Saturday 25 April 2020 05:27 PM IST : By Shyama

‘ഗവാസ്‌കറി’ എന്നൊരു പേരുണ്ടായിരുന്നു പണ്ടെനിക്ക്; വയറൽ ക്രിക്കറ്റ് കഥ പറഞ്ഞ് ഒഴുകിൽ ബിന്ദു

cricket

ഒരൊറ്റ ക്രിക്കറ്റ്‌ വീഡിയോയിലൂടെ വൈറൽ ആയ ഒഴുകിൽ ബിന്ദുവിന്റെ ഫേസ്ബുക് കുറിപ്പിങ്ങനെ പോകുന്നു...

പതിവ് നടത്തത്തിനിടയിൽ ക്രിക്കറ്റ് കളിക്കാൻ സ്നേഹപൂർവ്വമായ ക്ഷണം.അച്ഛനും മക്കളും ചേർന്ന്. പണ്ട് ശ്ശി കളിച്ചിട്ടുണ്ട്. വെക്കേഷനിൽ കളിക്കാത്ത കളികൾ ഇല്ല.ക്ഷണം സ്വീകരിച്ച് അവരുടെ കൂടെ കുറച്ചു നേരം.'ഗവാസ്ക്കറി'എന്ന കളിപ്പേരും ണ്ടാർന്നു,ആ കാലത്ത്..

ആൺ-പെൺ വേർതിരിവില്ലാതെ എല്ലാരും ചേർന്ന് ക്രിക്കറ്റ്, വോളിബോൾ,ആട്ടക്കളം,ചട്ടീം പന്തും,ചൊട്ടേം മണീം,കാരംബോർഡ്, നൂറാംകോൽ,ചീട്ടു കളി, ഒളിച്ചു കളി,കുട്ടിപ്പുര ഉണ്ടാക്കി കളിക്കൽ, ഗോട്ടി.. ഇങ്ങനെ.വെക്കേഷനിൽ കളി തന്നെ.കല്ല് കളി മാത്രം ലേശം രഹസ്യമായി. കല്ലാടും മുറ്റത്ത് നെല്ലാടില്ല എന്നല്ലേ പറയാ. അത് കുളപ്പുരയിൽ. അല്പം ശങ്കയോടെ...ആ കാലത്തേയ്ക്ക് ഒരു മടക്ക ടിക്കറ്റ് കിട്ടിയിരുന്നേൽ.. എല്ലാരും കൂടി ബഹളമയമായ കൂടൽ.ഒരു മിനുട്ട് ഒഴിവില്ലാതെ കളികൾ.എല്ലാറ്റിനും കൂടെ കാർന്നോമ്മാർ.

ആ കാലമൊന്നും ഇവർക്ക് അറിയില്ലല്ലോ.അതുകൊണ്ട് തന്നെ അമ്മേടെ ബൗളിംഗ് മകന് അത്ഭുതം..കണവനും.ഇത്ര നിരീച്ചില്ലാത്രെ.. ആക്ഷൻ കണ്ട്വോ?സ്പിന്നാട്ടോ... ഇങ്ങനെ പലതരം അഭിപ്രായങ്ങളും. കഴിഞ്ഞു പോയ ആ കാലത്തെ ഓർത്തോർത്ത് ഒരു കളി...

ഇങ്ങനെ പറഞ്ഞ് ബിന്ദു ടീച്ചർ തമാശയ്ക്കിട്ടൊരു വീഡിയോ ലോകം മുഴുവനിങ്ങനെ ചുറ്റിക്കറങ്ങുമെന്ന് ആരോർത്തു... ആ സംഭവത്തെ കുറിച്ച് ടീച്ചർ "പണ്ട് കുട്ടിക്കാലത്ത്‌ എല്ലാരും കൂടി പറമ്പിലൊക്കെ കളിക്കുമ്പോ കളിച്ചിട്ടുണ്ടെന്നല്ലാതെ പിന്നീടിത്തേവരെ ഇല്ല. അതിന് ശേഷം ദേ, ഇപ്പൊഴൊന്ന് പന്തെറിഞ്ഞതാണ് നിങ്ങളൊക്കെ ഈ കാണുന്നത്(ടീച്ചറുടെ നിർത്താതെയുള്ള ചിരി). എന്റെ അച്ഛനും അമ്മാവന്മാർക്കും ഒക്കെ ക്രിക്കറ്റിൽ കമ്പോണ്ടായിരുന്നു, അങ്ങനെയാ എനിക്കും കളി ഇഷ്ടായെ. കല്യാണം കഴിഞ്ഞ ശേഷം ഇങ്ങനെ ക്രിക്കറ്റോ ഒന്നും കളിച്ചിട്ടേയില്ല, അതാണ് ഇപ്പൊ കണ്ടപ്പോ അച്ഛനും മക്കൾക്കും ഇത്ര അത്ഭുതം. ഭർത്താവ് ക്രിക്കറ്റ്‌ കളിയിൽ നല്ല താല്പര്യമുള്ള ആളാണ്, നല്ല ബൗളർ ആണ്. ഇപ്പോഴും മക്കളുടെ കൂടെ കളിക്കാറുണ്ട്. ഇപ്പൊ ലോക്ക്ഡൗൺ കാരണം വേറെ ആൾക്കാരൊന്നും ഇല്ലല്ലോ അതുകൊണ്ട് യാദൃശ്ചികമായി ഞാൻ ചെന്ന് പെട്ടതാണ്. ചെറിയ മകൻ നവനിതാണ് വീഡിയോയിൽ സംസാരിക്കുന്ന ആൾ. പട്ടാമ്പി കോളേജിലെ വിമൻസ് ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ എന്നൊക്കെ അവൻ തമാശയ്ക്ക് പറയുന്നതാ.

പട്ടാമ്പി അടുത്ത് തൃത്താല മേഴത്തൂർ ആണ് നാട്. ഭർത്താവ് രാമൻ നമ്പൂതിരി എക്സ് സർവീസ്മാൻ ആണ്. ഇപ്പൊ ഇവിടെ അമ്പലത്തിലെ പൂജാരി. ഞാൻ തൃത്താല ഡോ. കെ.വി. മേനോൻ ഹയർസെക്കന്ററി സ്കൂളിലെ സംസ്‌കൃതം ടീച്ചർ ആണ്. മക്കൾ രണ്ടാളും സംസ്‌കൃതം തന്നെയാണ് പഠിക്കുന്നത്. മൂത്തമകൻ രാമാനുജൻ എം.എ. ക്ക് പഠിക്കുന്നു. രണ്ടാമൻ നവനീത് കൃഷ്ണൻ ഡിഗ്രിക്ക്.

വീഡിയോ കണ്ട് ധാരാളം പേര് വിളിക്കുന്നുണ്ട്. എനിക്ക് 51 വയസുണ്ട്, ഭർത്താവിന് 58. ചില ക്രിക്കറ്റ്‌ ക്ലബ്ബുകൾ വിളിച്ചിട്ട് ഇനിയും വീഡിയോ എടുത്ത് അയച്ചുകൊടുക്കാൻ പറഞ്ഞിട്ടുണ്ട്,... അവിടെ വരുന്നവരെ ഞങ്ങളുടെ വീഡിയോ കാണിച്ച് മോട്ടിവേറ്റ് ചെയ്യാനാണത്രേ... എനിക്ക് എഴുതും വായനയുമൊക്കയാണ് ഇഷ്ടം. ഇപ്പൊ ഫേസ്ബുക്കിൽ ഒക്കെ എഴുതാൻ അവസരമുണ്ടല്ലോ... ഈ ടെൻഷന്റെ ഒക്കെ ഇടയ്ക്ക് ആൾക്കാർക്ക് ഞങ്ങളടെ വീഡിയോ കണ്ട് സന്തോഷിക്കാൻ ഒരവസരം ഉണ്ടാക്കാൻ പറ്റി അത്രേ വിചാരിക്കുന്നുള്ളു ഇതേപ്പറ്റി."

ടീച്ചറുടെ ക്രിക്കറ്റ്‌ കണ്ടിട്ട് ശിഷ്യർ എന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോൾ വീണ്ടും ചിരി "ശിഷ്യരുടെ എല്ലാവരുടേം സ്റ്റാറ്റസ് ഇപ്പൊ ഞങ്ങളുടെ ക്രിക്കറ്റ്‌ കളിയാണ്."