Wednesday 21 April 2021 02:03 PM IST : By സ്വന്തം ലേഖകൻ

മാസ്കില്ലെങ്കിൽ 500, കർഫ്യുവിൽ ഇറങ്ങിയാൽ 2000, ക്വാറന്റീൻ ലംഘനത്തിന് 2000; രോഗവ്യാപനം തടയാൻ കനത്ത പിഴയുമായി പൊലീസ്

1200-kerala-covid-police.jpg.image.845.440

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്നും പിഴ കർശനമായി ഈടാക്കാൻ പൊലീസിനു നിർദേശം. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ ലംഘിച്ച് കൂട്ടംചേരലോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപയാണ് പിഴ. കോവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെനിന്നും ആരെങ്കിലും അനാവശ്യമായി പുറത്തുപോകുകയോ ചെയ്താലും 500 രൂപ പിഴ ഈടാക്കും.

രാത്രി കർഫ്യു സമയത്ത് അനാവശ്യമായി സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപയാണു പിഴ. നിരോധനം ലംഘിച്ചുകൊണ്ട് പൊതു സ്ഥലങ്ങളിൽ യോഗങ്ങൾക്കോ വിവാഹ – മരണാനന്തര ചടങ്ങുകൾക്കോ മറ്റു മതാഘോഷങ്ങൾക്കോ കൂട്ടം കൂടിയാൽ 5000 രൂപ പിഴയീടാക്കും. അടച്ചുപൂട്ടാനുള്ള നിർദേശങ്ങൾ നിലനിൽക്കേ അതു ലംഘിച്ചു സ്കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ തുറന്നു പ്രവർത്തിപ്പിച്ചാൽ 2000 രൂപയുമാണു പിഴ.

ക്വാറന്റീൻ ലംഘനത്തിന് 2000 രൂപ, അതിഥി തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപ, പൊതുസ്ഥലത്ത് മാസ്ക് വയ്ക്കാതിരുന്നാൽ 500 രൂപ, പൊതുസ്ഥലത്ത് അകലം പാലിക്കാതിരുന്നാൽ 500 രൂപ, വിവാഹ ചടങ്ങുകൾക്കോ ആഘോഷങ്ങൾക്കോ അനുവദനീയമായ ആളുകളിൽ കൂടുതൽപേർ പങ്കെടുക്കുകയോ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 5000 രൂപ, മരണാനന്തര ചടങ്ങുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ 2000 രൂപ എന്നിങ്ങനെയാണു പിഴ ചുമത്തുക.

for latest updates

Tags:
  • Spotlight