Saturday 25 July 2020 12:42 PM IST : By ശ്യാമ

ഓർക്കുക ശാരീരിക അകലമാണ് പാലിക്കേണ്ടത്, മാനസിക അകലമല്ല ; കോവിഡ് പോസിറ്റീവായ ആൾക്ക് വീട്ടിലെ പരിചരണം എങ്ങനെ വേണം?

corna

വിദേശരാജ്യങ്ങളിലേതു പോലെ കോവിഡ് പോസിറ്റീവ് ആയ ആളുകളെ വീട്ടിൽ തന്നെ പരിചരിക്കേണ്ടി വന്നാൽ... നമുക്കും ഒരുങ്ങിയിരിക്കാം ജാഗ്രതയോടെ...

കോവിഡ് പോസിറ്റീവ് ആകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. വേറൊരാൾ വന്ന് ഇനിയും പറഞ്ഞ് തരാൻ കാക്കാതെ മാസ്ക്കില്ലാതെ പുറത്തിറങ്ങാതെ, ശരീരിക അകലം പാലിച്ച്, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകി, അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകാതെ നമുക്ക് തന്നെ സൂപ്പർഹീറോസ് ആകാം. അതൊടൊപ്പം തന്നെ അഥവാ നമുക്കൊപ്പം താമസിക്കുന്നയാൾ കോവിഡ് പോസിറ്റീവ് ആയാൽ ആ വ്യക്തിയെ പരിചരിക്കാനുള്ള പാഠങ്ങളും അറിഞ്ഞു വയ്ക്കാം.

നിലവിൽ ആശുപത്രികളിൽ അധികമായി വരുന്ന തിരക്കൊഴിവാക്കാൻ സർക്കാർ തന്നെ ഫസ്റ്റ് ലൈൻ കെയർ സെന്ററുകൾ രൂപീകരിച്ചിട്ടുണ്ട്. ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ മാത്രം കാണിച്ച് കോവിഡ് പോസിറ്റീവ് ആകുന്ന ആളുകളെ പരിചരിക്കാനുള്ള സംവിധാനമാണ് ഫസ്റ്റ് ലൈൻ കോവിഡ് കെയർ സെന്ററുകൾ. എന്നിരുന്നാലും ഇനി മുന്നോട്ട് പോകുന്തോറും രോഗികൾ കൂടി വരുന്ന അവസ്ഥയുണ്ടായാൽ രോഗികളെ വീട്ടിൽ തന്നെ പരിചരിക്കേണ്ട സാഹചര്യവും ചിലപ്പോൾ വന്നേക്കാം. പുറം നാട്ടിലൊക്കെ ഏറെയും ഈ രീതിയാണ് കണ്ടു വരുന്നത്. ഇതിന്റെ പ്രധാന ഗുണം എന്താണെന്നു വച്ചാൽ ഒരുപാട് ആളുകൾ ഒരുമിച്ച് ഒരു സ്ഥലത്ത് പരിചരണത്തിന് വരുന്നതിന്റെ ലോഡ് കുറയും. കൂടാതെ പരിചരണം കൂടുതൽ വേണ്ടവരെ തരം തിരിച്ച് അവർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനും സാധിക്കും.

വീട്ടിൽ തന്നെ രോഗികളെ പരിചരിക്കേണ്ടി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ആര് സുശ്രൂഷിക്കണം?

65 വയസ്സിൽ താഴേയുള്ള മറ്റ് അസുഖങ്ങളില്ലാത്ത ആളുകൾ വേണം രോഗിയെ പരിചരിക്കാൻ.

2. എത്ര പേര്‍?

നിർബന്ധമായും ഒരാൾ മാത്രം രോഗിക്കു വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്താൽ മതി. ഒരുപാട് പേര് മാറി മാറി നോക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൊച്ച് കുട്ടികളും 65ന് മുകളിൽ പ്രായമുള്ളവരും രോഗം മാറും വരെ രോഗിക്ക് അരികിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രോഗിയെ പരിചരിക്കുന്നവർക്കോ വീട്ടിലെ മറ്റാർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ അധികൃതരെ അറിക്കാം.

3. മുൻകൂട്ടി അറിയേണ്ടത് എന്തൊക്കെ?

രോഗിക്ക് പ്രധാനമായും പനി, ശ്വാംമുട്ടൽ, നെഞ്ചു വേദന, ഓർമക്കുറവ് അനുഭവപ്പെടുക, സ്വന്തമായി പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പറ്റാതെ വരിക... ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വച്ച് താമസിപ്പിക്കാതെ അധികാരികളെ വിളിച്ച് വിവരം പറയണം. ദിശ നമ്പർ, അടുത്തുള്ള ആശുപത്രിയുടെ നമ്പർ, അടുത്തുള്ള പോലീസ് സ്റ്റേഷന്റെ നമ്പർ എന്നിവ മുൻകൂട്ടി തന്നെ നോക്കി എടുത്ത് ഫോണിൽ സേവ് ചെയ്തും ഡയറിയിൽ എഴുതിയും വയ്ക്കുക. ലക്ഷണങ്ങൾ മാറുന്നത് എപ്പോഴും രോഗി സ്വയവും പരിചരിക്കുന്നവരും ശ്രദ്ധിക്കണം.

4. എവിടെ എങ്ങനെ താമസിപ്പിക്കണം?

രോഗി കഴിവതും മറ്റുമുറികളുമായി സമ്പർക്കം വരാത്ത തരത്തിലുള്ള ഒറ്റമുറിയിലായിരിക്കണം. മുറി ബാത്ത് അറ്റാച്ച്ഡ് ആയിരിക്കാനും നല്ല വായു സഞ്ചാരമുള്ളതാവാനും ശ്രദ്ധിക്കുക. രോഗിയുടെ മുറി കുറ്റിയിട്ട് അടച്ചിടുന്നത് നന്നല്ല. എന്തെങ്കിലും ആവശ്യം വന്നാൽ എളുപ്പം ചെല്ലാനും നോക്കാനും പറ്റണം. രോഗി ഉപയോഗിക്കുന്ന മുറിയും ബാത്ത്റൂമും മറ്റാരും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.

5. പരിചാരകർ പുറത്തിറങ്ങാമോ?

പരിചരിക്കുന്നയാളുെട സമ്പർകം പരമാവധി കുറയ്ക്കുക. രോഗിക്ക് സാധനങ്ങളും മരുന്നും കൊടുക്കുമ്പോഴും മറ്റു പരമാവധി അകലം പാലിക്കുക. മുറിക്ക് പുറത്ത് സാധനങ്ങൾ വച്ചിട്ട് മാറി നിന്നിട്ട് രോഗി പിന്നീട് അതെടുക്കുന്ന രീതിയാണ് നല്ലത്. പാത്രങ്ങളും മറ്റും ഉപയോഗിച്ച് കഴിഞ്ഞാലും ഇത്തരത്തിൽ മുറിക്ക് പുറത്തേക്ക് നീക്കി വച്ച് രോഗി മാറി കഴിഞ്ഞ് എടുക്കാം. രോഗിയെ പരിചരിക്കുന്ന ആളും കഴിവതും പുറത്തിറങ്ങാതിരിക്കുക. കഴിവതും സാധനങ്ങളും മറ്റും വാങ്ങി വീടിനു പുറത്ത് എത്തിക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്താം.

6. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾക്ക് ശ്രദ്ധ എങ്ങനെ?

രോഗി ഉപയോഗിക്കുന്ന പാത്രം അവർ തന്നെ ഒരു തവണ സോപ്പിട്ട് കഴുകിയ ശേഷം പുറത്തേക്ക് വയ്ക്കാൻ ശ്രദ്ധിച്ചാൽ നന്ന്. എന്നിട്ട് വീണ്ടും അത് ചൂടുവെള്ളവും സോപ്പും കൊണ്ട് പരിചരിക്കുന്ന ആൾ ഒന്നുകൂടി കഴുകുക. രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ മറ്റ് വസ്തുക്കൾ മറ്റാരും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗിക്ക് എന്തെങ്കിലും കൊടുക്കും മുൻപും അവിടുന്ന് തിരികെ വാങ്ങി കഴിഞ്ഞാലും ഉടനെ കൈകൾ നന്നായി കഴുകുക. പാത്രങ്ങൾ പോലെ തന്നെ തോർത്ത്, ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ, ചീപ്പ്, സോപ്പ് എന്നിങ്ങനെയുള്ളതൊന്നും ഷെയർ ചെയ്യരുത്.

രോഗിയുടെ മുറിയിൽ തന്നെ വസ്ത്രങ്ങൾ ഉണക്കാനുള്ള സംവിധാനമുണ്ടാക്കി സ്വയം അലക്കിയിടുന്നതാവും നല്ലത്. ഒരിക്കലും രോഗിയുടേയും മറ്റുള്ളവരുടേയും വസ്ത്രങ്ങൾ ഒരുമിച്ചിട്ട് അലക്കരുത്.

7. സന്ദർശകർക്ക് പ്രവേശനമുണ്ടോ?

കോവിഡ് പോസിറ്റീവ് ആയിരിക്കുന്ന വീട്ടിലേക്ക് (രോഗിയെ കാണുന്നില്ലെങ്കിൽ പോലും) സന്ദർശനം വേണ്ട. കുശലം അന്വേഷണങ്ങൾ തൽക്കാലം ഫോൺ വിളിച്ചോ വീഡിയോ കോൾ വഴിയോ ആകാം.

8. വീട്ടിൽ ഫെയ്സ് മാസ്ക് വേണോ?

വീട്ടിൽ കോവിഡ് പോസിറ്റീവ് ഉള്ള രോഗി ഉണ്ടെങ്കിൽ തീച്ചയായും ഫെയ്സ് മാസ്ക് വയ്ക്കുക. രോഗിയെ പരിചരിക്കുന്ന ആൾ എപ്പോഴും മാസ്ക് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഗ്ലൗസ് ഇട്ടിട്ട് വേണം രോഗിയുടെ പക്കൽ പോകാനും കാര്യങ്ങൾ ചെയ്യാനും. ഒരു തവണ ഉപയോഗിച്ച ഗ്ലൗസ് വീണ്ടും ഉപയോഗിക്കരുത്. അത് കൃത്യമായി എതിർ ദിശയിലേക്ക് ഊരി മറ്റെങ്ങും തട്ടാതെ പൊതിഞ്ഞ് വേറെ എങ്ങും വയ്ക്കാതെ അടപ്പുള്ള ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയും വേണം. ഇവ കത്തിക്കുന്നതിലും നല്ലത് കുഴിച്ചിടുന്നതാണ്.

9. സാനിറ്റൈസിങ്ങ് എങ്ങിനെ?

ഡോർ നോബുകൾ, സ്വിച്ചുകൾ, ഫോൺ എന്നിവ രോഗിയുടെ മുറിയിലേത് രോഗിയും ബാക്കിയുള്ളത് പരിചാരകരും കൃത്യമായി ചെയ്യണം. ഇരുകൂട്ടരും ഇടയ്ക്കിടെ സോപ്പിട്ട് കൈകൾ നന്നായി കഴുകാനും ശ്രദ്ധിക്കണം. വീട് എല്ലാ ദിവസവും വൃത്തിയാക്കാനും ശ്രദ്ധിക്കണം.

രോഗിയുടെ ബാത്റൂമും രോഗി തന്നെ ദിവസവും വൃത്തിയാക്കുക.

10. എങ്ങനെ മാനസിക പിൻതുണ നൽകാം?

ഓർക്കുക ശാരീരിക അകലമാണ് പാലിക്കേണ്ടത്... മാനസിക അകലമല്ല. വീഡിയോ കോളും ഫോണും ഒക്കെയായി അടുത്തുള്ളവരോട് സംസാരിക്കാം, കാണാം. എന്നാൽ നെഗറ്റീവ് ആയി സംസാരിക്കുന്നവർ (ബന്ധുക്കളോ സുഹൃത്തുക്കളോ ആകട്ടേ) ആകുലതകൾ കൂട്ടുന്നവർ കൂടുതൽ വിഷമം പറയുന്നവർ.... തുടങ്ങിയവരോട് തൽക്കാലം അകലം പാലിക്കാം. പരിചരിക്കുന്ന ആള്‍ രോഗിക്ക് മാനസിക പിൻതുണ കൊടുക്കുക. തനിച്ചല്ലെന്ന് ഇടയ്ക്കിടെ പറയുക. അപ്പുറമിപ്പുറം നിന്നുള്ള വർത്തമാനങ്ങൾ ഒരേ സമയത്ത് ചെയ്യാവുന്ന വ്യായാമം, പ്രാർഥന ഒക്കെ ചെയ്യാം.

കടപ്പാട്: ഡോ. എബിൻ തോമസ്,

കൺസൾട്ടന്റ് ഫിസിഷ്യൻ,

ഇന്ദിരഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ,

കടവന്ത്ര.

Tags:
  • Spotlight