Monday 27 July 2020 11:30 AM IST : By സ്വന്തം ലേഖകൻ

‘തന്റെ വീട്ടിൽ കൊണ്ടുപോടോ എന്ന് ആക്രോശിച്ച നേതാവ് അറിയുന്നുണ്ടോ?’; ഓർമ്മിപ്പിച്ച് ഡോക്ടറുടെ കുറിപ്പ്

covid-nelson

അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കോട്ടയത്തെ കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ചു. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ(83) സംസ്കാരമാണ് അനാവശ്യ ഭീതിയും അജ്ഞതയും മൂലം അനിശ്ചിതത്വത്തിലായത്. വൈദ്യുതിശ്മശാനത്തില്‍ സംസ്‌കരിക്കുമ്പോള്‍ അതിന്റെ ചാരം പറക്കുമെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നുമായിരുന്നു പ്രദേശവാസികള്‍ക്കിടയില്‍ ആരോ തെറ്റിധാരണ പരത്തിയത്. വിഷയം സോഷ്യൽ‌ മീഡിയ ചർച്ചയാക്കുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. നെൽസൺ ജോസഫ്. സന്നദ്ധപ്രവർത്തകർ അടക്കം രാഷ്ട്രീയവും മതവുമില്ലാതെ സേവനം ചെയ്യുന്ന നൂറുകണക്കിനാളുകളാണ് ഈ കോവിഡ് പോരാട്ടത്തിൽ നമ്മുടെ മുന്നണിയിലുള്ളത്. അവരെല്ലാം സമാനമായ രീതിയില്‍ കോവിഡ് പകരുമെന്ന പേരിൽ നിസഹകരണം പ്രഖ്യാപിച്ചാൽ എന്തു ചെയ്യു‌മെന്ന് ഡോ. നെൽസൺ ജോസഫ് ചോദിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

" തന്റെ വീട്ടിൽ കൊണ്ടുപോടോ " എന്ന് ആക്രോശിക്കുന്നയാളുടെ വീഡിയോ കണ്ടു.

സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട്, ഒരുപക്ഷേ അയാൾ സമാധാനമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ എത്തിയതാവാം, നേതാവ് പറയുന്ന വാക്കുകളാണ്.

വീട്ടിൽ കൊണ്ടുപോയിട്ടുണ്ട് സർ.

അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായപ്പോൾ ഒരു മാസം മാത്രം പ്രായമായ കുഞ്ഞിന്റെ റിസൾട്ട് നെഗറ്റീവ്.

ഒരു മാസക്കാലം കുഞ്ഞിനൊപ്പം ക്വാറൻ്റൈനിൽ കഴിഞ്ഞ ഡോ. മേരി അനിതയെക്കുറിച്ച് വായിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.

അയലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പ് കടിച്ചു.

നിലവിളി കേട്ട് ക്വാറൻ്റൈനെക്കുറിച്ച് ആലോചിക്കാതെ ഓടിയെത്തി കുഞ്ഞിനെയുമായി ആശുപത്രിയിലെത്തിയത് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പാണത്തൂര്‍ യൂണിറ്റ് കണ്‍വീനര്‍ കൂടിയായ സഖാവ് ജിനിൽ മാത്യു.

വീട്ടിൽ കൊണ്ടുപോയവരുണ്ട്, വീട്ടിലേക്ക് ഓടിയെത്തിയവരുമുണ്ട്..

ഉദാഹരണങ്ങൾ മാത്രമാണ്.

സന്നദ്ധപ്രവർത്തകർ അടക്കം രാഷ്ട്രീയവും മതവുമില്ലാതെ സേവനം ചെയ്യുന്ന നൂറുകണക്കിനാൾക്കാരുണ്ട്.

അങ്ങനെയുള്ളവർ മറിച്ച് ചിന്തിച്ചിരുന്നെങ്കിലോ സർ?

കൃത്യമായി ശാസ്ത്രീയമായി സംസ്കരിക്കുന്ന മൃതശരീരത്തിൽ നിന്ന് കൊവിഡ് പകരുവാനുള്ള സാദ്ധ്യത അപൂർവമാണ്.

ദഹിപ്പിക്കുമ്പൊ ഉണ്ടാവുന്ന പുകയിലൂടെ വരുന്ന കണങ്ങളിൽ നിന്ന് രോഗം പകരും എന്ന് വിശ്വസിക്കുന്നത് തെറ്റിദ്ധാരണയാണ്.

മൃതശരീരം തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ആ സ്രവങ്ങൾ തെറിക്കില്ല. അങ്ങനെ പടരില്ല.

എന്നാൽപ്പോലും ഒരു ചെറിയ സാദ്ധ്യത പോലും ഒഴിവാക്കാനുള്ള മുൻ കരുതലുകളാണ് എടുക്കുന്നത്.

അതിനെക്കാൾ അപകടം ആളുകൾ ശാരീരിക അകലം പാലിക്കാതെ ഒത്തുചേരുമ്പൊഴാണെന്ന് അവരെ പറഞ്ഞ് മനസിലാക്കണം.

അത് വിശദീകരിക്കാനും തെറ്റിദ്ധാരണ നീക്കുവാനും ശ്രമിക്കുമ്പൊ ഇത്തരം ആക്രോശങ്ങൾ നടത്തുന്നത് എന്ത് കഷ്ടമാണ് സർ.

അവരുടെ തെറ്റിദ്ധാരണ മാറ്റുവാനുള്ള അവസരമെങ്കിലും ഉണ്ടാവണം.

ഇല്ലെങ്കിൽ സമ്പൂർണ സാക്ഷരതയെക്കുറിച്ച് പറഞ്ഞിട്ടെന്താണ് സർ കാര്യം?