Friday 09 April 2021 12:36 PM IST : By സ്വന്തം ലേഖകൻ

പ്രതലങ്ങളിലും വസ്തുക്കളിലും സ്പര്‍ശിച്ചതു കൊണ്ട് കൊറോണ പകരാനുള്ള സാധ്യത കുറവ്; പുതിയ മാർഗനിർദേശങ്ങളുമായി സിഡിസി

1201746532

പ്രതലങ്ങളിലും വസ്തുക്കളിലും സ്പര്‍ശിച്ചതു കൊണ്ട് കൊറോണ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന പഠനവുമായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമോ വായുവിലൂടെയുള്ള വൈറസിന്റെ പകര്‍ച്ചയോ ആണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണമെന്ന് സിഡിസി പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിൽ പറയുന്നത്.

ഈ സാഹചര്യത്തിൽ ശുചീകരണത്തിന് പ്രത്യേക അണുനാശിനികളുടെ ആവശ്യമില്ലെന്നും സോപ്പോ ഡിറ്റര്‍ജെന്റോ ഉപയോഗിച്ചുള്ള ലളിതമായ രീതി മതിയാകുമെന്നും സിഡിസി പറയുന്നു. അതേസമയം കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിൽ അണുനശീകരണം നടത്താനും സിഡിസി ശുപാര്‍ശ ചെയ്യുന്നു. 

ഒപ്പം ഫോഗിങ്ങ്, ഫ്യൂമിഗേഷന്‍, ഇലക്ട്രോസ്റ്റാറ്റിക് സ്‌പ്രേയിങ്ങ് തുടങ്ങിയ അണുനാശന മുറകള്‍ സിഡിസി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ശുപാര്‍ശ ചെയ്യുന്നില്ല. മാസ്‌കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെയും ഇടയ്ക്കിടെ കൈകള്‍ കഴുകുന്നതിലൂടെയും പ്രതലങ്ങളിലൂടെയുള്ള രോഗവ്യാപനം ചെറുക്കാനാകുമെന്നും സിഡിസി കൂട്ടിച്ചേര്‍ക്കുന്നു.

Tags:
  • Spotlight