Monday 27 July 2020 11:16 AM IST : By സ്വന്തം ലേഖകൻ

മൃതശരീരം തുമ്മില്ല, ചുമയ്ക്കില്ല! ദഹിപ്പിക്കുന്നതല്ല ആൾക്കൂട്ടങ്ങളാണ് അപകടം; ഡോക്ടറുടെ കുറിപ്പ്

muttambalam

കോവി‍ഡ് പോസിറ്റീവായി മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവം കേരളത്തിനൊന്നാകെ നാണക്കേടാകുകയാണ്. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ(83) സംസ്കാരമാണ് അനാവശ്യ ഭീതിയും അജ്ഞതയും മൂലം അനിശ്ചിതത്വത്തിലായത്. മരിച്ചയാളെ  അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തിയത്. വൈദ്യുതിശ്മശാനത്തില്‍ സംസ്‌കരിക്കുമ്പോള്‍ അതിന്റെ ചാരം പറക്കുമെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നുമായിരുന്നു പ്രദേശവാസികള്‍ക്കിടയില്‍ ആരോ തെറ്റിധാരണ പരത്തിയത്.  മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ നടത്തി.  മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെ സംസ്ക്കരിക്കുകയായിരുന്നു. വിഷയത്തിൽ സോഷ്യൽ മീഡിയയില്‍ ചർച്ചകൾ പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ ജിനേഷ്. പിഎസ്.

 ശരീരസ്രവങ്ങളിലൂടെയാണ് കോവിഡ് പകരുന്നത്. മൃതദേഹങ്ങളിൽ നിന്ന് സ്രവങ്ങൾ പുറത്തെത്താത്ത രീതിയിൽ പൊതിഞ്ഞാണ് കൈമാറുന്നത്. വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കാൻ അനുവദിക്കാതിരുന്നത് ക്രൂരതയാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. കുറിപ്പിങ്ങനെ:

ന്റെ പൊന്നു സുഹൃത്തുക്കളെ,

വൈദ്യുതി ശ്മശാനത്തിൽ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോട്ടയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നു കേൾക്കുമ്പോൾ വ്യസനമുണ്ട്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്. ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല.

മൃത ശരീരത്തിൽ നിന്നുള്ള സ്രവങ്ങൾ മൂലം രോഗം പകരാൻ സാധ്യത ഇല്ലേ എന്നാണെങ്കിൽ അപൂർവമായി അങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, ഓരോ ശരീരവും ആശുപത്രികളിൽ നിന്ന് അത്രയേറെ ശ്രദ്ധയോടെ ആണ് കൈമാറുന്നത്. ഒരു രീതിയിലും സ്രവങ്ങൾ പുറത്തെത്തില്ല എന്നുറപ്പിക്കാൻ പ്ലാസ്റ്റിക് ബാഗിലാണ് കൈമാറുന്നത്. അതായത് ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തിൽ നിന്ന് വൈറസ് പകരാൻ സാധ്യതയില്ല എന്നു ചുരുക്കം. എങ്കിലും മൃതശരീരം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അത്രയും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്.

ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധി ആയിക്കോട്ടെ, പകരാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ മൃതസംസ്കരണ മാർഗമാണ് ദഹിപ്പിക്കുക എന്നത്. ദഹിപ്പിക്കുമ്പോൾ മറ്റുള്ളവർക്ക് റിസ്ക് കൂടുന്ന ഒരേ ഒരു മരണ രീതിയേയുള്ളൂ, റേഡിയോ ആക്ടീവ് പോയ്സണിംഗ്. ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുകയിൽ റേഡിയോആക്റ്റിവിറ്റിയുള്ള കണങ്ങൾ കാണാനുള്ള സാധ്യത കൊണ്ടാണിത്. അതല്ലാതെ ഏതൊരു സാഹചര്യത്തിലും സുരക്ഷിതമായ മാർഗമാണ് ഇത്. കോവിഡ് മരണങ്ങളിൽ ഇങ്ങനെ മൃതദേഹം ദഹിപ്പിക്കുന്നതല്ല അപകടം, ആൾക്കൂട്ടങ്ങളാണ് അപകടം. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിൽ ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരാം.

എന്നിട്ടും മൃതശരീരം സംസ്കരിക്കുന്നത് തടയുകയാണെങ്കിൽ, മനുഷ്യത്വം എന്നത് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് അർത്ഥം. ഇവിടെ കോവിഡ് ബാധിച്ചവരുടെ മൃതദേഹം സംസ്കരിച്ചാൽ താൻ ആത്മഹത്യ ചെയ്യും എന്ന് പ്രതിഷേധിക്കുന്ന ഒരു സ്ത്രീ പറഞ്ഞു കേട്ടു. അവരൊക്കെ എന്തു മാത്രം തെറ്റിദ്ധരിച്ചിട്ടുണ്ടാവണം.

ദയവുചെയ്ത് ഇങ്ങനെയുള്ള അവസരത്തിൽ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്. ആ പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിപ്പിക്കരുത്. നാളെ നമുക്ക് ആർക്കും ഈ അസുഖം പിടിപെടാം എന്ന് മറക്കരുത്. ഇന്ത്യയിൽ ഏറ്റവും ആദ്യം സമ്പൂർണ സാക്ഷരത കൈവരിച്ച കോട്ടയത്താണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. സങ്കടകരമാണ്...