Friday 23 October 2020 04:09 PM IST : By സ്വന്തം ലേഖകൻ

കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത! കോവിഡ് രോഗിയെ ആശുപത്രി മുറിയില്‍ കെട്ടിയിട്ടു; പരാതി നല്‍കി ബന്ധുക്കള്‍

covid-patient

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗിയോട് അധികൃതരുടെ കണ്ണില്ലാത്ത ക്രൂരത. വയോധികയായ സ്ത്രീയെ ആശുപത്രിയില്‍ കെട്ടിയിട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിക്കാണ് ഈ ദുര്‍ഗതി. വിഷയം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്‍കി.

കുട്ടനല്ലൂര്‍ കോവിവിഡ് സെന്ററില്‍ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അഡ്മിഷന്റെ സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താന്‍ ആശുപത്രി അധികരനോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടര്‍ന്ന് കട്ടിലില്‍ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. രോഗിയെ കെട്ടിയിടുന്ന സംഭവമുണ്ടായി. 

ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. കുഞ്ഞിബീവിയെ കട്ടിലില്‍ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

അതേസമയം കെട്ടിയിട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൂപ്രണ്ടിന് പ്രിന്‍സിപ്പലും നിര്‍ദേശം നല്‍കി.