Wednesday 12 August 2020 12:34 PM IST

‘ഒന്നരമാസം ഗർഭിണിയായിരിക്കേ കോവിഡ് വന്നു; കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നായിരുന്നു ടെൻഷൻ’

Tency Jacob

Sub Editor

girrbjbjbhdrseaa

നമ്മുടെ നാട്ടിൽ കോവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. അസുഖം വരുമോയെന്ന ഭയം എല്ലാവരിലുമുണ്ട്. അസുഖബാധിതരായാൽ പിന്നീട് എന്തായിരിക്കും സംഭവിക്കുക? എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ? നേരെ വെന്റിലേറ്ററിൽ കയറ്റുമോ? സഹിക്കാനാകാത്ത വേദനയുണ്ടോ? ഒരുപാട് മരുന്നുകൾ വേണോ? തുടങ്ങിയ സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് രോഗത്തെ തോൽപിച്ച ഗ്രീഷ്മ.

കോവിഡൊരുക്കിയ വിഷുക്കണി

ഖത്തറിൽ നിന്ന് തിരിച്ചെത്തിയ കൊല്ലം വെളുന്തറ കടയ്ക്കൽ കൃഷ്ണാലയത്തിൽ ഗ്രീഷ്മ ബാലുകൃഷ്ണന് ഒന്നരമാസം ഗർഭിണിയായിരിക്കേയാണ് കോവിഡ് സ്ഥിരീകരിച്ചത്. 

‘‘കൊറോണ ലോകമെങ്ങും പടരുന്നതറിഞ്ഞു പെട്ടെന്നു നാട്ടിലേക്കു വരികയായിരുന്നു. കോവിഡാണെന്നു അറിഞ്ഞ സമയത്ത് മനസ്സിലൂടെ പോയത് എന്തൊക്കെയെന്ന് പറഞ്ഞറിയിക്കാൻ ആകില്ല. മരണഭയമല്ലേ മനുഷ്യനെ ഏറ്റവും തളർത്തുന്നത്. 

കോവിഡ് രോഗത്തിന്റെ തുടക്കകാലം ആയിരുന്നതുകൊണ്ട് എന്തു ചെയ്യണമെന്നതിനെ കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലായിരുന്നു. മനസ്സിലാകെയുള്ളത് പത്രങ്ങളിലും ടിവിയിലും മറ്റും കാണുന്ന മരണക്കണക്കുകൾ മാത്രം.’’

പ്ലസ്ടു ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുമ്പോഴാണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് ബാലുകൃഷ്ണന് ഖത്തറിലായിരുന്നു ജോലി. അങ്ങനെ ഞാനും അവിടെയെത്തി. ജോലി ശരിയായി വന്നപ്പോഴാണ് കൊറോണ പടർന്നു പിടിക്കുന്നത്.ഗർഭകാലത്തിന്റെ തുടക്കമായതുകൊണ്ട് പെട്ടെന്നു തന്നെ നാട്ടിലേക്കു പോരാൻ തീരുമാനിച്ചു. 

നാട്ടിൽ വന്നു ക്വാറന്റീനിലായി. പന്ത്രണ്ടാം ദിവസം കൊല്ലം പാരിപ്പള്ളിയിലെ ഗവൺമെന്റ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റിനെ കാണാനായി പോയപ്പോൾ ഡോക്ടറുടെ നിർദേശമനുസരിച്ചാണ് കോവിഡ് ടെസ്റ്റ് നടത്തിയത് .രണ്ടു ദിവസം കഴിഞ്ഞപ്പോൾ പൊസിറ്റിവ് റിസൽറ്റ് വന്നു. ഒമാൻ വഴിയാണ് വന്നത്. അവിടെ എട്ടു മണിക്കൂറോളം ഉണ്ടായിരുന്നു. അവിടെ നിന്നാണോ, ഫ്ലൈറ്റിൽ നിന്നാണോ അസുഖം പകർന്നതെന്നു അറിയില്ല. വൈകുന്നേരമായപ്പോൾ ആംബുലൻസ് വന്നു. ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. തൊണ്ടയിൽ ചെറിയൊരു അസ്വസ്ഥതയുണ്ട് എന്നല്ലാതെ മറ്റൊരസുഖവും ഉണ്ടായിരുന്നില്ല. 

ഗർഭിണിയായതുകൊണ്ട് അധികം മരുന്നുകൾ തന്നിട്ടില്ല. ഭർത്താവിനെയും മാതാപിതാക്കളേയും ഹോസ്പിറ്റലിൽ കൊണ്ടുവന്നിട്ടുണ്ടായിരുന്നെങ്കിലും വേറൊരു മുറിയിലാണ് താമസിപ്പിച്ചത്. ടെസ്റ്റ് നടത്തിയപ്പോൾ അവർക്ക് നെഗറ്റീവായതുകൊണ്ട് വീട്ടിലേക്ക് അയച്ചു.

കുട്ടിയുടെ കാര്യമോർക്കുമ്പോൾ സമാധാനമുണ്ടായിരുന്നില്ല. ഇതുകൊണ്ട് കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന ആകുലത. എന്റെ ചിന്തകൾ മനസ്സിലാക്കിയിട്ടാകണം  ഡോക്ടേഴ്സ് എപ്പോഴും സമാധാനവാക്കുകൾ പറയു    മായിരുന്നു. സ്കാനിങ്ങും ചെയ്തു. കുഴപ്പമൊന്നുമില്ലെന്ന് അ റിഞ്ഞപ്പോഴാണ് കുറച്ച് ധൈര്യമായത്. 

ആ സമയത്താണ് പത്തനംതിട്ടയിലെ എൺപതു വയസ്സുള്ള അപ്പൂപ്പനും അമ്മൂമ്മയും കോവിഡ് ഭേദമായി പുറത്തിറങ്ങിയത്. അതുകൂടിയായപ്പോൾ ധൈര്യമായി. ‘എനിക്കും ഇതിൽ നിന്നു പുറത്തു കടക്കാം’ എന്നു തോന്നി. പിന്നെ, എല്ലാവരും എന്റെ ചുറ്റിലും എപ്പോഴും ഉണ്ടായിരുന്നു.

കരുതലിന്റെ സ്നേഹം

ഗർഭിണിയായതുകൊണ്ട് ഭക്ഷണം കൊണ്ടുവരുന്ന ചേച്ചിമാർക്കൊക്കെ പ്രത്യേക കരുതലായിരുന്നു. ഭക്ഷണം മുഴുവൻ കഴിച്ചോന്നു നോക്കും. എന്നും ഡോക്ടർമാർ വന്നു കാര്യങ്ങള്‍ അന്വേഷിക്കും. പിപിഇ കിറ്റും മാസ്ക്കും ഇട്ടു വരുന്നതുകൊണ്ട് ആരേയും തിരിച്ചറിയാൻ പറ്റില്ല. രാവിലെ പത്രവും  മാഗസിനുകളും ബുക്കുകളുമൊക്കെ തരും. പിന്നെ, ഫോണുണ്ടായിരുന്നല്ലോ. വീട്ടുകാർ തുടരെ വിളിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.13 ദിവസം ആശുപത്രിയിൽ. പിന്നെ, 28 ദിവസം വീട്ടിൽ ക്വാറന്റീനിൽ. ചിലർക്കൊക്കെ ഇപ്പോഴും പേടിയുണ്ട്. അടുത്തു വന്നാൽ പകരുമോ എന്നൊക്കെ. അത്തരം പെരുമാറ്റം അൽപം വിഷമിപ്പിച്ചിരുന്നു. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും നല്ല സപ്പോർട്ടായിരുന്നു. നാട്ടിലെ സംസാരങ്ങളൊന്നും അവരെന്നെ അറിയിച്ചില്ല.

ഈ ആശുപത്രിക്കാലത്ത് എനിക്ക് ഒരിക്കലും മറക്കാനാകാത്തൊരു ഒാർമയുണ്ട്. ഹോസ്പിറ്റലിൽ ആയിരുന്ന സമയത്തായിരുന്നു വിഷു. എനിക്കു വേണ്ടി മാത്രമായി അന്ന് ആശുപത്രിയിൽ വിഷുക്കണിയൊരുക്കി. പുലർച്ചെ വാതിലിൽ തട്ടിവിളിച്ചു ജനാലവിരി മാറ്റി കണി കാണിച്ചു. അതെന്നെ അദ്ഭുതപ്പെടുത്തി. ഞാൻ ഹോസ്പിറ്റലിലായതുകൊണ്ട് വീട്ടിൽ ക ണിയൊന്നും ഒരുക്കിയില്ല. വീട്ടിലേക്കു പോകുന്ന ദിവസവും പിന്നീടൊരു ദിവസം ചെക് അപ്പിന് പോയപ്പോഴും പരിചരിച്ചവരെല്ലാം വന്നുകണ്ട് സ്നേഹം അറിയിച്ചു.’’ 

Tags:
  • Spotlight