Wednesday 09 September 2020 12:03 PM IST : By സ്വന്തം ലേഖകൻ

പനിയില്ലെങ്കിലും നെഞ്ചുവേദനയും അമിത ക്ഷീണവും അവഗണിക്കരുത്; ചിലപ്പോള്‍ കോവിഡ് പോസിറ്റിവ് ആകാം

covidddd7765nnnn

കോവിഡ് 19 നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ പനിയില്ലെങ്കിലും നെഞ്ച് വേദന, അമിതക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ കണ്ടാൽ അവഗണിക്കരുതെന്ന് ഹൃദ്രോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തില്‍ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ ഡോക്ടര്‍മാര്‍ പങ്കുവച്ചത്. 

കൊറോണ വൈറസിന് ഹൃദയമിടിപ്പ് കുറയ്ക്കാനും കൂട്ടാനുമൊക്കെ കഴിയുമെന്നും സാധാരണ ഹൃദയമിടിപ്പില്‍ വ്യതിയാനം കണ്ടെത്തിയാല്‍ ഉടൻതന്നെ വൈദ്യസഹായം തേടാന്‍ മടിക്കരുതെന്നും ഹൃദ്രോഗ വിദഗ്ധനായ ഡോ. മൊഹ്‌സിന്‍ വാലി പറയുന്നു. 

രക്തധമനികളില്‍ ക്ലോട്ടുണ്ടാക്കാനും ഹൃദയപേശികളുടെ കാര്യക്ഷമത കുറയ്ക്കാനും ഹൃദയമിടിപ്പ് ഉയര്‍ത്താനും കൊറോണ വൈറസിന് സാധിക്കുമെന്ന് ഫോര്‍ട്ടിസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ കാര്‍ഡിയോളജി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അശോക് സേത്ത് ചൂണ്ടിക്കാണിക്കുന്നു. 

യുവാക്കളുടെ ശ്വാസകോശത്തില്‍ കോവിഡ് മൂലം രൂപപ്പെടുന്ന ക്ലോട്ടുകള്‍ ശ്വാസതടസ്സവും കുറഞ്ഞ രക്തസമ്മര്‍ദവും കുറഞ്ഞ ഓക്‌സിജന്‍ ലഭ്യതയുമുണ്ടാക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുവാക്കളില്‍ ഇത് പക്ഷാഘാതത്തിനു വരെ കാരണമാകാം. 

തുടക്കത്തില്‍ ശ്വാസകോശത്തിനു മാത്രം ക്ഷതമേല്‍പ്പിക്കുമെന്ന് കരുതിയ കോവിഡ് ഒട്ടുമിക്ക അവയവങ്ങളുടെയും അന്തകനാകാമെന്നാണ് പുതിയ പഠനങ്ങള്‍ അടിവരയിടുന്നത്. അതിനാല്‍തന്നെ രോഗം വരാതെ സൂക്ഷിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Tags:
  • Spotlight