Saturday 11 July 2020 02:15 PM IST : By സ്വന്തം ലേഖകൻ

‘മനുഷ്യന്റെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുന്ന ഒന്നാകരുത് വിദ്യാഭ്യാസം; ഈ കോവിഡ് കാലം പഴഞ്ചൻ രീതികളിൽ മാറ്റമുണ്ടാക്കുമോ?’; കുറിപ്പ്

naheetvgugh778

കൊറോണ വൈറസിന്റെ അതിവ്യാപനം മൂലം രാജ്യത്ത് സ്‌കൂളുകൾ തുറക്കുന്നത് അനിശ്ചിതമായി നീളുകയാണ്. ഓൺലൈൻ പഠനമാണ് ഇക്കാലത്തെ ഏക ആശ്രയം. മുൻപുണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഈ കോവിഡ് കാലത്തിനു കഴിയുമോ എന്നാണ് പ്രധാനമായും ചിന്തിക്കേണ്ടത്. ഈ വിഷയത്തിൽ സാഹിത്യകാരനായ നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. "ലോകത്തെ തന്നെ മാറ്റി മറിക്കാൻ സാധ്യതയുള്ള ഈ കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രീതികളിൽ മാറ്റമുണ്ടാക്കുമോ 'ടോട്ടോച്ചാനും', താങ്ങാവുന്ന വിദ്യാഭ്യാസ'വുമൊക്കെ വെറുതെ വായിച്ചു രസിക്കാനുള്ള പുസ്തകങ്ങളല്ലല്ലോ. കുട്ടികളെ അറിഞ്ഞുകൊണ്ടുള്ള പഠനരീതികളെ കുറിച്ച് ഇനിയെങ്കിലും ഗൗരവമായി ചിന്തിച്ചു തുടങ്ങുമോ?"- നജീബ് മൂടാടി ചോദിക്കുന്നു.

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

എന്തിനാ പഠിക്കുന്നേ!

കഴിഞ്ഞ ഒരു നൂറ്റാണ്ടിന്‌ മുമ്പത്തെ മനുഷ്യർ- മുതിർന്നവരായാലും കുട്ടികളായാലും- ഇക്കാലത്തുള്ള ആളുകളെക്കാൾ ഏറ്റവുമധികം മനഃസമാധാനം അനുഭവിച്ചിട്ടുണ്ടാവുക ഏതു കാര്യത്തിലായിരിക്കും? ഇന്നത്തെ മാതാപിതാക്കൾക്കും മക്കൾക്കുമിടയിൽ ഏറ്റവുമധികം സംഘർഷമുണ്ടാവുന്നതും, രക്ഷിതാക്കൾ കുട്ടികളെ ഏറ്റവുമധികം വഴക്കുപറയുന്നതും, മക്കൾ മാതാപിതാക്കളെ വെറുത്തു തുടങ്ങുന്നതും എന്ത് കാരണത്താലാണ്? എല്ലാറ്റിനും ഒരു ഉത്തരമേയുള്ളൂ കുട്ടികളുടെ പഠനം. ബുദ്ധിയുറയ്ക്കുന്ന കാലം മുതൽ മരണം വരെ നമ്മുടെ നാട്ടിലെങ്കിലും മനുഷ്യന്റെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുന്ന ഒരു കാര്യമാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ 'കൊടുവാളെടുക്കുന്നതിന്' മുമ്പ് ഒന്ന് ആലോചിച്ചു നോക്കുക.

മൂന്നോ നാലോ വയസ്സിൽ തുടങ്ങുന്ന KG ക്ലാസ്സു മുതൽ ഒരു മനുഷ്യജീവിയുടെ സമാധാനവും സന്തോഷവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു തുടങ്ങുകയാണ്. ഉറക്കം കളി ദിവാസ്വപ്നങ്ങൾ സങ്കല്പലോകങ്ങൾ ഇതിനൊക്കെയുമുള്ള വലിയൊരു സമയം പഠനം എന്ന ഒറ്റക്കാര്യത്തിനായി നീക്കി വെക്കേണ്ടി വരുന്നു. ആദ്യമായി മാതാപിതാക്കൾ ശകാരിച്ചു തുടങ്ങുന്നു. അധ്യാപകർ വഴക്കു പറയുന്നു. ഇതൊക്കെ പേടിച്ച് കുട്ടി പഠനമെന്ന നിലയില്ലാക്കയത്തിൽ നീന്തി തുടങ്ങുന്നു. പിന്നീട് അങ്ങോട്ടുള്ള പഠനകാലം മുഴുവൻ ആ കുട്ടിയുടെയും മാതാപിതാക്കളുടെയും ജീവിതം തന്നെ കുട്ടിയുടെ പഠനത്തെ ചുറ്റിപ്പറ്റിയാണ്. 

മാതാപിതാക്കളുടെ ജോലി, വീടുവെക്കുന്നത്, ആഘോഷങ്ങൾ രോഗവും മരണവുമടക്കം എല്ലാം തന്നെ മക്കളുടെ പഠനം ക്ലാസ്സ് വിദ്യാലയം പരീക്ഷ തുടർപഠനം തുടങ്ങിയ കാര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. മക്കളുടെ മാർക്ക് ഗ്രേഡ് പഠന നിലവാരം ഇതൊക്കെയാണ് വീടിനകത്തായാലും ദാമ്പത്യത്തിലായാലും വഴക്കിനും ആഹ്ലാദത്തിനുമൊക്കെ കാരണമാകുന്നത്. പഠനത്തിലെ മികവാണ് സമൂഹം ഒരാളെ അംഗീകരിക്കാനുള്ള പ്രധാന കാരണമെന്നും പഠനത്തിൽ പിന്നോട്ടാവുന്നവൻ വീട്ടുകാരുടെയും അധ്യാപകരുടെയും ബന്ധുക്കളുടെയുമൊക്കെ വഴക്കും ശാപവും അർഹിക്കുന്നവനാണെന്നുമുള്ള ധാരണ ചെറുപ്പം മുതൽ ഉറച്ചു പോകുന്നു. അങ്ങനെ വല്ല വിധേനയും പഠിച്ചു മുന്നേറി വല്ല ജോലിയും സമ്പാദിച്ചു വിവാഹം കഴിഞ്ഞു കുട്ടിയുണ്ടാവുന്നതോടെ ഇതു തന്നെ അടുത്ത തലമുറയിലേക്കും ആവർത്തിക്കുന്നു.

ശരിക്കും ഒന്നാലോചിച്ചു നോക്കൂ. ജീവിതത്തിന്റെ നല്ല കാലത്ത് എല്ലാ സ്വസ്ഥതയും സമാധാനവും സന്തോഷവും ഇല്ലാതാക്കി ടെൻഷനും വഴക്കും ഇഷ്ടം പോലെ അനുഭവിച്ച് ഈ പഠിച്ചതൊക്കെയും എത്രപേർക്ക് ജീവിതത്തിൽ ഉപകാരപ്പെട്ടിട്ടുണ്ടാവും!. എന്തിന് പണ്ട് ഒരുപാട് വഴക്ക് കേട്ടു പഠിച്ച കാര്യങ്ങളൊക്കെ എത്ര പേരുടെ ഓർമ്മയിൽ ഉണ്ടാവും!. ആലോചിച്ചു നോക്കൂ. നമ്മുടെ ജീവിതത്തിലെ വിലയേറിയ സമയവും സന്തോഷങ്ങളും ഇല്ലാതാക്കി നാം പഠിച്ചതിൽ ഏറെയും നമുക്ക് ഒരു ഉപകാരവും ഇല്ലാത്ത കാര്യങ്ങളാണ്. ചുരുങ്ങിയത് പത്താം തരം വരെ എങ്കിലും.

പത്താം തരം വരെ മലയാളം പഠിച്ച ഒരു കുട്ടിക്ക് തെറ്റില്ലാതെ ഒരു മലയാളം വാചകം എഴുതാൻ കഴിയുന്നില്ലെങ്കിൽ, പത്താം തരം വരെ ഇംഗ്ലീഷ് പഠിച്ച ഒരു കുട്ടിയേക്കാളും വൃത്തിയായി കർട്ടൂൺ സിനിമകൾ കണ്ട് ശീലിച്ച ഒരു നാലാം ക്ലാസുകാരൻ ഇംഗ്ലീഷ് പറയുന്നുവെങ്കിൽ, വൃത്തത്തിന്റെ ഉപരിതല വിസ്തീർണ്ണം കണ്ടെത്തലും, പ്ലാസ്റ്റിക് സൾഫറിന്റെ ഗുണദോഷങ്ങളും, അക്ബർ ചക്രവർത്തിയുടെ ഭരണ പരിഷ്കാരവും പത്താം ക്ലാസ്സ് കഴിയുന്നതോടെ മറന്നേ പോവുന്നുവെങ്കിൽ എന്തിനാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ കാര്യമായി പ്രയോജനപ്പെടാത്തതൊക്കെ നിർബന്ധമായി പഠിപ്പിക്കുന്നത്. നമ്മുടെ പാഠ്യവിഷയങ്ങളും പഠനരീതികളും പരീക്ഷാ സമ്പ്രദായവും ഏതോ കാലം മാറേണ്ടതാണെന്ന് വിവരമുള്ളവർ പറയുന്നത് ശരിയല്ലേ?

കൊറോണ മാറി ഇനി ഏതു കാലത്താണ് സ്‌കൂളുകൾ തുടങ്ങുക എന്ന് ഉറപ്പില്ലാത്ത, പഠനം ഓൺലൈനിലേക്ക് മാറിയ ഈ കാലത്തെങ്കിലും ചിന്തിച്ചു തുടങ്ങുമോ കുട്ടികൾക്ക് ആവശ്യമുള്ളത് മാത്രം പഠിക്കാനും പരീക്ഷ മത്സരം എന്നതിന് പകരം കഴിവുള്ളവരെ കണ്ടെത്താനും തേച്ചു മിനുക്കിയെടുക്കാനുമുള്ള ഒരു സംവിധാനമാക്കി മാറ്റാൻ. പ്രകൃതിയിൽ നിന്നും ചുറ്റുപാടിൽ നിന്നും വീട്ടിൽ നിന്നും മുതിർന്നവരിൽ നിന്നും ലഭിക്കാനുള്ള ഒരുപാട് അറിവുകളുടെ വഴികൾ അടച്ചു കളഞ്ഞു കൊണ്ടാണ് നമ്മൾ ചെറിയ പ്രായം മുതൽ കുട്ടികളെ മണിക്കൂറുകളോളം വിദ്യാലയത്തിലും അതും കഴിഞ്ഞ്‌ ഹോം വർക്കും ട്യൂഷനും എന്തിന് അവധിക്കാല കോഴ്‌സുകളിൽ പോലും ചേർത്ത് തകർത്തുകളയുന്നത്.

പതിനെട്ടു വയസ്സിന് താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്ത വാർത്ത നാം ഞെട്ടലോടെ കേൾക്കുമ്പോൾ നമ്മുടെ കുട്ടികൾ എങ്ങനെ മനോബലം ഇല്ലാത്ത തൊട്ടാവാടികൾ ആയിപ്പോയി എന്നു കൂടെ ചിന്തിക്കണം. കരുത്തരായി വളരേണ്ട നമ്മുടെ മക്കൾ ഇങ്ങനെ ദുർബലർ ആയി വളർന്നാൽ ഇതിന്റെ ഭവിഷ്യത്തിനെ കുറിച്ച് മനസ്സിലാക്കാത്തതെന്താണ്. മുത്തുപോലുള്ള മക്കളെ മദ്യവും മയക്കുമരുന്നും ക്രിമിനൽ ജീവിതത്തിലും ആനന്ദം കണ്ടെത്തുവാനും മൂല്യബോധമില്ലാത്തവരായി വളരുവാനും നമ്മുടെ പഠന സമ്പ്രദായവും പരീക്ഷാ രീതികളും പരോക്ഷമയെങ്കിലും കാരണമാകുന്നില്ലേ? പഠിക്കാത്ത മക്കളെ ചൊല്ലി നിരാശയും വഴക്കും ശാപവുമായി കഴിയുന്ന മാതാപിതാക്കളും, അതിന്റെ കുറ്റബോധത്തോടെ എന്നും നീറി ജീവിക്കേണ്ടി വരുന്ന മക്കളും- നമ്മുടെ പഠന രീതി കാരണം മുഴു ജീവിതവും സംഘർഷത്തിലേക്ക് വീണുപോയവരല്ലേ? വിദ്യാഭ്യാസം ഇങ്ങനെ മനുഷ്യരുടെ സന്തോഷവും സമാധാനവും കെടുത്താനുള്ളതാവണമോ?

വിദ്യാഭ്യാസം കൊണ്ട് തന്നെയാണ് മനുഷ്യർക്ക് പുരോഗമനമുണ്ടാവുക. പക്ഷെ കുട്ടിയെ അറിയാത്ത, മനസ്സിലാക്കാൻ ശ്രമിക്കാത്ത 'തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ്' എന്ന രീതിയിലുള്ള നമ്മുടെ വിദ്യാഭ്യാസ രീതി, പഠന-പരീക്ഷാ സമ്പ്രദായം പലപ്പോഴും നമ്മുടെ കുട്ടികളുടെ ഉള്ള കഴിവുകളെ മുരടിപ്പിച്ചു കളയുകയും കാണാപാഠം പഠിക്കുന്ന അറിവുകൾ അടിച്ചേൽപിക്കുകയുമാണ്. വിദ്യാർത്ഥിക്കോ സമൂഹത്തിനോ ഇതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല.

ലോകത്തെ തന്നെ മാറ്റി മറിക്കാൻ സാധ്യതയുള്ള ഈ കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രീതികളിൽ മാറ്റമുണ്ടാക്കുമോ 'ടോട്ടോച്ചാനും', താങ്ങാവുന്ന വിദ്യാഭ്യാസ'വുമൊക്കെ വെറുതെ വായിച്ചു രസിക്കാനുള്ള പുസ്തകങ്ങളല്ലല്ലോ. കുട്ടികളെ അറിഞ്ഞുകൊണ്ടുള്ള പഠനരീതികളെ കുറിച്ച് ഇനിയെങ്കിലും ഗൗരവമായി ചിന്തിച്ചു തുടങ്ങുമോ? അതല്ല ഇനിയുള്ള കാലവും മാതാപിതാക്കൾക്കും കുട്ടികൾക്കും സ്വസ്ഥതയും സമാധാനവുമില്ലാത്ത ഒരേർപ്പാടയി, ആർക്കും ഗുണമില്ലാത്ത കുറെ കാര്യങ്ങൾ തലച്ചോറിൽ നിറച്ചു വെക്കുന്ന ഒന്നായി നമ്മുടെ വിദ്യാഭ്യാസ രീതി തുടരുമോ? ഇനിയെങ്കിലും ആലോചിച്ചു തുടങ്ങണം. കുട്ടിയുടെ കഴിവിനും പ്രാപ്തിക്കും താത്പര്യത്തിനും അനുസരിച്ചുള്ള വിദ്യാഭ്യാസ-പഠന രീതികൾ ആവിഷ്കരിക്കാൻ ഉത്സാഹിക്കുന്നില്ലെങ്കിൽ 'നമ്മുടെ വിദ്യാഭ്യാസം പുരപ്പുറത്തു വീഴുന്ന മഴപോലെയാണ്' എന്ന് പൊയ്ത്തുംകടവിന്റെ കഥയിൽ എഴുതിയപോലെ തുടരും. കുട്ടികൾക്കായാലും മുതിർന്നവർക്കയാലും സന്തോഷം നൽകാത്ത, സ്വസ്ഥത നശിപ്പിക്കുന്ന ഒന്നാണ് വിദ്യാഭ്യാസമെങ്കിൽ ആത്യന്തികമായി എന്ത് പ്രയോജനമാണ് ഈ സംഗതി കൊണ്ടുള്ളത്. 

Tags:
  • Spotlight
  • Social Media Viral