Monday 06 April 2020 05:25 PM IST : By സ്വന്തം ലേഖകൻ

ആറ് ഭാഷകളിൽ കോവിഡ്‌ സഹായവുമായി സുപ്രിയ; അതിഥി തൊഴിലാളിയായെത്തി അധ്യാപികയായ സുപ്രിയയുടെ കഥ കേൾക്കാം

Odisha

കോവിഡ് കാലത്ത് എറണാകുളം കളക്ടറേറ്റിലെ കൺട്രോൾ റൂമിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ ഫോൺ വിളികൾക്ക് കയ്യും കണക്കുമില്ല. ജോലി നഷ്ടപ്പെട്ടതിന്റെ ആകുലതകളും നാട്ടിലെത്താൻ സാധിക്കാത്തതിന്റെ നിരാശയുമൊക്കെ പങ്ക് വെക്കുന്ന പല ഭാഷകളിലെ ഈ ഫോൺ വിളികൾക്ക് സാന്ത്വനത്തിന്റെയും കരുതലിന്റെയും മറുപടി നൽകുന്നത് സുപ്രിയ ദേബ്നാഥ് എന്ന ഒഡിഷക്കാരിയാണ്. ഒഡിയ, ബംഗാളി, ആസ്സാമീസ്, ഹിന്ദി, ബംഗ്ലാദേശി, മലയാളം തുടങ്ങി ആറു ഭാഷകൾ അനായാസമായി കൈ കാര്യം ചെയ്യുന്ന സുപ്രിയയാണ് ജില്ലാ ഭരണകൂടത്തിന്റെ മൈഗ്രന്റ് ലിങ്ക് വർക്കർ ആയി കൺട്രോൾ റൂമിൽ ഇപ്പോൾ ഉള്ളത്.

അഞ്ചു വർഷങ്ങൾക്കു മുൻപ് ഒഡിഷയിലെ കേന്ത്രപാരാ ജില്ലയിൽ നിന്നും ഭർത്താവ് പ്രശാന്ത് കുമാർ സമലിനൊപ്പം കേരളത്തിൽ എത്തിയതാണ് സുപ്രിയ. സർവ ശിക്ഷ അഭിയാൻ, അതിഥി തൊഴിലാളികളുടെ മക്കൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിക്കുന്ന തരത്തിൽ വിദ്യാലയങ്ങളിൽ സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പിലാക്കിയപ്പോൾ, സുപ്രിയ ആ പദ്ധതിയുടെ ഭാഗമായി അധ്യാപികയായി. വർഷങ്ങളായി മലയിടം തുരുത്ത് ജി.എൽ.പി സ്കൂളിലെ അധ്യാപികയാണ് സുപ്രിയ. ഒപ്പം സർക്കാരിന്റെ രോഷ്നി പദ്ധതിയുടെ ഭാഗമായി എഡ്യൂക്കേഷൻ വോളന്റിയറുടെ ജോലിയും ഏറ്റെടുത്തു.

അവധി കാലത്ത് സ്വദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. അതോടെ തത്കാലം യാത്ര വേണ്ടെന്നു വെച്ചു സുപ്രിയ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി പ്രത്യേക കൺട്രോൾ റൂം തുടങ്ങുന്നത് അറിഞ്ഞപ്പോൾ മൈഗ്രന്റ് ലിങ്ക് വർക്കർ എന്ന ചുമതല സ്വമേധയാ ഏറ്റെടുത്തു.

ക്യാമ്പുകളിലെയും മറ്റും ഭക്ഷണ വിതരണം സംബന്ധിച്ച ചോദ്യങ്ങൾ ആണ് കൺട്രോൾ റൂമിൽ കൂടുതലായി വരുന്നതെന്ന് സുപ്രിയ പറയുന്നു. ചിലപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിളിയെത്തും. അവർക്ക് പക്ഷെ അറിയേണ്ടത് കോവിഡ് കാലത്ത് എങ്ങനെ സുരക്ഷിതമായി ഇരിക്കണം എന്ന വിവരങ്ങൾ ആണ്.

സുപ്രിയയുടെ മകൾ നാലു വയസുകാരി ശുഭസ്മിത. പുതിയ അധ്യയന വർഷത്തിൽ അധ്യാപികയുടെ ജോലി തുടരുന്നതോടൊപ്പം പഠനം തുടരാനുള്ള തയ്യാറെടുപ്പിലുമാണ് സുപ്രിയ. പന്ത്രണ്ടാം ക്ലാസ്സിൽ അവസാനിച്ച വിദ്യാഭ്യാസം വീണ്ടെടുക്കണം എന്നതാണ് ലക്ഷ്യം. ഹിന്ദിയിൽ ബിരുദം നേടണമെന്നാണ് ആഗ്രഹമുണ്ട്.

കടപ്പാട്: പിആർഡി, കൊച്ചി