Thursday 13 June 2019 10:28 AM IST : By സ്വന്തം ലേഖകൻ

പശു വിഴുങ്ങിയ അഞ്ചു പവന്റെ മാല കിട്ടിയത് രണ്ടു വർഷത്തിന് ശേഷം; ട്വിസ്റ്റ് ഒളിപ്പിച്ച ആ കഥയിങ്ങനെ!

cow

ദുരൂഹസാഹചര്യത്തിൽ കാണാതായ 5 പവന്റെ താലിമാല 2 വർഷത്തിനു ശേഷം ലഭിച്ചത് ചാണകത്തിൽ നിന്ന്. തൊണ്ടിമുതൽ ലഭിച്ചെങ്കിലും ‘പ്രതി’യെന്നു കരുതുന്ന പശുവിനെ ഇനിയും കണ്ടെത്താനായില്ല; കേസിൽ ദൃക്സാക്ഷികളുമില്ല. അധ്യാപക ദമ്പതികളായ കൊല്ലം വയ്യാനം ഫജാൻ മൻസിലിൽ ഷൂജ ഉൾ മുക്കിനും ഷാഹിനയ്ക്കുമാണു കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തിൽ നിന്നു മാല ലഭിച്ചത്. 

വീടുകളിൽ നിന്നു ചാണകം ശേഖരിച്ചു വിൽപന നടത്തുന്ന കരവാളൂർ സ്വദേശി ശ്രീധരനാണ് 6 മാസം മുൻപ് ഇവർക്കു ചാണകം നൽകിയത്. കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ അഞ്ചിന് ചാണകത്തിനിടയിൽ നിന്നു താലിയും മാലയും ലഭിച്ചു. താലിയിൽ ഇല്യാസ് എന്ന് എഴുതിയിരുന്നു. മാലയുടെ ഉടമയെത്തേടി ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകി.

കഴിഞ്ഞ ദിവസം തുടയന്നൂർ തേക്കിൽ സ്വദേശി ഇല്യാസ് ഫോണിൽ ഷൂജയുമായി ബന്ധപ്പെട്ടു. 2 വർഷം മുൻപു കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നുതന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ, പശുവിനെ ഇല്യാസ് വിറ്റു. 

പല കൈ മറിഞ്ഞ പശു ഇപ്പോൾ എവിടെയെന്ന് ആർക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്പ്. ഇല്യാസാണു മാലയുടെ ഉടമയെന്നു ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏൽപിക്കാനുള്ള തയാറെടുപ്പിലാണ് അധ്യാപക ദമ്പതികൾ. അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ മാല നൽകും.