Wednesday 07 April 2021 02:27 PM IST : By സ്വന്തം ലേഖകൻ

‘18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ ലഭ്യമാക്കണം’; കോവിഡിന്റെ രണ്ടാം വരവിൽ മുന്നറിയിപ്പുമായി ഡോ. സുൽഫി നൂഹു

vaccinn4455hjggjj

കോവിഡിന്റെ രണ്ടാം വരവ് നേരിടാൻ വാക്സീൻ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും  ലഭ്യമാകണമെന്ന അഭിപ്രായവുമായി  ഐഎംഎ സോഷ്യൽ മീഡിയ വിങ് നാഷനൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. 

ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം; 

എല്ലാവർക്കും വാക്സീൻ 

രണ്ടാം വരവ് നേരിടാൻ കോവിഡ് 19 വാക്സീൻ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ലഭ്യമാകണം. രണ്ടാം വരവിൽ മരണനിരക്കും രോഗതീവ്രതയും കുറവായിരിക്കും എന്നുള്ളത് സത്യം. മിക്കവാറും എല്ലാ രാജ്യങ്ങളിലും രണ്ടാംവരവ് ഉണ്ടായി. ഭാരതം മാത്രം വ്യത്യസ്തമാകാൻ സാധ്യതയില്ല. എന്നാൽ പല രാജ്യങ്ങളിലും ആദ്യഘട്ടങ്ങളിൽ രണ്ടാംവരവ് ഉണ്ടായപ്പോൾ കൃത്യമായ ചികിത്സ രീതികളും ആശുപത്രികളിലെ മുന്നൊരുക്കങ്ങളും തീരെ അപര്യാപ്തമായിരുന്നു.

എന്നാൽ അതിന് വിപരീതമായി ചികിത്സാരീതികളും ആശുപത്രികളിലെ മുന്നൊരുക്കങ്ങളും വാക്സീൻ ലഭ്യതയും കൂടിയാകുമ്പോൾ രണ്ടാം വരവിലെ തീവ്രത മുൻ കാലങ്ങളിൽ മറ്റു രാജ്യങ്ങളിൽ ഉണ്ടായതുപോലെ അതീവ അപകടകരംമാകണമെന്നില്ല. ഇപ്പോൾ ലഭ്യമായ രോഗപ്രതിരോധ മാർഗങ്ങളിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ചത് വാക്സീൻ തന്നെയാണ്. അതുകൊണ്ടുതന്നെ  18 വയസ്സിനു താഴെയുള്ള എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുവാൻ അടിയന്തരമായി നടപടികൾ ഉണ്ടാകണം.

ഏതാണ്ട് എട്ടുകോടി ജനതയ്ക്ക് ഭാരതത്തിൽ വാക്സീൻ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഒരു കോടി ആൾക്കാർ മാത്രമാണ് രണ്ടു ഡോസും കഴിഞ്ഞ് പരിപൂർണ്ണ രോഗപ്രതിരോധശേഷി ആർജ്ജിച്ചത്. അവശേഷിക്കുന്ന ഏഴു കോടിയിലും രണ്ടാം കുത്തിവയ്പിന് സമയമായി വരുന്നതേയുള്ളൂ.

അതുകൊണ്ടുതന്നെ ഭാരതത്തിലും കേരളത്തിലുടനീളവും വാക്ക് ഇൻ വാക്സീൻ സെന്ററുകൾ ഉടൻ ആരംഭിക്കണം.18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകുവാനുള്ള നടപടികൾ ഉണ്ടാവുകയും ചെറുകിട സ്വകാര്യ ആശുപത്രികളെയും വാക്സീൻ നെറ്റ്വവർക്കിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നുള്ളത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യപ്പെടേണ്ടതാണ്.

അപ്പൊ ഇനി 18ന് മുകളിൽ എല്ലാവർക്കും വാക്സീൻ?

Tags:
  • Spotlight
  • Social Media Viral