Tuesday 11 August 2020 03:23 PM IST : By സ്വന്തം ലേഖകൻ

കോവിഡ് വ്യാപനം രൂക്ഷം, സ്കൂളുകൾ ഉടൻ തുറക്കില്ല; മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി കേന്ദ്രം

covid-school

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നു. നിലവില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി അമിത് ഖരെ പാര്‍ലമെന്‍ററി സമിതിയെ അറിയിച്ചു. 2020–21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്നും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി അമിത് ഖരെ പാര്‍ലമെന്‍റി സമിതി യോഗത്തില്‍ അറിയിച്ചു. സ്ഥിതി മെച്ചമാകുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. നവംബര്‍ - ഡിസംബര്‍ മാസത്തോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ അറുപത് ശതമാനം പേര്‍ക്കും ഓണ്‍ലൈന്‍ വഴി പഠനം സാധ്യമാകുന്നുണ്ടെന്ന സര്‍വേ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 

ഓണ്‍ലൈന്‍ വഴി പഠനം സാധ്യമാകാത്തവരുടെ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്താകും പരീക്ഷകളുടെ കാര്യം തീരുമാനിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതില്‍ പാര്‍ലമെന്‍ററി സമിതി ആശങ്ക അറിയിച്ചു. കമ്മ്യൂണിറ്റി റേഡിയോ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിഗണിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 കോവിഡ് രോഗികള്‍. 871 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയത്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, യുപി മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്നു. ചികില്‍സ സൗകര്യങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവ വിലയിരുത്തി. 

രാജ്യത്ത്  22,68,675 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 45,257. മരണ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയായി എന്നത് ആശ്വാസമാണ്. 1.99 ശതമാനമാണ് നിലവിലെ മരണ നിരക്ക്. 24 മണിക്കൂറിനിടെ 53,601 കോവിഡ് രോഗികള്‍. 871 മരണവും റിപ്പോര്‍ട്ട് ചെയ്തു. 6,39,929 രോഗികള്‍ ചികില്‍സയിലുണ്ട്. 15,83,489 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 69.80 ശതമാനമാണ്. 

Tags:
  • Spotlight