Wednesday 25 September 2019 10:35 AM IST : By സ്വന്തം ലേഖകൻ

27 വർഷത്തെ ദാമ്പത്യം, 33 വർഷം വേർപിരിഞ്ഞുള്ള ജീവിതം; ഒടുവിൽ അപ്രതീക്ഷിതമായി അവർ കണ്ടുമുട്ടിയപ്പോൾ!

seith-subhadra

പ്രണയം, 27 വർഷത്തെ ദാമ്പത്യ ജീവിതം, 33 വർഷം വേർപിരിഞ്ഞുള്ള ജീവിതം. ഒടുവിൽ ഇരുവരും അഗതി മന്ദിരത്തിൽ കണ്ടുമുട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ഒപ്പം ചെറു സങ്കടങ്ങളും. പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം അഗതി മന്ദിരത്തിലായിരുന്നു അത്യപൂർവമായ സംഗമം. ഏതാനും മാസങ്ങളായി ചാപ്പാറ സ്വദേശി സുഭദ്ര (88) അഗതി മന്ദിരത്തിലുണ്ട്. അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്നു താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു മക്കളും നേരത്ത മരണപ്പെട്ട സുഭദ്രയെ പൊലീസാണ് അഗതി മന്ദിരത്തിൽ എത്തിച്ചത്.

കെയർ ടേക്കർ കരീമിന്റെ നേതൃത്വത്തിലുള്ള പരിചരണത്തിൽ സുഭദ്ര സുഖം പ്രാപിച്ചു. ഇതിനിടെയാണ് അവശനിലയിലായ വട്ടപറമ്പിൽ സെയ്തുവിനെ പൊലീസ് തന്നെ അഗതി മന്ദിരത്തിലെത്തിച്ചത്. സുഭദ്ര സെയ്തുവിനെ കണ്ടപ്പോഴാണ് ക്ലൈമാക്സ് പുറത്തായത്. 33 വർഷം മുൻപ് തന്നെ പിരിഞ്ഞുപോയ ഭർത്താവ് മുന്നിൽ. ആദ്യം ഇരുവരും അദ്ഭുതത്തോടെ നോക്കി, പിന്നെ ഉള്ളു നിറഞ്ഞ് ചിരി. ഏറെ നേരം ഇരുവരും ഒരുമിച്ചിരുന്നു. മറ്റ് അന്തേവാസികൾ തിരക്കിയപ്പോഴാണ് ഇരുവരും തങ്ങളുടെ കഥ പറഞ്ഞത്.

ആദ്യ ഭർത്താവ് മരിച്ച ശേഷം സുഭദ്ര അച്ഛനൊപ്പമായിരുന്നു താമസം. ഇതിനിടെ പിതാവിന്റെ അരികിലെത്തിയ വട്ടപറമ്പിൽ സെയ്തു വിവാഹാഭ്യർഥന നടത്തുകയായിരുന്നു. 27 വർഷമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം. ഇവർക്കു മക്കളുണ്ടായിരുന്നില്ല. ഉത്തരേന്ത്യയിൽ ജോലി തേടി പോയ സെയ്തു പിന്നീട് തിരിച്ചു വന്നില്ല. ഏറെനാൾ കാത്തിരുന്നെങ്കിലും പിന്നീട് എല്ലാം മറന്നു.

ഒടുവിൽ ജനിച്ച മണ്ണിലേക്കു വെറും കയ്യോടെ സെയ്തു തിരിച്ചെത്തിയപ്പോൾ പ്രിയസഖി ഏറെ വിഷമങ്ങൾ താണ്ടി അഗതി മന്ദിരത്തിൽ. സുഭദ്രയുടെ നാടൻപാട്ടും നാടക ഗാനവുമെല്ലാമായി 33 വർഷത്തിനു ശേഷമുള്ള ഒത്തുചേരൽ ആഘോഷമാക്കി. നിറഞ്ഞ ചിരിയുമായി ഫോട്ടോയ്ക്കു പോസ് ചെയ്തും ഓർമകൾ പങ്കുവച്ചും ഇരുവരും വലിയ സന്തോഷത്തിലാണെന്നു വെളിച്ചം അഗതി മന്ദിരം പ്രസിഡന്റ് കെ.പി. സുനിൽകുമാറും സെക്രട്ടറി സി.എസ്. തിലകനും പറഞ്ഞു.

more...

Tags:
  • Spotlight
  • Relationship