Monday 17 December 2018 11:03 AM IST : By സ്വന്തം ലേഖകൻ

രക്തംപോലും നിറഞ്ഞ ‘ക്രാക്ക്ഡ് മുട്ടകൾ’, വില ഒന്നരരൂപ; ബേക്കറിയിലെ പലഹാരപ്രേമികൾ ഈ തട്ടിപ്പൊന്നു കാണണം

egg

എഗ്ഗ് പഫ്സും, ഓംലറ്റും, മുട്ടറോസ്റ്റുമൊക്കെ വാങ്ങിക്കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഒരു നിമിഷമൊന്ന് ശ്രദ്ധിക്കൂ. രക്തം പോലും നിറഞ്ഞ ‘ക്രാക്ക്ഡ്’ മുട്ടകളായിരിക്കും ഈ ഭക്ഷണസാധനങ്ങളിൽ കുത്തിനിറച്ച് നിങ്ങൾക്കു നൽകുന്നത്. തമിഴ്നാട്ടിലെ ഹാച്ചറികളിൽ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകൾ കൊള്ളലാഭം മുന്നിൽക്കണ്ട് ബേക്കറികളും ഹോട്ടലുകളും വാങ്ങിക്കൂട്ടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. രക്തവും ജൈവമാലിന്യങ്ങളും ഇടകലർന്ന പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തേക്ക് കയറ്റിയയ്ക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്.

ഉദുമല്‍പ്പേട്ടിലെ മുട്ട മൊത്തക്കച്ചവടക്കാരനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. ബേക്കറിയാവശ്യത്തിനു മുട്ട വേണമെന്നു പറഞ്ഞപ്പോൾ ക്രാക്ക്ഡ് മുട്ട കൊണ്ടു പോകാനായിരുന്നു വ്യാപാരിയുടെ ഉപദേശം. 21 ദിവസം ഹാച്ചറിയില്‍ വച്ചിട്ടും വിരിയാത്ത മുട്ടകളാണ് ക്രാക്ക്ഡ് മുട്ടയെന്ന പേരില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നും കച്ചവടക്കാരന്‍ പറഞ്ഞു. ഒപ്പം തോടിനു െചറിയ പൊട്ടല്‍ വന്ന മുട്ടകളും ഈ ഗണത്തില്‍ വരും. ബേക്കറികളില്‍ കേക്കും പഫ്സും മറ്റും ഉണ്ടാക്കാന്‍ ഏറിയ പങ്ക് വ്യാപാരികളും ഉപയോഗിക്കുന്നത് ക്രാക്ക്ഡ് മുട്ടയെന്ന പാതിവിരിഞ്ഞ മുട്ടകളാണെന്നും വെളിപ്പെടുത്തി.

പ്രതിദിനം ലക്ഷക്കണക്കിന് ക്രാക്ക്ഡ് മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയിലെത്തുന്നുണ്ട്. നല്ല മുട്ടയൊന്നിന് അഞ്ചു രൂപയാണ് വിലയെങ്കില്‍ ക്രാക്ക്ഡ് മുട്ടയുടെ വില ഒന്നര രൂപ മാത്രം. പ്രതിദിനം ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികള്‍ക്ക് ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണെന്നതും അമ്പരപ്പുളവാക്കുന്നു.