Friday 24 July 2020 02:50 PM IST

73 വർഷത്തിനിടെ ആദ്യമായി കൊറോണ അവരെ രണ്ടു മുറിയിലാക്കി; 93 വയസുകാരൻ തോമാച്ചൻ ഇടഞ്ഞപ്പോൾ ഡോക്ടർമാർ വഴങ്ങി! റാന്നിയിൽ വൈറസിനെ തോൽപ്പിച്ച ആ വൃദ്ധ ദമ്പതികളെ രാജ്യം നമിക്കുന്നു

Nithin Joseph

Sub Editor

rannicouple

കൊറോണയിൽനിന്ന് മുക്തി നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ ദമ്പതികൾ ദാ, ഇവിടെ, നമ്മുടെ കൊച്ചുകേരളത്തിൽ തന്നെയുണ്ട്. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് എബ്രഹാമും മറിയാമ്മയുമാണ് അവർ. തോമസ് എബ്രഹാമിന്റെ പ്രായം 93 ആണ്, മറിയാമ്മയുടേത് 89. ഇറ്റലിയിൽനിന്ന് നാട്ടിലെത്തിയ മകൻ മോൺസിയുൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചതും പിന്നീട് ഈ വൃദ്ധ ദമ്പതികൾക്ക് 25 ദിവസം ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നതും ഏറെ വാർത്തയായിരുന്നു. അന്ന് ഏറെ കുറ്റപ്പെടുത്തലുകൾ ഈ കുടുംബം കേട്ടു.

ഇരുപതാമത്തെ വയസ്സിലാണ് തോമസ് എബ്രഹാം പതിനാറു വയസുകാരിയായ മറിയാമ്മയെ വിവാഹം കഴിച്ചത്. 73 വർഷം നീണ്ട ദാമ്പത്യജീവിതത്തിനിടയിൽ ഒരിക്കൽപോലും ഇരുവരും പരസ്പരം പിരിഞ്ഞിരുന്നിട്ടില്ല. ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ അവർ തയാറുമായിരുന്നില്ല. എന്നാൽ, രോഗം സ്ഥിരീകരിച്ചതിനു ശേഷം ഇരുവരെയും ആശുപത്രിയിൽ വെവ്വേറെ ഇടങ്ങളിലാണ് പാർപ്പിച്ചത്. മറ്റാരെയും കാണാൻ അനുവാദവും ഉണ്ടായിരുന്നില്ല. ആ അവസ്ഥയെക്കുറിച്ച് തോമസ് എബ്രഹാമിന്റെ കൊച്ചുമകൾ റീനയുടെ ഭർത്താവ് റോബിൻ ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുന്നത് ഇങ്ങനെ.

രണ്ടു റൂമിൽ നിന്ന് ഒന്നിലേക്ക്

‘അപ്പാപ്പന് അമ്മാമ്മയെ കാണാതിരിക്കാനേ പറ്റുന്നുണ്ടായിരുന്നില്ല. ആശുപത്രിയിൽ രണ്ടാളും വെവ്വേറെ സ്ഥലങ്ങളിലായിരുന്ന സമയത്ത് അപ്പാപ്പൻ വളരെ അസ്വസ്ഥനായി. ആ സമയത്ത് ഓർമക്കുറവ് പോലത്തെ പ്രശ്നങ്ങളും ഉണ്ടായി. ഇത്രയും പ്രായമുള്ള ആളല്ലേ, കോവിഡ് വൈറസിനെക്കുറിച്ചോ അതിന്റെ ഗൗരവത്തെക്കുറിച്ചോ അറിയില്ലല്ലോ. ആശുപത്രിയിലെ ഐസിയുവിൽനിന്ന് പുറത്തേക്കിറങ്ങി പോകാനൊക്കെ ശ്രമിച്ചു. നഴ്സുമാർ വളരെ പാടുപെട്ടാണ് പിടിച്ചുനിർത്തിയത്. ആദ്യദിവസങ്ങളിൽ ആരോഗ്യനില വളരെ മോശമായിരുന്നതുകൊണ്ട് അപ്പാപ്പനെ വെന്റിലേറ്ററിലേക്കും മാറ്റേണ്ടിവന്നു. ഒരുമിച്ച് നിർത്തിയില്ലെങ്കിൽ രണ്ടു പേരും മാനസികമായി തളർന്നു പോകുമെന്ന് മനസ്സിലാക്കിയ ഡോക്ടർ ഇരുവരെയും ഒരു മുറിയിലാക്കി. ഒരുമിച്ചായതോടെ രണ്ടു പേരും ഓകെ. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല.’

രോഗാവസ്ഥയിൽനിന്ന് അദ്ഭുതാവഹമായ തിരിച്ചുവരവാണ് ഈ വൃദ്ധദമ്പതികൾ നടത്തിയത്. ഡയബെറ്റിസ്, ഹൈപ്പർ ടെൻഷർ, ഹൃദ്രോഗം എന്നിങ്ങനെ പ്രായാധിക്യം മൂലമുള്ള പല ആരോഗ്യപ്രശ്നങ്ങൾ ഇരുവർക്കും ഉണ്ട്. അതുകൊണ്ട് ജീവിതത്തിലേക്ക് തിരികെ വരുന്നത് എളുപ്പമല്ലായിരുന്നു. എന്നാൽ, 25 ദിവസംകൊണ്ട് രണ്ടു പേരും പൂർണമായും രോഗമുക്തരായി.

കൃഷി തന്നെ ജീവിതം

തോമസ് എബ്രഹാമിന്റെ മകൻ മോൺസിയും കുടുംബവും രോഗമുക്തി നേടി തിരികെ ഇറ്റലിയിലേക്ക് മടങ്ങി. തോമസും മറിയാമ്മയും റാന്നിയിലെ വീട്ടില്‍ തന്നെ. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇരുവരും സന്തോഷത്തോടെ ഒരുമിച്ച് കഴിയുന്നു. രാവിലെ എണീറ്റ് അൽപനേരം പ്രാർഥിച്ച്, ഒരു കപ്പ് കട്ടൻകാപ്പിയും കുടിച്ചിട്ട് ഊന്നുവടിയും കുത്തിപ്പിടിച്ച് വീടിന്റെ മുകൾവശത്തുള്ള കൃഷിയിടത്തിലേക്ക് ദിവസവും നടന്നുപോയി കാര്യങ്ങളെല്ലാം അന്വേഷിക്കും. ജോലിക്കാരെക്കൊണ്ട് പണികളെല്ലാം കൃത്യമായി ചെയ്യിക്കും. ഇതാണ് 93ആം വയസ്സിലും തോമസ് എബ്രഹാമിന്റെ ദിനചര്യ. ഭക്ഷണം പാകം ചെയ്യാനും വീട്ടിലെ ജോലികൾ ചെയ്യാനുമായി ജോലിക്കാരി ഉണ്ട്. ഏതാവശ്യത്തിനുമായി തൊട്ടടുത്ത് തന്നെ മൂത്ത മകനും കുടുംബവുമുണ്ട്.

Tags:
  • Spotlight