Tuesday 28 July 2020 10:42 AM IST : By സ്വന്തം ലേഖകൻ

‘ഡോക്ടറേ, സ്വാബ് എടുക്കാൻ പോണോ? ഇതങ്ങു വന്ന് പൊക്കോളൂല്ലേ?’; കോവിഡിന് വീട്ടിൽ ചികിത്സ അന്വേഷിക്കുന്നവർ, കുറിപ്പ്

APTOPIX Virus Outbreak Mideast Iran Representative Image

സംസ്ഥാനത്ത് വളരെ വേഗത്തിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിവരുകയാണ്. ഓരോരുത്തരും സ്വയം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അതേസമയം കോവിഡ് ഒരു സാധാരണ പനി പോലെ ആരും അറിയാതെ വന്നുപോകുമെന്ന് കരുതുന്നവരുമുണ്ട്. ഈ വിഷയത്തിൽ ഇൻഫോക്ലിനിക് പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാണ്.  

ഇൻഫോക്ലിനിക്‌ പങ്കുവച്ച കുറിപ്പ് വായിക്കാം; 

"ഡോക്ടറേ, സ്വാബ് എടുക്കാൻ പോണോ? ഇതങ്ങു വന്ന് പൊക്കോളൂല്ലേ?"

കൊവിഡ് പ്രൈമറി കോണ്ടാക്റ്റ് ആണ് എന്ന് കരുതി വീട്ടു നിരീക്ഷണത്തിൽ ആകാൻ നിർദേശിച്ച ആളാണ് ഫോണിന്റെ അങ്ങേത്തലയ്ക്കൽ. പരിശോധിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തരാമെന്നും പരിശോധന എത്രത്തോളം പ്രധാനമാണ് എന്നും ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ആൾ പിന്നെയും...

"വേറൊന്നും വിചാരിക്കല്ലേ... ടെസ്റ്റ് എടുത്തിട്ട് എങ്ങാനും പോസിറ്റീവ് ആയാല് എനിക്കാ ഓഡിറ്റോറിയത്തില് പോയി നിക്കാമ്പറ്റില്ല. വേറൊന്നുമല്ലാട്ടോ... എനിക്കീ പബ്ലിക് ടോയ്‌ലറ്റിൽ പോവാനും ഒക്കെ വലിയ പാടാ. ഇവിടെ ഞാൻ ഇപ്പൊ സൂക്ഷിക്കണ പോലെ തന്നെ ശ്രദ്ധിച്ച് നിന്നോളാം. ഡോക്ടർക്കതൊന്ന് ഏർപ്പാടാക്കാമ്പറ്റ്വോ? "

ഈ ദിവസങ്ങളിൽ കേരളത്തിലങ്ങോളമിങ്ങോളം ഉള്ള ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗവും ഒരു തവണയെങ്കിലും സമാനമായ ഒരു ചോദ്യം കേട്ടിട്ടുണ്ടാവും.

എന്താണ് മേൽപ്പറഞ്ഞ ആ ഓഡിറ്റോറിയത്തിലെ ചികിത്സാ കേന്ദ്രം?

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC ) എന്നാൽ കോവിഡ് രോഗബാധിതരായ എന്നാൽ ലക്ഷണങ്ങൾ ഒട്ടുമേ ഇല്ലാത്തതോ, വളരെ ലഘുവായ ലക്ഷണങ്ങൾ മാത്രം ഉള്ളവരോ ആയ മറ്റു രോഗങ്ങളോ അറിയാവുന്ന അപകടസാധ്യതകളോ ഇല്ലാത്ത രോഗികളെ കിടത്തി നിരീക്ഷിക്കുന്ന താൽക്കാലിക ചികിത്സാ കേന്ദ്രങ്ങൾ. ഇതുവരെ കേരളത്തിൽ ഉള്ള രോഗികളിൽ 60 %ത്തോളം പേർ ഈ വിഭാഗത്തിൽ പെടുന്നവരായിരുന്നു.

ഇത്തരം ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾക്ക് ചില നേട്ടങ്ങളും ഉണ്ട് കോട്ടങ്ങളും ഉണ്ട്?

എന്തൊക്കെയാണവ എന്ന് നോക്കാം,

A. അപകടാവസ്ഥകൾ എന്തെങ്കിലും ഉടലെടുക്കുന്നുണ്ടോ എന്ന് ആരോഗ്യപ്രവർത്തകർക്കു നിരീക്ഷിക്കാം, അപകടസാധ്യത നേരത്തെ തിരിച്ചറിഞ്ഞു കോവിഡ് ആശുപത്രിയിലേക്ക് റെഫർ ചെയ്യാം.

രോഗലക്ഷണങ്ങൾ തീരെ ഇല്ലെങ്കിൽ പോലും ചില രോഗികൾക്ക് പെട്ടന്ന് രോഗം മൂർച്ഛിക്കാം. അപൂർവ്വമായി ആണെങ്കിലും ഇത്തരം ചില ഗുരുതരാവസ്ഥകൾ ചിലർക്ക് പെട്ടന്ന് വരാം.

ഉദാ: 1. ഹാപ്പി ഹൈപ്പോക്സിയ എന്ന പ്രതിഭാസം-

രക്തത്തിലെ ഓക്സിജൻ താഴുമ്പോൾ തുടക്കത്തിൽ രോഗിക്ക് ശ്വാസം മുട്ടൽ അറിയപ്പെടാതെ തുടരാം എന്നാൽ രോഗാവസ്ഥ അപകടത്തിലേക്ക് പോവാം.

2. മയോകാർഡൈറ്റിസ് എന്നറിയപ്പെടുന്ന ഹൃദയഭിത്തിക്കുണ്ടാവുന്ന തകരാർ.

B. എന്നാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതെ ഐസൊലേഷനിൽ ഇരിക്കാൻ വീട്ടിൽ സൗകര്യം ഇല്ലാത്തവർക്ക് ഇത്തരം കേന്ദ്രങ്ങൾ വലിയ സഹായകരമാകും.

C. CFLTC കളിൽ എപ്പോഴും നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാകുമെന്നതിനാൽ, നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിച്ച് വീട്ടിലും നാട്ടിലും ഉള്ളവർക്ക് രോഗം പകർത്താനുള്ള സാധ്യത കുറയ്ക്കാം.

എന്നാൽ ന്യൂനതകൾ,

ആശയം നന്നെങ്കിലും ഇത് പ്രാവർത്തികമാക്കി, നടത്തിക്കൊണ്ട് പോവുന്നതിന് വേണ്ട ഭീമമായ മാനുഷിക പ്രയത്നവും, മറ്റു ബുദ്ധിമുട്ടുകളും.

രോഗികളുടെ എണ്ണം കൂടി വരുമ്പോൾ മാനുഷിക വിഭവശേഷിയിലെ അപര്യാപ്തതകൾ/ ചെലവാക്കേണ്ടി വരുന്ന തുകയുടെ അളവ് എന്നിവ കൂടും.

രോഗലക്ഷണങ്ങളില്ലതിരിക്കേ വീട്ടിൽ നിന്ന് മാറി പൊതുയിടത്തു കിടക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ, അപര്യാപ്തതകൾ ഒക്കെ മാനേജ് ചെയ്യേണ്ടി വരുന്നത് സർക്കാർ സംവിധാനങ്ങളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കും.

നിലവിൽ തന്നെ പ്രശ്നങ്ങൾ ചിലയിടങ്ങളിലെങ്കിലും ആരംഭിച്ചിരുന്നു,

ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചതിനാലും നാട് നീളെ നടന്നു ടെസ്റ്റ് ചെയ്യേണ്ടതിനാലും ഒ പി വരെ പരിമിതപ്പെടുത്തിയ ഒരു ആശുപത്രിയുടെ മേധാവിയോട് കോവിഡ് ഫസ്റ്റ്ലൈൻ കേന്ദ്രത്തിലേക്ക് ഡോക്ടർ അടക്കം സ്റ്റാഫിനെ വിട്ടുനൽകാൻ ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ആവശ്യപ്പെട്ട വാർത്ത കേട്ടു.

അല്ലേൽ തന്നെ ദുർബലയും ഗർഭിണിയുമാണ് ആശുപത്രി. പെരിഫെറിയിലേക്ക് സ്റ്റാഫിനെ നൽകാനുള്ളത് പോയിട്ട് സ്വന്തം സ്ഥാപനം ഓടിച്ചുകൊണ്ട് പോകാൻ പോലും സ്റ്റാഫും ഇല്ല എന്നത് പറയേണ്ടല്ലോ.

എന്താണ് പ്രായോഗിക തലത്തിൽ ചെയ്യാവുന്നത് എന്നത് സംബന്ധിച്ച് ചില ചിന്തകൾ മുന്നോട്ടു വെക്കുന്നു.

1. വീട്ടിൽ ചികിത്സ ??

നെറ്റി ചുളിക്കണ്ട, രോഗികളുടെ എണ്ണം കൂടുമ്പോൾ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ അത് തന്നെയാണ് നടപ്പാക്കിയത്. വീട്ടിലെ ചികിത്സ സംബന്ധിച്ച് മെയ് മാസത്തിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി കേരളത്തിന്റെ പ്രോട്ടോക്കോൾ രൂപപ്പെടുത്തി നടപ്പാക്കുന്നത് സർക്കാർ അടിയന്തിരമായി പരിഗണിക്കുന്നത് ഉചിതമാവും എന്ന് കരുതുന്നു.

രോഗികൾ വീട്ടിൽ തുടരുന്നത് റിസ്ക് അല്ലേ?

തീരെ റിസ്കില്ല എന്ന് പറയാനാവില്ല. എങ്കിലും ആ സാഹചര്യത്തെ യുക്തിപൂർവ്വം പ്രായോഗിക ബുദ്ധിയോടെ നേരിട്ടാൽ റിസ്ക് പരമാവധി ഒഴിവാക്കി ഒരുപാട് ധന/സാങ്കേതിക/ മനുഷ്യ വിഭവശേഷിയുടെ ദുർവ്യയം കുറയ്ക്കാൻ കഴിയും.

ആരോഗ്യ സംവിധാനം തളരുന്നത് പരിമിതമാക്കി, ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയും ഊർജ്ജവും കൂടുതൽ ഗുരുതരമായ രോഗാവസ്ഥ ഉള്ളവരെ ചികില്സിക്കുന്നതിലേക്ക് കേന്ദ്രീകരിക്കാൻ കഴിയും.

ആരെയൊക്കെ വീട്ടിൽ ഇരുത്തി ചികിൽസിക്കാമെന്നു നോക്കാം.

A) അടിസ്ഥാന ആരോഗ്യം/സൗകര്യം:

1) കാറ്റഗറി A വിഭാഗത്തിൽ, രോഗലക്ഷണങ്ങൾ പരിമിതമായ, അനുബന്ധരോഗങ്ങൾ ഒന്നും ഇല്ലാത്തവർ.

2) വീട്ടിൽ രോഗിക്ക് കഴിയാൻ ആവശ്യമായ ബാത്ത് അറ്റാച്ഡ് റൂം + കുടുംബത്തിന്റെ പരിരക്ഷ ഉള്ളവർ.

3) വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ നിർദേശത്തിലും നിരീക്ഷണത്തിലും ആയിരിക്കണം. ഏതു സമയത്തും ഏതു സാഹചര്യത്തിലും അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉണ്ടായിരിക്കണം. എന്തെങ്കിലും അടിയന്തര ആവശ്യങ്ങൾ ഉണ്ടായാൽ അവരെ ബന്ധപ്പെടണം. അവരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ എത്തേണ്ട സാഹചര്യം ഉണ്ടെങ്കിൽ അതിനും തയ്യാറായിരിക്കണം.

4) വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്താനുള്ള ഗതാഗതസൗകര്യം ഉണ്ടായിരിക്കണം. ഏതെങ്കിലും സാഹചര്യവശാൽ അടിയന്തരമായി ആശുപത്രിയിൽ പോകേണ്ട സാഹചര്യം വന്നാൽ ആംബുലൻസ് ലഭ്യത ഉണ്ടാവണം. അവശ്യ സമയത്ത് ആരോഗ്യപ്രവർത്തകരും ആയി ബന്ധപ്പെടുകയും താമസം ഉണ്ടാകാതെ ഏകോപനത്തോടെ പ്രവർത്തിക്കുകയും വേണം. ഇതിനാവശ്യമായ ആംബുലൻസ് നെറ്റ്‌വർക്ക് സജ്ജീകരിക്കുന്നത് ഭാവിയിലും ഗുണകരമായിരിക്കും.

അതുപോലെ ഏതെങ്കിലും സാഹചര്യവശാൽ ആംബുലൻസ് ലഭ്യമല്ലെങ്കിൽ ഫോൺ വിളിച്ചാൽ കിട്ടുന്ന വാഹനം ലഭ്യമായിരിക്കണം. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട്, ആവശ്യമായ മാറ്റങ്ങൾ വരുത്തിയ വാഹനങ്ങളുടെ ഒരു നെറ്റ്‌വർക്ക് രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് നന്നാവുമെന്ന് തോന്നുന്നു.

5) കൂടെ താമസിച്ചിരുന്ന ഹൈറിസ്ക് ഉള്ള കുടുംബാംഗങ്ങളെ മാറ്റി താമസിപ്പിക്കുവാൻ സാധിക്കണം. (<10 വയസ്സുള്ള കുട്ടികൾ, ഗർഭിണികൾ, >65 ഉള്ള മുതിർന്ന പൗരൻമാർ, ഭിന്നശേഷിയുള്ളവർ, ക്യാൻസർ, വൃക്കരോഗം, രോഗപ്രതിരോധശേഷി കുറയുന്ന ഗൗരവമുള്ള രോഗങ്ങൾ ബാധിച്ചവർ) അല്ലെങ്കിൽ വീട്ടിൽ തന്നെ ഈ ഗ്രൂപ്പിൽ ഉള്ളവർക്ക് റിവേഴ്‌സ് ക്വാറന്റൈൻ സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം. അവരെ പരിചരിക്കാനുള്ള ആളും സൗകര്യങ്ങളും ഉണ്ടാവണം. യാതൊരു കാരണവശാലും കോവിഡ് പോസിറ്റീവ് ആയ ആളിൽ നിന്നും വൈറസ് ഇവരിലേക്ക് എത്തിപ്പെടാൻ പാടില്ല.

B) വീട്ടിൽ ഇരുത്തുന്നതിന് വേണ്ട അനുബന്ധം:

1) രോഗിയുടെയും കുടുംബാംഗങ്ങളുടെയും അവബോധം വർധിപ്പിക്കാൻ ടെസ്റ്റിംഗ് സമയത്ത് തന്നെ മൊബൈലിലോ അതില്ലാത്തവർക്ക് നോട്ടീസുകൾ ആയോ രോഗികളും സമൂഹവും ശ്രദ്ധിക്കേണ്ട പ്രായോഗിക കാര്യങ്ങൾ നൽകണം.

2) മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടോ എന്നറിയാനുള്ള ചോദ്യങ്ങളും, ഉണ്ട് എങ്കിൽ പ്രാഥമികമായി ടെലികൗൺസിലിംഗും നൽകണം.

3) മേല്പറഞ്ഞ ഘട്ടങ്ങളിലൂടെ സ്ക്രീൻ ചെയ്യപ്പെട്ട പോസിറ്റീവ് ആയ ഒരാളെ അയാളുടെ അടിസ്ഥാന ഉത്തരവാദിത്തവും മാനസിക അവസ്ഥയും അറിയാനുള്ള സ്ക്രീനിങ് ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ മാത്രം വീടുകളിൽ കഴിയാൻ അനുവാദം നൽകിയാൽ മതി.

C) അടിയന്തിര ആരോഗ്യ പരിരക്ഷ വീട്ടിൽ ഇരിക്കുന്നവരിൽ

1) ഹാപ്പി ഹൈപോക്സിയയും, Myocardial infarction/myocarditis ആണ് നിലവിൽ അഭിമുഖീകരിക്കാവുന്ന അടിയന്തിര ശാരീരിക ആരോഗ്യപ്രശ്നങ്ങൾ.

2) ആശാ പ്രവർത്തകർ, ഫീൽഡ് സ്റ്റാഫ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നിരന്തരം ഇവരെ ഫോണിലൂടെ ബന്ധപ്പെട്ട് സൗഖ്യം അന്വേഷിക്കാം, വേണ്ട നിർദ്ദേശങ്ങൾ നൽകാം.

3) ടെലി മെഡിസിൻ സംവിധാനത്തിലൂടെ ആവശ്യമുള്ള രോഗികൾക്ക് ഡോക്ടറുമായി സംവദിക്കാം. 24 മണിക്കൂറും ടെലി മെഡിസിൻ സുഗമമായി ആയി പ്രവർത്തിക്കാൻ സാധിക്കുന്ന സൗകര്യം ഉണ്ടാവണം.

4) ടെക്നോളജിയുടെ കാലമല്ലേ, വീടുകളിൽ വെക്കുന്ന വയർലെസ് എമർജൻസി അലാം സ്വിച്ച് ഉപകാരം ചെയ്യും. വാങ്ങാൻ കഴിയുന്നവർ ഓക്സിജൻ തോത് അറിയാനുള്ള പൾസ് ഓക്സിമീറ്റർ, ഹാർട്ട് റേറ്റ്, ബ്ലഡ്‌ പ്രഷർ എന്നിവ അളക്കാവുന്ന സ്മാർട്ട്‌ വാച്ചുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും. സന്നദ്ധ പ്രവർത്തകർക്കോ ഉദാരമതികൾക്കോ ഇത് വാങ്ങി നൽകാം.

3) അല്ലാത്തവർക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് പൾസ് ഓക്സിമീറ്ററും തെർമോമീറ്ററും അലാം സ്വിച്ചും വാങ്ങി, വാടകക്ക്/ബോണ്ട്‌ അടിസ്ഥാനത്തിൽ നൽകാം.

ഇവയുടെ ഉപയോഗവും അളവുകോലുകളും പ്രതിദിനം/എസ് ഒ എസ് ആയി രോഗി ആരോഗ്യപ്രവർത്തകനെ അറിയിക്കണം.

രണ്ടാഴ്ച ഒരാൾക്ക് നൽകുന്ന ഭക്ഷണം, തുടങ്ങിയ recurring expense നെ അപേക്ഷിച്ചു ഇത് ഒരു investment ആണ്. സാമ്പത്തികമായി നോക്കിയാൽ ലാഭവുമാണ്.

4 ) വീട്ടിൽ ചികിത്സയ്ക്കായി വിടുന്നവരിൽ ചിലരെങ്കിലും പൗരൻ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം നിർവ്വഹിക്കാതെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു രോഗവ്യാപന സാധ്യത കൂട്ടാനിടയുണ്ട് എന്ന ആശങ്ക അസ്ഥാനത്തല്ല എന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു.

എന്നാൽ ഇത് പരമാവധി ഒഴിവാക്കാൻ ചില നടപടിക്രമങ്ങൾ ആവാം.

ഉദാ: a. കാര്യത്തിന്റെ ഗൗരവത്തെ പറ്റി കൃത്യമായ നിർദ്ദേശങ്ങളും അവബോധനവും തുടക്കം മുതൽ ഒടുക്കം വരെ നൽകുക.

b. രോഗത്തെയും റിസ്കുകളെയും സംബന്ധിച്ച കൃത്യമായി അധികാരികളിൽ നിന്ന് അറിഞ്ഞു എന്നും ഇതിന് പ്രകാരം നിബന്ധനകൾ കൃത്യമായും പാലിച്ചു കൊള്ളാം എന്നും, അഥവാ ഇത് ലംഘിച്ചാൽ എപ്പിഡെമിക് ആക്ട് പ്രകാരമുള്ള നടപടികൾ നേരിടും എന്നും മനസ്സിലാക്കുന്നു എന്ന് പ്രതിപാദിക്കുന്ന ഇൻഫോംഡ് കൺസെന്റ് / undertaking ഒപ്പിട്ടു നൽകുന്നവരെ മാത്രം വീട്ടു ചികിത്സയിൽ ഉൾപ്പെടുത്തുക.

c. GPS ട്രാക്കിങ് ഡിവൈസുകൾ, ആപ്പുകൾ പോലുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് രോഗിയെ മോണിറ്റർ ചെയ്യുക.

d. സമ്പർക്ക വിലക്കുള്ളവരെ മോണിറ്റർ ചെയ്യാൻ ഉപയോഗിച്ചിരുന്നത് പോലെ അയൽവാസികൾ, ജനമൈത്രി പോലീസ് സംവിധാനം എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണം ഏർപ്പെടുത്തുക.

e. വിലക്ക് ലംഘിക്കുന്ന ആളുകൾക്കെതിരെ ഫൈൻ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാ നടപടികൾ മുഖം നോക്കാതെ താമസം വിനാ നടപ്പാക്കുക.

ഇതൊന്നും സാധിക്കാത്തവരെ ആരോഗ്യ സംവിധാനങ്ങൾക്ക് അമിതസമ്മർദ്ദം ഉണ്ടാക്കാത്ത തരത്തിൽ ക്രമീകരിച്ചിരിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിൽ ചികിത്സിക്കുന്നതാവും ഉചിതം.

അങ്ങനെ വരുമ്പോൾ ഫസ്റ്റ്ലൈൻ സെന്ററുകളുടെ ആവശ്യകതയും, അതിലെ രോഗികളും ബാഹുല്യവും കുറയും.

ഇവരിൽ തന്നെ രോഗത്തിന്റെ തീവ്രത കുറയുന്നത് അനുസരിച്ചു വീടുകളിലോ സ്വകാര്യ ആശുപത്രികളിലോ തുടർചികിത്സ സാധ്യമെങ്കിൽ അത് ഡോക്ടറുടെ നിർദ്ദേശപ്രകാരം സാധ്യമാക്കണം.

ആശുപത്രിവാസം പരമാവധി കുറയ്ക്കും വിധം മാറിയ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിൽ പ്രോട്ടോകോളുകൾ കാലതാമസം വിനാ പരിഷ്കരിക്കണം.

സദുദ്ദേശ പരമായ മാറ്റങ്ങളെ പൊതുസമൂഹവും, രാഷ്ട്രീയ നേതാക്കളും, മാദ്ധ്യമങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കണം. ഇത്തരം വിഷയങ്ങളിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കണം. പ്രായോഗികമായ ഏറ്റവും മികച്ച സേവനം നല്കുക എന്നത് മാത്രമാവണം ലക്ഷ്യം.

വൈറസ്സിന്റെ നീക്കങ്ങൾക്കു ഒരു പടി മുന്നേ കരുക്കൾ നീക്കിയാൽ മാത്രമേ നാം വിജയിക്കൂ, ഇതിൽ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിന്റെയും സഹകരണം വളരെ പ്രധാനമാണ്.

കോവിഡ്നെ സംബന്ധിച്ചു ദീർഘകാലപ്ലാൻ ആവശ്യമാണ്. പരിശീലനം മുതൽ കെട്ടുറപ്പും കോഓർഡിനേഷനും വരെ ചുരുങ്ങിയ സമയം കൊണ്ട് ചെയ്യുന്നത് വെല്ലുവിളിയുമാണ്.

ഭാവിയിലെ പ്രശ്നങ്ങൾ കണ്ട് ആസൂത്രണം ചെയ്യുക, ഇന്നത്തെ ശരികളും തെറ്റുകളും മാറിനിന്ന് മനസ്സിലാക്കുക, വിഭവങ്ങൾ വിവേകപൂർവ്വം ഒരുക്കുകയും വിനിയോഗിക്കുകയും ചെയ്യുക, നല്ല ആശയങ്ങൾ ആരിൽ നിന്നും സ്വീകരിക്കുക, എങ്കിൽ ഒരു പ്രതിസന്ധിക്കും നമ്മെ തോൽപ്പിക്കാൻ ആകില്ല..

ഈ വിഷയത്തിൽ കോവിഡ് ബ്രിഗേഡ് എന്നൊരു ആശയം ഉയർന്നുവന്നിട്ടുണ്ട്. പ്രളയത്തിന്റെ സമയത്തും ഇങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നു. താല്പര്യമുള്ള സേവന സന്നദ്ധരായ ഓരോ വ്യക്തിയെയും അവരവർക്ക് സാധിക്കുന്ന രീതിയിൽ സഹകരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്നതാണ് ഏറ്റവും അഭികാമ്യം.

എഴുതിയത്: Dr. Javed Anees, Dr. Deepu S & Dr. Jinesh P S

Tags:
  • Spotlight
  • Social Media Viral