോൽപ്പിക്കുമെന്നുറപ്പാണ് എല്ലാവർക്കും. പക്ഷേ കാൻസറിനെക്കാൾ പണമാണ് ഇവിടെയും വില്ലൻ. ഫെയ്സ്ബുക്ക് പേജിൽ ഇൗ പ്രണയജീവിതം വിവരിച്ചതോടെ പ്രണയംകൊണ്ട് സോഷ്യൽ ലോകത്തിന്റെ കണ്ണും നിറയ്ക്കുകയാണ് ഇവർ.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

മലപ്പുറം: ക്യാൻസറിനെ തോൽപ്പിച്ച പ്രണയത്തിനൊടുവിൽ ഭവ്യയെ ജീവിത സഖിയാക്കി സച്ചിൻ. പ്രണയത്തിന് വേലി തീർക്കാൻ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നിൽ ക്യാൻസർ പോലും തോറ്റു പോയിരിക്കുന്നു. ഇരുവരിലും പ്രണയം മൊട്ടിട്ട് ജീവിത സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ക്യാൻസറെത്തിയത്. എന്നാൽ കൂടുതൽ ആത്മവിശ്വാസം നൽകി തന്റെ പ്രണയിനിയെ കൂടെ ചേർത്തപ്പോൾ ലോകത്തിലെ പ്രണയ ചരിത്രങ്ങളെല്ലാം മുട്ടുകുത്തുകയാണിവിടെ.

കഴിഞ്ഞ വർഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തിൽ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകൾ വിടർന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങൾ നെയ്തു. ഇതിനിടെ നിലമ്പൂർ ചന്തക്കുന്നിലെ ബാങ്കിൽ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടർ പഠനം നടത്തി ഉയർന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

ഈ സമയത്താണ് ഭവ്യയിൽ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോൾ കാൻസർ സ്ഥിരീകരിച്ചു.എന്നാൽ ഭവ്യയെ തനിച്ചക്കാൻ സച്ചിന് കഴിഞ്ഞില്ല. തുടർ പഠനവും മറ്റു തൊഴിൽ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിൻ അവളെ ചികിൽസിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോൾ കൂലി പണിക്ക് ഇറങ്ങി. അച്ഛൻ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാൻ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാർബിൾ പണിയെടുത്താണ് സച്ചിൻ ചെലവ് കണ്ടെത്തുന്നത്.

ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോൾ. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോൾ തന്നെ വിവാഹ എൻഗേജ്‌മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നൽകാൻ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിൻ പറഞ്ഞു.

രോഗത്തിന്റെ പിടിയിൽ അമർന്നു ഭവ്യയെ സച്ചിൻ ജീവിതത്തിലേക്ക് ചേർത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണൻ, ഭാനുമതി ദമ്പതികളുടെ മകൻ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകൾ ഭവ്യയും ആണ് ഇന്ന് വിവാഹിതരായത്.പഠന കാലത്ത് ഉള്ള പരിചയം പ്രണയത്തിലേക്ക് മാറി വിവാഹ സ്വപ്നങ്ങൾ പങ്കു വയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് ഭവ്യയെ പുറം വേദന പിടികൂടിയത്.പിന്നീട് ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.

എല്ലിൽ പടർന്നു പിടിക്കുന്ന ക്യാൻസറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തിൽ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുമെന്ന്. തുടർ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികൾക്കു മുന്നിൽ ചെയ്യാനുള്ളത് ചികിത്സാ സഹായം നൽകലാണ്. സുമനസുകൾ കനിഞ്ഞാൽ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാൻ സാധിക്കും.